Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ സ്രാമ്പിക്കൽ സെപ്റ്റംബർ 18ന് ബ്രിട്ടനിലെത്തും

ലണ്ടൻ/ പ്രിസ്റ്റൺ∙ സിറോ മലബാർ സഭയുടെ ബ്രിട്ടനിലെ പ്രഥമ രൂപതയായ പ്രിസ്റ്റണിലെ നിയുക്ത ബിഷപ് മാർ ഡോ. ജോസഫ് സ്രാമ്പിക്കൽ മെത്രാഭിഷേക ചടങ്ങുകൾക്കു മുന്നോടിയായി സെപ്റ്റംബർ 18ന് ബ്രിട്ടനിലെത്തും. 18ന് ഉച്ചയ്ക്ക് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ എത്തുന്ന ബിഷപ്പിന് വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം നൽകും.

വൈകിട്ട് 6.30ന് സഭാസ്ഥാനമായ പ്രിസ്റ്റൺ സെന്റ് അൽഫോൻസ കത്തീഡ്രലിൽ ദിവ്യബലിയർപ്പിച്ച് അദ്ദേഹം തന്റെ പുതിയ കർമ മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് അനൗദ്യോഗിക തുടക്കം കുറിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ രൂപതകൾ സന്ദർശിച്ച് ബിഷപ്പുമാരുമായും വൈദികരുമായും കൂടിക്കാഴ്ച നടത്തും. മെത്രാഭിഷേക ചടങ്ങുകൾക്ക് വിവിധ സിറോ മലബാർ ചാപ്ലൈനുകളിൽ നടക്കുന്ന ഒരുക്കങ്ങൾ അദ്ദേഹം വിലയിരുത്തും.

തന്റെ പ്രവർത്തനമണ്ഡലമായ റോമിലെ കോളജിയോ ഉർബാനോയിലെത്തി സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും യാത്രപറഞ്ഞശേഷമാകും മാർ സ്രാമ്പിക്കൽ യുകെയിലേക്ക് തിരിക്കുക. റോമിൽ സെപ്റ്റംബർ 17ന് അദ്ദേഹത്തിന് സഹപ്രവർത്തകരും ശിഷ്യഗണങ്ങളും യാത്രയയപ്പു നൽകി.
 

Your Rating: