Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടൻ നഗരം നോട്ടിങ്ഹിൽ കാർണിവൽ ലഹരിയിൽ

 ലണ്ടൻ∙ യൂറോപ്പിലെ ഏറ്റവും വലിയ സ്ട്രീറ്റ് പാർട്ടിയായി അറിയപ്പെടുന്ന ലണ്ടനിലെ നോട്ടിങ്ഹിൽ കാർണിവലിന്റെ കൊട്ടിക്കലാശം ഇന്നുരാത്രി. ലണ്ടൻ നഗരത്തിന്റെ വേനൽക്കാല ഉൽസവംകൂടിയായി അറിയപ്പെടുന്ന കാർണിവൽ ഇക്കുറി സുവർണ ജൂബിലിയുടെ സ്വർണത്തിളക്കത്തിലാണ്. 1966ലായിരുന്നു യൂറോപ്പിലെ ഈ കരീബിയൻ കാർണിവലിന്റെ തുടക്കം.

ബ്രിട്ടണിലെ കരീബിയൻ സമൂഹം അമ്പതുവർഷം മുമ്പ് ചെറിയതോതിൽ ആരംഭിച്ച ഈ സ്ട്രീറ്റ് പാർട്ടി വർണവിസ്മയംകൊണ്ടും സംഗീതപ്പെരുമകൊണ്ടും നഗരത്തിന്റെ മുഴുവൻ ഉൽസവമായി മാറി. പിന്നീട് യൂറോപ്പിലെ ഏറ്റവും വലിയ സ്ട്രീറ്റ് പാർട്ടിയായി വളർന്ന കാർണിവൽ ഇന്ന് ലോകപ്രശസ്തമാണ്. വിവിധ രാജ്യങ്ങളിൽനിന്നും പതിനായിരങ്ങളാണ് ഇന്നലെയും ഇന്നുമായി കാർണിവലിനായി മാത്രം ലണ്ടനിലെത്തിയത്. പൊതു അവധിദിവസമായ ഇന്ന് ലണ്ടൻ നഗരം മുഴുവൻ സഞ്ചരിക്കുന്നത് കാർണിവൽ വേദിയായ വെസ്റ്റ് ലണ്ടനിലേക്കാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വ്യത്യസ്തമായ അറുപത് സംഗീതബാൻഡുകളും അവയ്ക്കൊപ്പിച്ചുള്ള നൃത്തച്ചുവടുകളുമാണ് കാർണിവലിന്റെ മുഖ്യ ആകർഷണം. വർണവിസ്മയം തീർക്കുന്ന അലങ്കാരങ്ങളും ആഘോഷരാവിനെ അവിസ്മരണീയമാക്കും. രണ്ടുദിവസങ്ങളായി നടക്കുന്ന കാർണിവലിൽ ആദ്യദിവസത്തെ ആഘോഷം കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ളതാണ്. വിവിധ ഫ്ളോട്ടുകളും കലാരൂപങ്ങളും അണിനിരത്തിയുള്ള കുട്ടികളുടെ പരേഡായിരുന്നു ഞായറാഴ്ചത്തെ സവിശേഷത. സംഗീതവും നൃത്തവും ഇതിനും അകമ്പടിയായുണ്ടെങ്കിലും അവയുടെ എല്ലാ സൗന്ദര്യഭാവങ്ങളും പുറത്തുവരുന്നത് ഇന്നുരാത്രിയാണ്.

ന്യൂഇയർ ആഘോഷത്തെപോലും കടത്തിവെട്ടുന്ന ഉൽസവമാണ് ലണ്ടനിൽ നോട്ടിങ്ഹിൽ കാർണിവൽ. ഉൽലവനഗരിയിലെ ജനത്തിരക്കുമൂലം പൊതുഗതാഗതം താറുമാറാകാതിരിക്കാൻ തൊട്ടടുത്തുള്ള ട്യൂബ് സ്റ്റേഷനുകളും ബസ് സ്റ്റോപ്പുകളും പ്രവർത്തനം നിർത്തിവയ്ക്കും. ദൂരെയുള്ള സ്റ്റേഷനുകളിലിറങ്ങി കാൽനടയായി മാത്രമേ കാർണിവൽ സ്ട്രീറ്റിൽ എത്തിച്ചേരാനാകൂ.

ആഘോഷം അതിരുവിടുമ്പോഴുണ്ടാകുന്ന അക്രമസംഭവങ്ങൾ ഏറെ കുപ്രസിദ്ധിയും കാർണിവലിനു നൽകിയിട്ടുണ്ട്. എല്ലാവർഷവും അക്രമം പതിവായ ഇവിടെ ഇക്കുറി ഒന്നാംദിവസംതന്നെ നാലുപേർക്ക് കത്തിക്കുത്തിൽ പരുക്കേറ്റു. അക്രമസംഭവങ്ങളുടെ പേരിൽ ഇന്നലെ മാത്രം എഴുപതിലേറെപ്പേരാണ് അറസ്റ്റിലായത്.   
  

Your Rating: