Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെർക്കലിനെ കടന്നാക്രമിച്ച് വീണ്ടും സീഹോഫർ

seehofer-merkel

ബർലിൻ∙ ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ അഭയാർഥി നയത്തിനെതിരെ വീണ്ടും സീഹോഫറിന്റെ കടന്നാക്രമണം. മെർക്കലിന്റെ സഹോദര പാർട്ടി എന്ന പേരിലറിയപ്പെടുന്ന ക്രിസ്ത്യൻ സോഷ്യലിസ്റ്റ് യൂണിയന്റെ അധ്യക്ഷനാണ് ഹോഴ്സ് സീഹോഫർ. ജർമനിയുടെ തെക്കൻ സംസ്ഥാനമായ ബവേറിയായുടെ മുഖ്യമന്ത്രി കൂടിയാണ് സീഹോഫർ.

കഴിഞ്ഞ ഒരു വർഷമായി ചാൻസലർ അംഗല മെർക്കലുമായി അഭയാർഥി നയത്തിൽ സീഹോഫർ കൊമ്പുകോർത്ത് വരുകയായിരുന്നു. ചാൻസലർ മെർക്കലിന്റെ അഭയാർഥി നയം രാജ്യത്തിന് അപകടം പിടിച്ചതാണെന്ന് പലപ്രാവശ്യം സീഹോഫർ മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന സ്റ്റേറ്റ് ഇലക്ഷനിൽ മെർക്കലിന്റെ പാർട്ടി കനത്ത പരാജയം ഏറ്റുവാങ്ങി. അഭയാർഥി നയത്തിനെതിരെയുള്ള കനത്ത തിരിച്ചടിയാണിത് എന്ന് മെർക്കൽ മനസിലാക്കണം. അഭയാർഥി നയത്തിൽ തിരുത്തൽ വേണം. അഭയാർഥികളെ കൂട്ടത്തോടെ സ്വീകരിക്കുന്ന നടപടി ജർമനി നിർത്തിവയ്ക്കണമെന്ന് സീഹോഫർ മെർക്കലിനോട് ആവശ്യപ്പെട്ടു. പ്രതിവർഷം രണ്ടുലക്ഷം പേർ എന്ന സംഖ്യ നിജപ്പെടുത്തണം. അപേക്ഷ നിരസിച്ച രണ്ടരലക്ഷം അഭയാർഥികളെ ഉടനടി നാട് കടത്തണമെന്നും സീഹോഫർ ആവശ്യപ്പെട്ടു.

മെർക്കലിന്റെ അഭയാർഥി നയം ജർമനിയിൽ തീവ്ര വലതുപക്ഷ പാർട്ടികളുടെ വളർച്ചയ്ക്ക് കാരണമായി സീഹോഫർ തുറന്നടിച്ചു പറഞ്ഞു. ഇതിനിടയിൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ചാൻസലർ മെർക്കൽ പൂർണമായും ഏറ്റെടുത്തു. എങ്കിലും അഭയാർഥി നയത്തിൽ മാറ്റം വരുത്തുന്ന സൂചന അവർ നൽകിയില്ല. 

Your Rating: