Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലേബർ പാർട്ടി ഇലക്ഷൻ: സാദിഖ് ഖാന്റെ പിന്തുണ ഓവൻ സ്മിത്തിന്

ലണ്ടൻ∙ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും ലേബർ പാർട്ടി അധ്യക്ഷസ്ഥാനത്തേക്കും നടക്കുന്ന ഇലക്ഷനിൽ നിലവിലുള്ള നേതാവ് ജെറമി കോർബിനെ പരസ്യമായി തള്ളിപ്പറഞ്ഞ് ലണ്ടൻ മേയർ സാദിഖ് ഖാൻ. മേയർ തിരഞ്ഞെടുപ്പിൽ ജറമി കോർബിന്റെ ശക്തമായ പിന്തുണയോടെ മൽസരിച്ചു ജയിച്ച സാദിഖ് ഖാന്റെ പരസ്യമായ ഈ രാഷ്ട്രീയ നിലപാട് തികച്ചും അപ്രതീക്ഷിതമായി. കുടിയേറ്റക്കാർക്കിടയിലും ലണ്ടൻ നഗരത്തിലും പാർട്ടിയിൽ ശക്തമായ സ്വാധീനമുള്ള ഖാന്റെ നിലപാട് തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ലേബർ പാർട്ടിയുടെ ഭാവി നേതാവായി ഏവരും കരുതുന്ന ഖാൻ ശക്തമായ രാഷ്ട്രീയ നിലപാടിലൂടെ പുതിയൊരു പോരാട്ടത്തിനു തുടക്കം കുറിക്കുകയാണെന്നാണ് വിലയിരുത്തൽ. ഖാന്റെ പിന്തുണ കോർബിന്റെ എതിർസ്ഥാനാർഥിയായ ഓവൻ സ്മിത്തിന് പ്രചാരണത്തിൽ കരുത്താകും.

പാർട്ടി അംഗങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ ഒരു വർഷമായി കോർബിനു കഴിഞ്ഞില്ലെന്ന് സാദിഖ് ഖാൻ കുറ്റപ്പെടുത്തി. മികച്ചൊരു ടീമിനു രൂപം നൽകി ഫലപ്രദമായ പ്രതിപക്ഷമായി പ്രവർത്തിക്കാനും അദ്ദേഹത്തിനു സാധിക്കുന്നില്ലെന്ന് ഖാൻ പറഞ്ഞു.

ബ്രെക്സിറ്റിനെതുടർന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജിവച്ചതിനു പിന്നാലെയാണ് പ്രതിപക്ഷനേതാവ് ജെറമി കോർബിന്റെ രാജിക്കായി ലേബർ പാർട്ടിയിൽ മുറവിളി തുടങ്ങിയത്. പ്രധാനമന്ത്രിയോടൊപ്പം ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന നിലപാടായിരുന്നു കോർബിന്. ജനങ്ങൾ ഈ നിലപാട് തള്ളിക്കളഞ്ഞതോടെ പ്രധാനമന്ത്രി രാജിവച്ചു. ഇതേതുടർന്ന് കോർബനെതിരേയും പാർട്ടിക്കുള്ളിൽ കാലാപം ഉയരുകയായിരുന്നു. എന്നാൽ നേതൃസ്ഥാനത്തുനിന്നും മാറാൻ കോർബൻ തയാറായില്ല. ഭൂരിഭാഗം പാർട്ടി എംപിമാരും ഷാഡോ കാബിനറ്റ് അംഗങ്ങളും കോർബൻ മാറാൻ സമ്മർദം ചൊലുത്തി. പല ഷാഡോ മന്ത്രിമാരും കോർബന്റെ കാബിനറ്റിൽനിന്നും രാജിവയ്ക്കുകയും ചെയ്തു. തുടർന്ന് പാർലമെന്ററി പാർട്ടിയിൽ നടത്തിയ വോട്ടെടുപ്പിൽ കോർബിന് ലഭിച്ചത് കേവലം 40 എംപിമാരുടെ പിന്തുണമാത്രം. ഇതേതുടർന്നാണ് നേതൃസ്ഥാനത്തേത്ത് വീണ്ടും അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പുനടത്താൻ അദ്ദേഹം തീരുമാനിച്ചത്. സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. എതിർപക്ഷത്തുനിന്നും പലരും മൽസര രംഗത്തുവരാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ജയസാധ്യതയില്ലെന്നുകണ്ട് പിന്മാറി. ഒടുവിലാണ് കോർബിന്റെ ഷാഡോ കാബിനറ്റിൽ അംഗമായ ഓവൻ സ്മിത്ത് കോർബിൻ വിമർശകരുടെ പൊതുസ്ഥാനാർഥിയായി രംഗത്തുവന്നത്.

എംപിമാർക്കിടയിൽ ഭൂരിപക്ഷമില്ലെങ്കിലും പാർട്ടി അംഗങ്ങൾക്കിടയിൽ ഇപ്പോഴും കോർബിനാണ് പിന്തുണ കൂടുതൽ. നേതൃസ്ഥാനത്തു നിന്നും രാജിവയ്ക്കാതിരിക്കാൻ അദ്ദേഹം പറയുന്ന കാരണവും ഇതായിരുന്നു.

പാർട്ടി അംഗങ്ങൾക്കും പാർട്ടിയുടെ തൊഴിലാളി സംഘടനാംഗങ്ങൾക്കുമാണ് തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. പോസ്റ്റൽ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഇതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇന്നുമുതൽ ബാലറ്റുകൾ പോസ്റ്റുവഴിയും ഇ-മെയിൽ വഴിയും അംഗങ്ങൾക്കെത്തും. സെപ്റ്റംബർ24ന് ലിവർപൂളിൽ ചേരുന്ന പ്രത്യേക പാർട്ടി സമ്മേളനത്തിൽ വോട്ടെണ്ണി പുതിയ നേതാവിനെ പ്രഖ്യാപിക്കും.


വാർത്ത∙ടോമി വട്ടവനാൽ 

Your Rating: