Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്വാല ഓഗസ്റ്റ് ലക്കം ജോൺ എബ്രഹാമിനുള്ള സമർപ്പണമായി

ബർമിങ്ഹാം∙ ജ്വാലയുടെ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങിയിരിക്കുന്നത് , മലയാള സിനിമയിലെ ബുദ്ധിജീവിയും നിഷേധിയുമായി അറിയപ്പെട്ടിരുന്ന ജോൺ ഏബ്രഹാമിന്റെ ഓർമ്മക്കുറിപ്പോടെ. ജോൺ എബ്രഹാം സിനിമാ പുരസ്‌കാര സമർപ്പണത്തോടനുബന്ധിച്ച് കെ.ജി. ജോർജ് സഹപാഠിയും സഹപ്രവർത്തകനുമായ ജോൺ എബ്രഹാമിനെ അനുസ്മരിച്ച് നടത്തിയ പ്രഭാഷണം ജോൺ എബ്രഹാം എന്ന മനുഷ്യനെ കൂടുതൽ അടുത്തറിയാൻ ഇടയാക്കുന്നു.

മുൻ ലക്കങ്ങളിലേതുപോലെതന്നെ പ്രൗഢ ഗംഭീരവും ചിന്തോദീപകവുമാണ് മുഖ പ്രസംഗം. ഏതൊരു വ്യക്തിയും സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും പാലിക്കേണ്ട ധാർമ്മിക നിയമങ്ങൾ ചീഫ് എഡിറ്റർ റെജി നന്തിക്കാട്ടിൽ തന്റെ എഡിറ്റോറിയലിലൂടെ വരച്ച് കാട്ടുന്നു.

കൃഷ്ണ ദീപക്കിന്റെ 'എന്റെ കൊളാഷുകളുടെ നിറവസന്തവും' ഉണ്ണികൃഷ്ണൻ പൂഴിക്കാടിന്റെ 'മിഖായേലിന്റെ ജീവിതത്തിൽ ദൈവം ഇടപെടുന്നതും' വളരെ മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അബ്ബാസിന്റെ 'പ്രതീക്ഷ'യെന്ന കവിത പ്രവാസി മലയാളികളുടെ നൊമ്പരങ്ങളുടെ നേർക്കാഴ്ചയായി മാറി. പ്രമുഖ എഴുത്ത് കാരനായ ശിഹാബുദീൻ പൊയ്ത്തുംകടവുമായി നീതു പാട്ടൂർ നടത്തിയ അഭിമുഖം ഏറെ ചർച്ച ചെയ്യപ്പെടുമെന്നുറപ്പാണ്.

ആകർഷ വയനാടിന്റെ 'കൃഷ്ണേട്ടൻ' എന്ന കഥയും, അൻവർ എം.സാദത്ത് എഴുതിയ 'സിസ്റ്റർ മേരി ലിറ്റിയുടെ ജീവിത കഥ'യും ഡോ ഷാഫി കെ മുത്തലീഫിന്റെ ലേഖനവും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നതാവും. ദിവ്യാലക്ഷ്മിയുടെ 'സമാന്തര'മെന്ന കഥയും ആന്റണി മുനിയറയുടെ കവിതയും ജ്വാലയുടെ ഈ ലക്കത്തിന് മാറ്റ് കൂട്ടുന്നു.

ഏവർക്കും സ്വാതന്ത്യ ദിനാശംസകൾ നേർന്നുകൊണ്ട് അവസാനിക്കുന്ന ജ്വാലയുടെ ഈ ലക്കത്തിൽ മുഖച്ചിത്രമായെത്തിയത് യുക്മ സ്റ്റാർ സിങ്ങർ വിജയി അനു ചന്ദ്രയാണ്. ഓരോ ലക്കവും ഏറെ സവിശേഷതകളോടെ പുറത്തിറക്കുന്ന ജ്വാലയുടെ അണിയറ പ്രവർത്തകരെ യുക്മ പ്രസിഡന്റ് അഡ്വ ഫ്രാൻസിസ് കവളക്കാട്ടിലും ജനറൽ സെക്രട്ടറി സജീഷ് ടോമും അഭിനന്ദിച്ചു. ജ്വാല ഓഗസ്റ്റ്വാ ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://issuu.com/jwalaemagazine/docs/august_2016

വാർത്ത∙സുജു ജോസഫ്  

Your Rating: