Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലേഡി വെല്ലിൽ പരിശുദ്ധ അമ്മയുടെ ജനന തിരുന്നാൾ സെപ്തംബർ 8ന്

lady-well-2

പ്രസ്റ്റൺ∙ സെപ്തംബർ 8ന് പ്രസ്റ്റണിലെ ലേഡി വെല്ലിൽ വെച്ച് പരിശുദ്ധ മാതാവിന്റെ ജനന തിരുന്നാൾ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. യുകെയിലെ മരിയൻ തീർത്ഥാടക കേന്ദ്രങ്ങളിൽ പ്രമുഖമായ ലേഡി വെല്ലിൽ നൂറു കണക്കിന് മാതൃ ഭക്തരാണ് നിത്യേന തീർത്ഥാടകരായി എത്താറുള്ളത്.

കപ്പലപകടത്തിൽപ്പെട്ട യാത്രക്കാർക്ക് പരിശുദ്ധ അമ്മ രക്ഷകയായി എത്തി ലേഡി വെൽ കരയോരം കാണിച്ചു കൊടുക്കുകയും, അവർക്കു പാനം ചെയ്യുവാനായി തത്സമയം അവിടെ ഒരു അരുവി പിറവിയെടുപ്പിക്കുകയും ചെയ്തുവെന്നാണ് ഐതീഹ്യം. ഇന്നും അവിരാമം ഒഴുകുന്ന ആ നീർച്ചാലിൽ നിന്നും വെള്ളം നിയോഗമായി പാനം ചെയ്യുന്നവർക്ക് അനുഗ്രഹ സൗഖ്യങ്ങൾ ലഭിക്കാറുണ്ടെന്നു നിരവധി അനുഭവ സാക്ഷ്യങ്ങൾ പറയുന്നു.

lady-well

പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാൾ തിരുക്കർമ്മങ്ങൾ സെപ്തംബർ 8ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ജപമാലയോടെ ആരംഭിക്കും. ആഘോഷമായ തിരുന്നാൾ ദിവ്യബലി, മരിയൻ സന്ദേശം, ലദീഞ്ഞ് എന്നീ തിരുക്കർമ്മങ്ങളെ തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും. ആഘോഷമായ തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് പ്രസ്റ്റൺ വി. അൽഫോൻസാ ഇടവകയുടെ വികാരി ഫാ. മാത്യു ജേക്കബ് ചൂരപൊയികയിൽ കാർമ്മികത്വം വഹിക്കും. ലേഡി വെല്ലിൽ നടത്തപ്പെടുന്ന മരിയൻ തിരുന്നാൾ ആഘോഷം കൂടുതൽ ഗംഭീരവും, ഭക്ത്യാദരവുമാക്കുവാൻ മാത്യു അച്ചന്റെ നേതൃത്വത്തിൽ പള്ളി കമ്മിറ്റി അംഗങ്ങൾ വലിയ ഒരുക്കത്തിലാണ്.

ഏറ്റവും വലിയ മദ്ധ്യസ്ഥയും, അഭയവുമായ പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാൾ ആഘോഷത്തിൽ ഭക്തിപൂർവ്വം പങ്കു ചേർന്ന് അനുഗ്രഹങ്ങളും, ഉദ്ദിഷ്ടകാര്യസാധ്യവും പ്രാപ്യമാകുവാനും, മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ സദ്ഭാവിക്കായി സെപ്തംബർ ഒന്നു മുതൽ അർപ്പിക്കുന്ന ത്യാഗപൂർണ്ണമായ എട്ടു നോമ്പാചരണം ഏറെ ഫലദായകം ആകുവാനും തിരുന്നാൾ തിരുക്കർമ്മങ്ങളിലേക്ക് മാത്യു അച്ചനും പള്ളിക്കമ്മിറ്റി ഭാരവാഹികളും ഏവരെയും സസ്നേഹം ക്ഷണിച്ചു.

കരുണയുടെ ഈ അസാധാരണവർഷത്തിൽ മാതാവിന്റെ മദ്ധ്യസ്ഥം തേടുന്ന തീർത്ഥാടനവും, പ്രാർത്ഥനകളും പ്രസ്റ്റൺ രൂപതയുടെ ഉദ്ഘാടനവും, മാർ സ്രാമ്പിക്കൽ പിതാവിന്റെ മെത്രാഭിഷേകവും, സ്ഥാനാരോഹണവുമെല്ലാം അനുഗ്രഹീതമാകട്ടെയെന്നും പ്രത്യാശിക്കുന്നു.

വാർത്ത∙ അപ്പച്ചൻ കണ്ണഞ്ചിറ 

Your Rating: