Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെർക്കലിന് തിരിച്ചടി, ‘കസേര’ ഇളകി തുടങ്ങി

merkel

ബർലിൻ ∙ ജർമൻ ചാൻസലർ അഗംല മെർക്കലിന്റെ പാർട്ടിക്ക് സംസ്ഥാന തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി. സ്വന്തം തട്ടകമായ മെക്കലൻ ബർഗ് ഫോർ പോമൻ സംസ്ഥാനത്ത് ഞായറാഴ്ച നടന്ന പൊതു തിരഞ്ഞെടുപ്പിൽ മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

പാർട്ടിക്ക് പത്തൊൻപത് ശതമാനം വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടി 30.6 ശതമാനം വോട്ട് നേടി ഒന്നാം സ്ഥാനത്തെത്തി. പുതിതായി രൂപം കൊണ്ട കുടിയേറ്റ വിരുദ്ധ പാർട്ടിയായ എഎഫ്ഡിയും 20.8 ശതമാനം വോട്ടും നേടി. ഓൾട്ടർനേറ്റീവ് ഫോർ ജർമനി എന്ന പാർട്ടിയുടെ കുതിപ്പ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

merkel-election

ഈ കിഴക്കൻ ജർമൻ സംസ്ഥാനം മെർക്കലിന്റെ സ്വന്തം സ്റ്റേറ്റ് തിരഞ്ഞെടുപ്പ് മണ്ഡലം എന്ന പേരിൽ ഏറെ അറിയപ്പെട്ടിരുന്നു. ഇതുവരെ ഇവിടുത്തെ ഭരണം മെർക്കലിന്റെ പാർട്ടിയും സോഷ്യലിസ്റ്റുകളും ചേർന്ന ‘വിശാല’ മുന്നണിക്കാണ്. ഭരണം തുടരുമെങ്കിലും 2017ൽ ജർമനിയിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ മെർക്കലിന് ജയിച്ച് കയറാനാവില്ല എന്നതിന്റെ സൂചനയാണ് ഈ ഫലമെന്ന് രാഷ്ട്രീയ നിരീക്ഷകർ സൂചിപ്പിക്കുന്നു.

മെർക്കലിന്റെ ഉദാരമായ കുടിയേറ്റ നയത്തിനുളള ചുട്ട മറുപടിയാണ് ഇതെന്ന് എല്ലാ പാർട്ടികളും ഒരേ സ്വരത്തിൽ പറഞ്ഞു കഴിഞ്ഞു. രാജ്യാന്തര മാധ്യമങ്ങളും മെർക്കലിന്റെ കസേരയ്ക്ക് ഇളക്കം തട്ടിക്കഴിഞ്ഞതായിട്ടാണ് ഫലത്തെ വിലയിരുത്തിയിരിക്കുന്നത്.

Your Rating: