Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയുക്ത മെത്രാൻ മാർ ജോസഫ് ശ്രാമ്പിക്കൽ സെപ്റ്റംബർ 18ന് യുകെയിലെത്തും

fr

പ്രസ്റ്റൺ∙ സിറോ മലബാർ സഭയുടെ ഏറ്റവും പുതിയ രൂപതയായി പ്രഖ്യാപിക്കപ്പെട്ടതും വിദേശത്തുള്ള മൂന്നാമത്തേതുമായ പ്രസ്റ്റൺ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോസഫ് ശ്രാമ്പിക്കൽ സെപ്റ്റംബർ18 നു യുകെയിലെ മാഞ്ചസ്റ്ററിൽ എത്തിച്ചേരും. മാർ ജോസഫ് പിതാവ് ഒക്ടോബർ 9 നു മെത്രാഭിഷേകം സ്വീകരിച്ചു കൊണ്ട്, പ്രസ്റ്റൺ രൂപതയുടെ അധ്യക്ഷ പദവി ഏറ്റെടുക്കുന്നതാണ്.

പ്രസ്റ്റൺ സിറോ മലബാർ രൂപതയുടെ ആസ്ഥാനമായ വി.അൽഫോൻസാ ദേവാലയത്തെ കത്തീഡ്രൽ ദേവാലയമാക്കികൊണ്ടുള്ള പ്രഖ്യാപനവും രൂപതയുടെ ഉദ്ഘാടനവും നടത്തപ്പെടുന്ന ചരിത്ര ധന്യ നിമിഷത്തിലേക്കു പ്രാർത്ഥനയോടെ ഒരുങ്ങുന്നതിനും നിലവിലുള്ള സഭാ പ്രവർത്തനങ്ങൾ നേരിൽ മനസ്സിലാക്കുവാനും ആയിട്ടാണ് പിതാവ് മുൻകൂട്ടി യുകെയിൽ എത്തുന്നത്.

തദവസരത്തിൽ ഇംഗ്ലണ്ട്,വെയിൽസ്,സ്‌കോട്ട്ലാൻഡ് എന്നീ രാജ്യങ്ങളിലെ കർദിനാൾ ,ബിഷപ്പുമാർ,സിറോ മലബാർ സഭയുടെ വൈദികർ,സഭാ സമൂഹം എന്നിവരെ നേരിൽ കാണുന്നതിനും ആശയ വിനിമയം നടത്തുന്നതിനും ശ്രാമ്പിക്കൽ പിതാവ് സമയം കണ്ടെത്തും. യുകെയിൽ സിറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന കൺവൻഷൻ അടക്കം പല പരിപാടികളിലും പങ്കെടുക്കുന്ന നിയുക്ത മെത്രാൻ ചില പ്രധാന മീറ്റിങ്ങുകളും നടത്തുന്നുണ്ട്.

മാർ ജോസഫ് ശ്രാമ്പിക്കൽ പിതാവിനെ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ സിറോ മലബാർ കോർഡിനേറ്റർ ഫാ.തോമസ് പാറയടി,ആതിഥേയ രൂപതാ ആസ്ഥാനമായ വി.അൽഫോൻസാ ദേവാലയത്തിലെ വികാരിയായ ഫാ.മാത്യു ചൂരപൊയികയിൽ എന്നിവരുടെ നേതൃത്വത്തിൽ അനവധി വൈദികരും സന്യസ്തരും വിശ്വാസി സമൂഹവും ചേർന്ന് ഊഷ്‌മള സ്വീകരണം നൽകും.മാർ ജോസഫ് പിതാവ് പിന്നീട് പ്രസ്റ്റണിലേക്ക് തിരിക്കും.

മെത്രാഭിഷേകം,സ്ഥാനാരോഹണം,രൂപതാ ഉദ്ഘാടനം തുടങ്ങിയ ചടങ്ങുകളിൽ പ്രസ്റ്റണിലെ നഗര സഭയും ലങ്കാസ്റ്റർ രൂപതയും സിറോ മലബാർ സഭക്ക് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭാവി പരിപാടികളുടെ വിജയങ്ങൾക്കായി തുടർ ദിവസങ്ങളിലും വിവിധ യോഗങ്ങൾ വിളിച്ചു കൂട്ടിയിട്ടുണ്ട്.

യുകെ സിറോ മലബാർ സഭയുടെ ചരിത ധന്യ നിമിഷത്തെ പ്രൗഢ ഗംഭീരവും, അഭിമാനോത്സവവുമായ ചടങ്ങായി മാറ്റുവാനുള്ള ശ്രമങ്ങൾക്ക് ചാപ്ലൈന്മാരുടെ നേതൃത്വത്തിൽ വിശ്വാസി സമൂഹം ആവേശപൂർവ്വം കൈകോർത്തുകൊണ്ട് മധ്യസ്ഥ പ്രാർത്ഥനകളോടെ സജീവമായിക്കഴിഞ്ഞിരിക്കുന്നു.

വാർത്ത∙അപ്പച്ചൻ കണ്ണഞ്ചിറ 

Your Rating: