Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടണിലെ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യദിനാഘോഷം ഗിന്നസ് ബുക്കിലേക്ക്

indian-independence-day-in-britain3 ലണ്ടനിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ ഉദ്ഘാടനം ചെയ്യുന്നു.

ലണ്ടൻ ∙ ജലച്ഛായത്തിൽ പടുകൂറ്റൻ ദേശീയ പതാക പെയിന്റ് ചെയ്ത് ബ്രിട്ടണിലെ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യദിനാഘോഷം. വ്യത്യസ്തമായ ഈ ആഘോഷം ഗിന്നസ് ബുക്കിൽ ഇടം തേടാനുള്ള നടപടികളിലാണ്. ഇതുവരെ പെയിന്റ‌് ചെയ്തിട്ടുള്ള ഏറ്റവും വലിയ ഇന്ത്യൻ ദേശീയ പതാകയാണ് ലണ്ടനിൽ പ്രവാസികൾ തീർത്തത്. ഗിന്നസ് അധികൃതർ ഇതു സ്ഥിരീകരിച്ചാൽ ലോകത്തിന്റെ റിക്കോർഡ് ബുക്കിൽ ഈ പതാക പാറിക്കളിക്കും. പ്രമുഖ ദൃശ്യ കലാകാരനും പെയിന്ററുമായ ജിഗ്നേഷ് പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു കൂറ്റൻ പതാകയുടെ പെയിന്റിങ്.

യുകെ ഏഷ്യൻ ബിസിനസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ലണ്ടനിലെ ഇന്ത്യൻ ജിംഖാന ക്ലബ് അങ്കണത്തിലായിരുന്നു വ്യത്യസ്തമായ ഈ സ്വാതന്ത്ര്യദിനാഘോഷം. കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ മുഖ്യാതിഥിയായിരുന്നു. പതിനായിരത്തോളം പ്രവാസികൾ ആഘോഷങ്ങൾക്കായി ഒത്തുകൂടി. ഇന്ത്യൻ ഹൈക്കമ്മിഷന്റെയും എൻആർഐ ഫോറത്തിന്റെയും വിവിധ ഇന്ത്യൻ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ആഘോഷം ഇന്ത്യൻ ഹൈക്കമ്മിഷണർ ഡോ. നവതേജ് സർണ ദേശീയ പതാക ഉയർത്തിയതോടെ ആരംഭിച്ചു. 25 കുട്ടികൾ ചേർന്നാലപിച്ച ദേശീയഗാനം പ്രത്യേകം ശ്രദ്ധനേടി.

indian-independence-day-in-britain ദേശീയ പതാക പെയിന്റിങിങ്ങിൽ പങ്കെടുത്ത ശേഷം ആഹ്ളാദം പങ്കിടുന്നവർ

പകൽ മുഴുവൻ നീണ്ട ആഘോഷത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാകാരന്മാർ വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിച്ചു. വിവിധയിനം ഇന്ത്യൻ ഭക്ഷണങ്ങൾ സൗജന്യമായി നൽകിയ സ്റ്റാളുകൾ ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി. ആഘോഷത്തിൽനിന്നും സമാഹരിച്ച അമ്പതിനായിരം പൗണ്ട് ചാരിറ്റി പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യും.

ജിംഖാന ക്ലബ് അങ്കണത്തിലെ ഹോക്കി പിച്ചിൽ തടികൊണ്ടുതീർച്ച പ്രതലത്തിലായിരുന്നു റിക്കോർഡ് വലുപ്പത്തിലുള്ള ദേശീയ പതാകയുടെ പെയിന്റിംങ്. ആയിരത്തിലധികം വോളന്റിയർമാർ പെയിന്റിംങ്ങിൽ പങ്കെടുത്തു. ഗിന്നസ് അധികൃതർ റിക്കാർഡ് സ്ഥിരീകരിച്ചാൽ പെയിന്റിംങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഇതു സംബന്ധിച്ച സർട്ടിഫിക്കറ്റ് ലഭിക്കും. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും.

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫസിലും രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഓഫിസ് അങ്കണത്തിൽ ഹൈക്കമ്മിഷണർ ദേശീയ പതാക ഉയർത്തി. ഹൈക്കമ്മിഷനിലെ 180ൽപരം ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും വിവിധ സംഘടനാ പ്രതിനിധികളും ആഘോഷത്തിൽ പങ്കെടുത്തു. രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സ്വാതന്ത്യദിന സന്ദേശം ഹൈക്കമ്മിഷണർ ചടങ്ങിൽ വായിച്ചു. 

Your Rating: