Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മാർ സാമ്പ്രിക്കലിന്റെ മെത്രാഭിഷേകത്തിന് വിശിഷ്ടാതിഥികളുടെ നീണ്ട നിര’

ddimg-01

ലണ്ടൻ∙മത – സാമുദായിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് മാർ ജോസഫ് സാമ്പ്രിക്കലിന്റെ മെത്രാഭിഷോക ചടങ്ങുകൾ അനുഗ്രഹപൂർണ്ണമാകും. സിറോ മലബാർ സഭയുടെ തലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികനാകുന്ന തിരുക്കർമ്മങ്ങളിൽ ആതിഥേയ രൂപതയായ ലങ്കാസ്റ്റർ രൂപതയുടെ ഇടയൻ ബിഷപ്പ് മൈക്കിൾ കാംബെൽ, മാർ സാമ്പിക്കലിന്റെ മാതൃരൂപതയായ പാലാ രൂപതയുടെ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമ്മികരാകും.
ഗ്രേറ്റ് ബ്രിട്ടന്റെ അപ്പസ്തോലിക് നൂൺഷ്യോ ആർച്ചു ബിഷപ്പ് അന്റോണിയോ മാന്റിനി മാർ പാപ്പായുടെ സന്ദേശം വായിക്കും.

ഇന്ത്യക്കു പുറത്തുളള മറ്റു പ്രവാസി രൂപതകളിലെ മെത്രാന്മാരുൾപ്പെടെ മറ്റ് 15 പിതാക്കന്മാർ പങ്കെടുക്കും. മാർ സാമ്പ്രിക്കലിന്റെ പ്രത്യേക അതിഥികളായി കേരളത്തിൽ നിന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മാതൃ ഇടവകയായ ഉരുളികുന്നം ഇടവകയിൽ നിന്നും പാലാ രൂപതയിലെ വൈദിക– അൽമായ പ്രതിനിധികളും മാർ സാമ്പ്രിക്കൽ മുൻപു സേവനം ചെയ്ത വത്തിക്കാൻ, ജർമ്മനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും.

ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട് ലൻഡ് രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാന്മാരും യുകെയിലുളള വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെയും മതവിഭാഗങ്ങളുടെയും പ്രതിനിധികളും ചടങ്ങുകളിൽ സംബന്ധിക്കും. രാഷ്ട്രീയ നേതാക്കളെ പ്രതിനിധീകരിച്ച് പ്രിസ്റ്റൺ സിറ്റികൗൺസിൽ മേയർ, പ്രിസ്റ്റണിലെ മൂന്നു പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങുകൾക്ക് സാക്ഷികളാവും.

ഗ്രേറ്റ് ബ്രിട്ടണിലുളള (ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ്) എല്ലാ സിറോ മലബാർ കുടുംബങ്ങളുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമാക്കപ്പെടുന്ന മെത്രാഭിഷേക ചടങ്ങുകൾ ഗ്രേറ്റ് ബ്രിട്ടണിലെ ഏറ്റവും വലിയ ആത്മീയ സംഗമത്തിനാണ് വേദിയൊരുക്കുന്നത്.
ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവടങ്ങളിൽ നിന്ന് വിശ്വാസികൾ കൂടുതലായി ബസുകളിലായാണ് ചടങ്ങുകൾക്കെത്തുന്നത്. എല്ലാ സിറോ മലബാർ കുർബാന കേന്ദ്രങ്ങളിൽ നിന്നും ചാപ്ലയിന്മാരുടെ നേതൃത്വത്തിൽ മെത്രാഭിഷേക ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി യാത്രാ ക്രമീകരണങ്ങൾ നടത്തുകയും പ്രാർഥിച്ചൊരുങ്ങുകയും ചെയ്തുവരുന്നു.

വാർത്ത ∙ ഫാ. ബിജു കുന്നയ്ക്കാട്ട്


Your Rating: