Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലേബർ പാർട്ടി നേതാവായി ജെറമി കോർബിൻ തുടരും

ലണ്ടൻ∙ ബ്രിട്ടനിലെ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവായി ഇടതുസഹയാത്രികനായ ജെറമി കോർബിൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലേബർ നേതാവായ കോർബിൻ പാർലമെന്റിലെ പ്രതിപക്ഷ നേതാവായി തുടരും. ബ്രക്സിറ്റിനെത്തുടർന്ന് ഭൂരിപക്ഷം എംപിമാരുടെയും പിന്തുണ നഷ്ടമായിരുന്ന കോർബിൻ പാർട്ടി തെരഞ്ഞെടുപ്പിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. വർക്ക് ആൻഡ് പെൻഷൻ വകുപ്പിന്റെ മുൻ ഷാഡോ സെക്രട്ടറിയും യുവനേതാവുമായ ഓവൻ സ്മിത്തിനെ പരായജപ്പെടുത്തിയാണ് കോർബിൻ പാർട്ടിയിലെ തന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചത്. ആകെ പോൾചെയ്ത വോട്ടിൽ 61.8 ശതമാനവും കോർബിനു ലഭിച്ചു. ഓവൻ സ്മിത്തിനു ലഭിച്ചത് 38.2 ശതമാനവും.

കഴിഞ്ഞവർഷം നടന്ന തെരഞ്ഞെടുപ്പിൽ 59.5% വോട്ട് നേടിയാണ് കോർബിൻ വിജയിച്ചിരുന്നത്.

കഴിഞ്ഞതെല്ലാം മറന്ന് പുതിയ സ്ലേറ്റിൽ പ്രവർത്തനം തുടരുമെന്നും 30 വർഷത്തിലേറെയായി പാർലമെന്റൽ കാണുന്ന അതേ കോർബിനായി തന്നെ ഭാവിയിലും പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പലരും തനിക്കെതിരായി ഒട്ടേറെ മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അവയ്ക്കെതിരേ ഒരിക്കലും പ്രതികരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ കോർബിൻ ഒരുമിച്ചു പ്രവർത്തിക്കാൻ വിമർശകരെ ക്ഷണിക്കുമെന്നും വ്യക്തമാക്കി.

യൂറോപ്യൻ യൂണിയനിൽനിന്നും പുറത്തുവരാൻ ബ്രിട്ടൺ തീരുമാനിച്ച ബ്രക്സിറ്റ് ഹിതപരിശോധനയെത്തുടർന്നാണ് കോർബിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടത്.

മുൻപ്രധാനമന്ത്രി ഡേവിഡ് കാമറണിനെപ്പോലെ ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന നിലപാടായിരുന്നു ജെറമി കോർബിനും. ഈ നിലപാട് ജനം തള്ളിയതോടെ പ്രധാനമന്ത്രി രാജിവച്ചൊഴിഞ്ഞു. ഇതുപോലെ പ്രതിപക്ഷനേതൃസ്ഥാനവും പാർട്ടി അധ്യക്ഷ പദവിയും കോർബിനും ഒഴിയണമെന്നായിരുന്നു ഭൂരിപക്ഷം എം.പിമാരുടെയും അഭിപ്രായം. എന്നാൽ അദ്ദേഹം അതിനു തയാറായില്ല. ഇതേത്തുടർന്ന് കോർബിന്റെ ഷാഡോ കാബിനറ്റിലെ ബഹുഭൂരിപക്ഷം അംഗങ്ങളും രാജിവച്ചു. തൊട്ടുപിന്നാലെ പാർലമെന്ററി പാർട്ടിയിൽ അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയവും പാസായി. കേവലം 40 എം.പിമാർ മാത്രമാണ് കോർബിനെ പിന്തുണച്ചത്. 80 ശതമാനം എംപിമാരും (172 പേർ) കോർബിൻ സ്ഥാനമൊഴിയണമെന്ന നിലപാടുകാരായിരുന്നു. ഇതേത്തുടർന്നാണ് പാർട്ടി നേതൃത്വത്തിലേക്ക് വീണ്ടും തെരഞ്ഞെടുപ്പു നടത്താൻ കോർബിൻ തീരുമാനിച്ചത്. കസേര നിലനിർത്താൻ ഇതുമാത്രമായിരുന്നു പോംവഴി.

ഒരുവർഷം മുമ്പ് മഹാഭൂരിപക്ഷത്തിൽ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട തനിക്ക് ഇപ്പോഴും അംഗങ്ങൾക്കിടയിൽ പിന്തുണയുണ്ടെന്ന ഉറച്ച വിശ്വാസമാണ് രാജിവയ്ക്കാതെ തെരഞ്ഞെടുപ്പിലേക്ക് പോകാൻ അദ്ദേഹത്തെ പ്രേരിപ്പച്ചത്. ഒരുമാസം നീണ്ട പാർട്ടി പ്രചാരണ യോഗങ്ങളിൽ ഈ പിന്തുണ വ്യക്തമാകുകയും ചെയ്തിരുന്നു.

ഒട്ടേറെ പ്രതിസന്ധികളെ തരണംചെയ്താണ് ഇടതുപക്ഷ ചിന്താഗതിക്കാരനായ കോർബിൻ വീണ്ടും ലോബർ പാർട്ടിയുടെ തലപ്പത്ത് എത്തിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് അടുപ്പമുള്ള കോർബിൻ പാർട്ടിയുടെ നേതൃസ്ഥാനത്തു വന്നത് ബ്രിട്ടണിലെ ബിസിനസ് ലോബിയ്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. ബ്രക്സിറ്റിന്റെ മറവിൽ എം.പിമാരെ കൂട്ടുപിടിച്ച് അദ്ദേഹത്തെ പുറത്തുചാടിക്കാൻ ബിസിനസ് ലോബി നടത്തിയ ശ്രമത്തെയാണ് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അദ്ദേഹം ഇപ്പോൾ പരാജയപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടിപ്പിൽ വിജയിച്ചെങ്കിലും പാർട്ടിയെ ഒറ്റക്കെട്ടായി എത്രകാലം മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിനു സാധിക്കുമോ എന്നത് കണ്ടറിയണം. കോർബിന്റെ കമ്മ്യൂണിസ്റ്റ് ആശയങ്ങളോടും പ്രവർത്തന രീതികളോടും പാർട്ടിയിലെ പുതിയ തലമുറ നേതാക്കൾക്ക് യോജിച്ചുപോകാനാകുന്നില്ല എന്നതു തന്നെ കാരണം.

പാർട്ടി അംഗങ്ങളും തൊഴിലാളി സംഘടനാംഗങ്ങളും വിവിധ പോഷകസംഘടനാംഗങ്ങളുമടക്കം 6,40,000 പേർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിനേക്കാൾ 80,000 അംഗങ്ങൾക്ക് പുതുതായി വോട്ടവകാശം ലഭിച്ചു. ഇവരെല്ലാം തന്നെ കോർബിൻ നേതാവായ ശേഷം പാർട്ടിയിൽ അംഗത്വമെടുത്തവരാണ്. ഇവരുടെ പിന്തുണയാണ് എം.പിമാരുടെ ശക്തമായ എതിർപ്പ് മറികടന്നും വിജയം നേടാൻ കോർബിനെ സഹായിച്ചത്.

1983മുതൽ നോ ർത്ത് ലണ്ടനിൽനിന്നും പാർലമെന്റ് അംഗമായി തുടരുന്ന കോർബിൻ ലേബർ പാർട്ടിയിലെ യഥാർഥ തൊഴിലാളി നേതാവായാണ് അറിയപ്പെടുന്നത്.

പത്രപ്രവർത്തനത്തിൽനിന്നും രാഷ്ട്രീയത്തിലെത്തിയ ഓവൻ സ്മിത്ത് 2010ലാണ് ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വിവിധ വകുപ്പുകളുടെ ഷാഡോ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം 16 വയസു മുതൽ പാർട്ടി അംഗമാണ്. യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നു തീരുമാനിക്കാൻ വീണ്ടും ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്നവരിൽ പ്രമുഖനാണ് യുവനേതാവായ ഓവൻസ്മിത്ത്.

മുൻ ഷാഡോ സെക്രട്ടറിയും വനിതാ നേതാവുമായ ആഞ്ചല എയ്ഗൾ ആയിരുന്നു കോർബിനെതിരേ ആദ്യം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. എന്നാൽ വിജയ സാധ്യത പരിഗണിച്ച് കോർബിനെ എതിർക്കുന്നവർ സംയുക്തമായി ഓവൻ സ്മിത്തിനെ രംഗത്തുകൊണ്ടുവരികയായിരുന്നു. ഒരുവേള ലണ്ടൻ മേയർ സാദിഖ് ഖാനും കോർബിനെതിരേ പരസ്യമായി രംഗത്തു വന്നിരുന്നു.


Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.