Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലിക്കൊപ്പം ബിരുദ പഠനം,ജീവനക്കാർക്കായി കെഎഫ്സിയുടെ ‘’ചിക്കൻ ഡിഗ്രി’’ അപ്രന്റീസ്ഷിപ്പ്

ലണ്ടൻ∙ ലോകത്തിലെ രണ്ടാമത്തെ വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെന്റക്കി ഫ്രൈഡ് ചിക്കൻ (കെഎഫ്സി) ബ്രിട്ടനിൽ ജീവനക്കാർക്കായി വ്യത്യസ്തവും അനുകരണീയവുമായ പഠനാവസരം ഒരുക്കുന്നു. ജോലിക്കിടെ തൊഴിലിടം ക്ളാസ്മുറിയാക്കി ബിസിനസ് മാനേജ്മെന്റിൽ ബിരുദ പഠനത്തിനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്. കോഴ്സ് ഫീസും യാത്രാ ബത്തയും താമസസൗകര്യവും നൽകിയാണ് ജീവനക്കാരെ കെഎഫ്സി മാനേജ്മെന്റ് ഡിഗ്രിക്ക് സ്പോൺസർ ചെയ്യുന്നത്.

ഡിഗ്രി പഠനത്തിന് യോഗ്യരായ ജോലിക്കാർ കോഴ്സിന് എൻറോൾ ചെയ്താൽ നാലുവർഷത്തിനുള്ളിൽ ബിരുദധാരിയായി പുറത്തിറങ്ങാം. ജോലിയോടൊപ്പം ഓരോ റസ്റ്ററന്റിലും പ്രത്യേകം മെന്ററുടെ സഹായത്തോടെയാണ് ജോലിക്കാരായ വിദ്യാർഥികളുടെ പഠനം. ഓൺലൈൻ കോഴ്സായാണ് ഇവ രജിസ്റ്റർ ചെയ്യുക. പദ്ധതിക്ക് വൻതോതിൽ സർക്കാർ സഹായവുമുണ്ട്. ഭീമമായ കടബാധ്യത ഒഴിവാക്കി പഠനം പൂർത്തിയാക്കുന്നതിന് വിദ്യാർഥികളെ സഹായിക്കാനാണ് കമ്പനി സർക്കാർ സഹായത്തോടെ പദ്ധതി ആവിഷ്കരിക്കുന്നത്. കെഎഫ്സിയിലെ നല്ലൊരു ശതമാനം ജീവനക്കാരും പാർടൈം ജോലിചെയ്യുന്ന വിദ്യാർഥികളാണ്. ഇവരിൽ പലർക്കും പുതിയ പദ്ധതി ഗുണകരമാകും. എല്ലാ ബ്രാഞ്ചുകളിലും പഠിതാക്കളായ ജീവനക്കാർക്ക് കോഴ്സ് വർക്കിനായി പ്രത്യേകം കംപ്യൂട്ടർ സൗകര്യവും ഏർപ്പെടുത്തും.

അമേരിക്കയിലെ കെൻറക്കി ആസ്ഥാനമായുള്ള കെഎഫ്സി കമ്പനി മക്ഡൊണാൾഡ്സ് കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയാണ്. 123 രാജ്യങ്ങളിലായി ഇരുപതിനായിരത്തിലേറെ റസ്റ്റൊറൻറുകളാണ് കെഎഫ്സിക്കുള്ളത്. ലോകോത്തര ഫാസ്റ്റ് ഫുഡ് ശൃഖലകളായ പിസ ഹട്ടും ടാക്കോബെല്ലും കെഎഫ്സിയുടെ സഹോദരസ്ഥാപനങ്ങളാണ്.  

Your Rating: