Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെത്രാഭിഷേക ചടങ്ങുകളിൽ മതസാമുദായിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും

pic-01

ലണ്ടൻ∙ മതസാമുദായിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ അനുഗ്രഹപൂര്‍ണ്ണമാകും. സിറോ മലബാര്‍ സഭയുടെ തലവനായ കര്‍ദിനാള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനാകുന്ന തിരുക്കര്‍മ്മങ്ങളില്‍ ആതിഥേയരൂപതയായ ലങ്കാസ്റ്റര്‍ രൂപതയുടെ ഇടയന്‍ ബിഷപ്പ് മൈക്കിള്‍ കാംബെല്‍, മാര്‍ സ്രാമ്പിക്കലിന്റെ മാതൃരൂപതയായ പാലാ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മ്മികരാക്കും.

ഗ്രേറ്റ് ബ്രിട്ടന്റെ അപ്പോസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ആന്റോനിയോ മന്നിനി മാര്‍പ്പാപ്പായുടെ സന്ദേശം വായിക്കും. ഇന്ത്യയ്ക്ക് പുറത്തുള്ള പ്രവാസി രൂപതകളിലെ പതിനഞ്ചോളം പിതാക്കന്‍മാര്‍ പങ്കെടുക്കും. മാര്‍ സ്രാമ്പിക്കലിന്റെ പ്രത്യേക അതിഥികളായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മാതൃഇടവകയായ ഉരുളിക്കുന്നം ഇടവകയില്‍ നിന്നും പാലാ രൂപതയിലെ വൈദിക അല്‍മായ പ്രതിനിധികളും, മാര്‍ സ്രാമ്പിക്കല്‍ മുമ്പ് സേവനം ചെയ്ത വത്തിക്കാന്‍ ജര്‍മ്മനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കും. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലാന്റ് രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാന്മാരും യുകെയിലുള്ള വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെയും മതവിഭാഗങ്ങളുടെയും പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും. രാഷ്ട്രീയ നേതാക്കളെ പ്രതിനിധീകരിച്ച് പ്രിസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ മേയര്‍, പ്രിസ്റ്റണിലെ മൂന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് സാക്ഷികളാകും.

ബ്രിട്ടണിലെ എല്ലാ സിറോ മലബാര്‍ കുടുംബങ്ങളുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമാക്കപ്പെടുന്ന മെത്രാഭിഷേക ചടങ്ങുകള്‍, ഗ്രേറ്റ് ബ്രിട്ടണിലെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് വേദിയൊരുങ്ങുകയാണ്. യുകെയിലെ എല്ലാ സിറോ മലബാര്‍ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും ചാപ്ലിയന്‍മാരുടെ നേതൃത്വത്തില്‍ ബസ്സുകളിലായി മെത്രാഭിഷേക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിശ്വാസ സമൂഹത്തിനെ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു. ഇതിനായി വലിയൊരു വിശ്വാസ സമൂഹം ഒരുക്കങ്ങൾ നടത്തുകയാണ്.

മെത്രാഭിഷേക ചടങ്ങുകളുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. സിറോ മലബാർ സഭ യുകെ കോഡിനേറ്റർ റെവ. ഡോ. തോമസ് പാറയടി, വികാരി റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ, യുകെയിലെ എല്ലാ സ്ഥലങ്ങളിലും ഉള്ള സിറോ മലബാർ വൈദികർ അൽമായ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ആവേശപൂർവം പ്രാർഥനയിൽ ഒരുങ്ങി ക്രമീകരണങ്ങൾ നടന്നു വരുന്നതായി റെവ. ഫാ.ബിജു കുന്നക്കാട്ട് അറിയിച്ചു.

വാർത്ത∙ ഷൈമോൻ തോട്ടുങ്കൽ
 

Your Rating: