Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് ശക്തമായി തന്നെ തിരിച്ചു വരുമെന്ന് വി.ഡി.സതീശൻ

inoc-04a

വിയന്ന∙ കോണ്‍ഗ്രസ് ഒരിക്കലും തകരില്ലെന്നും കോണ്‍ഗ്രസ് ശക്തമായി തന്നെ തിരിച്ചു വരുമെന്നും വി.ഡി സതീശന്‍ എംഎൽഎ. സ്വകാര്യ സന്ദര്‍ശനത്തിന്റെ ഭാഗമായി വിയന്നയില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള 6 എംഎല്‍എമാര്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും കോണ്‍ഗ്രസ് അനുഭാവികളും ചേർന്നു നല്‍കിയ സ്വീകരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാട്ടിലുള്ളവരെ പോലെത്തന്നെ ഒരു പക്ഷെ അവരേക്കാളും രാഷ്ട്രീയ സാഹചര്യത്തെ കൂടുതല്‍ നോക്കിക്കാണുന്നവരാണ് പ്രവാസികളെന്നും പ്രവാസികളുടെ പിന്തുണ ഏറ്റവും വിലമതിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

inoc-02

കോണ്‍ഗ്രസിന് അകത്ത് നിന്നും പുറത്ത് നിന്നും പ്രതിസന്ധികള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അതൊന്നും കോണ്‍ഗ്രസിനെ തച്ചുടയ്ക്കാന്‍ കെല്‍പ്പുള്ളതല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജയവും തോല്‍വിയുമൊക്കെ സാധാരണമാണ് എന്നാല്‍ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ എക്കാലവും ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും കെപിസിസിയുടെ വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

inoc-03

അണികളെ ആവേശം കൊള്ളിക്കുന്ന പ്രസംഗമായിരുന്നു ചടങ്ങില്‍ കെ. എം ഷാജി നടത്തിയത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ കേരളത്തിലെ പ്രതിനിധിയും കേരള മുസ്ലിം യൂത്ത് ലീഗിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റുമായ അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളുടെ ഇരട്ടമുഖത്തെയും ജനങ്ങളുടെ ഇടയില്‍ മത സ്പര്‍ദ്ധ വളര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളെയും അപലപിച്ചു. വ്യത്യസ്ത നിലപാടുകളും, കാഴ്ചപ്പാടുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഉണ്ടാകാമെന്നും അടിസ്ഥാനപരമായ നിലപാട് എന്നത് രാജ്യത്തിന്റെ പുരോഗതിയാണെന്നും ഗാന്ധിജി വിഭാവനം കണ്ട ഇന്ത്യയാണ് ശരിയെന്നും അതിനു തുരങ്കം വയ്ക്കുന്നതെല്ലാം ഭീകരവാദമാണെന്നും അദ്ദേഹം തുറന്നടിച്ചു. വന്‍ കൈയ്യടിക്കിടെയാണ് കെ.എം.ഷാജിയുടെ പ്രസംഗത്തെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

inoc-04

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങിയപ്പോഴും പാര്‍ട്ടിയുടെ യുവനിരയില്‍ മുമ്പത്തേക്കാളും കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ആറു ജനപ്രതിനിധികളായിരുന്നു വിയന്നയില്‍ എത്തിയത്. വി.ഡി.സതീശന്‍, എ.പി.അനില്‍കുമാര്‍, കെ.എം ഷാജി (മുസ്ലിം ലീഗ്) ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത് എന്നിവരായിരുന്നു ഐ.ഒ.സി ഓസ്ട്രിയയുടെ ക്ഷണം സ്വീകരിച്ചു പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു സംസാരിച്ചത്.

inoc-01

സമ്മേളനത്തില്‍ ഇന്ത്യന്‍ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ചാപ്ലയിന്‍ ഡോ. ഫാ. തോമസ് താണ്ടപ്പിള്ളില്‍ ജനപ്രതിനിധികള്‍ക്ക് ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ചടങ്ങില്‍ ഐ.ഒ.സി ഓസ്ട്രിയയുടെ പ്രസിഡന്റ് സിറോഷ് ജോര്‍ജ് അധ്യക്ഷനായിരുന്നു. സെക്രട്ടറി ബിജു മാളിയേക്കല്‍ സ്വാഗതം ആശംസിച്ചു. ഐ.ഒ.സി കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിനു കളരിത്തറ നന്ദി പറഞ്ഞു. വര്‍ഗീസ് പഞ്ഞിക്കാരന്‍, വിന്‍സെന്റ് തടത്തില്‍, ജോളി കുര്യന്‍, അസീസ്, ബോബന്‍ ആണ്ടിവീട് തുടങ്ങിയവര്‍ കാര്യപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാർത്ത∙ജോബി ആന്റണി 

Your Rating: