Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടൻ ട്യൂബ് ട്രെയിനിൽ 24 മണിക്കൂർ രാത്രി സർവീസ് നാളെ മുതൽ

night-tube2

ലണ്ടൻ∙ ലണ്ടൻ നഗരത്തിന്റെ ജീവനാഡിയായ ഭൂഗർഭ ട്രെയിൻ സർവീസ് ശ്രംഖലയായ ‘’ലണ്ടൻ ട്യൂബ്’’ നാളെ മുതൽ മുഴുനീളെ രാത്രി സർവീസ് തുടങ്ങുന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് ജീവനക്കാരുടെ എതിർപ്പികളെല്ലാം മറികടന്ന് യാത്രക്കാരുടെ ചിരകാല സ്വപ്നമായ രാത്രിയാത്രയ്ക്കു തുടക്കം കുറിക്കുന്നത്. ഉറക്കമില്ലാത്ത വൻനഗരത്തിന് കൂടുതൽ ഊർജം പകരുന്ന ഈ പരിഷ്കാരം നഗരവാസികൾക്കും നഗരം കാണാനെത്തുന്ന സഞ്ചാരികൾക്കും ഏറെ ആശ്വാസകരമാകും.

night-tube4

പുതിയ ലണ്ടൻ മേയർ സാദിഖ് ഖാന്റെ ശക്തമായ ഇടപെടലാണ് രാത്രി സർവീസ് എന്ന ആശയം സാധ്യമാക്കിയത്. മുൻ മേയർ ബോറിസ് ജോൺസൺ കഴിഞ്ഞവർഷം സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഈ പദ്ധതി ട്യൂബ് ഡ്രൈവർമാരുടെയും തൊഴിലാളി സംഘടനകളുടെയും എതിർപ്പുമൂലം പലതവണ മാറ്റിവയ്ക്കേണ്ടിവന്നു. ഇപ്പോൾ പുതിയ മേയർ കൈക്കൊണ്ട ചില ശക്തമായ നടപടികളാണ് പദ്ധതി സാധ്യമാക്കിയത്.

night-tube3

ഏറ്റവും തിരക്കേറിയ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രികളിൽ സെൻട്രൽ, വിക്ടോറിയ എന്നീ ലൈനുകളിലാണ് ഒന്നാംഘട്ടത്തിൽ രാത്രിയാത്ര ആരംഭിക്കുക. ഏതാനും മാസങ്ങൾക്കുള്ളിൽ ജൂബിലി, നോർത്തേൺ, പിക്കാഡലി ലൈനുകളിലും രാത്രി സർവീസ് തുടങ്ങും. പീന്നീട് മെട്രോപൊളിറ്റൻ, സർക്കിൾ, ഡിസ്ട്രിക്ട്, ഹാമർസ്മിത്ത് ലൈനുകളിലേക്കും സർവീസ് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. ലാഭകരമെങ്കിൽ വാരാന്ത്യത്തിനു പുറമെ മറ്റു ദിവസങ്ങളിലും സർവീസ് തുടങ്ങും. 2017ൽ ലണ്ടൻ ഓവർഗ്രൌണ്ടിലും 2021ൽ ഡി.എൽ.ആറിലും സമാനമായ സർവീസ് ലക്ഷ്യമിടുന്നുണ്ട്.

പത്തുമിനുറ്റുമുതൽ 20 മിനിറ്റുവരെയുള്ള ഇടവേളയിലാകും രാത്രി സർവീസ്.

night-tube

രാത്രിയാത്രക്കാരെ തുടർ യാത്രയ്ക്കു സഹായിക്കാൻ ട്രെയിൻ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് കൂടുതൽ രാത്രി ബസുകളും നാളെ മുതൽ സർവീസ് ആരംഭിക്കുന്നുണ്ട്.

വാർത്ത∙ടോമി വട്ടവനാൽ

Your Rating: