Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രിയന്‍ റെയില്‍വേ ട്രെയിനുകളില്‍ മൊബൈല്‍ സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തും

train

വിയന്ന∙രാജ്യത്തെ ട്രെയിനുകളില്‍ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭിക്കുവാനായി 100 മില്യന്‍ യൂറോ ചിലവില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കും. ഓസ്ട്രിയന്‍ സര്‍ക്കാരും ടി മൊബൈല്‍ കമ്പനിയും സംയുക്തമായാണ് 1500 കിലോമീറ്റര്‍ റെയില്‍വേ പാളത്തില്‍ ഈ സംവിധാനം ഘടിപ്പിക്കുന്നത്. 

ഈ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞാല്‍ ഓസ്ട്രിയന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് അതിവേഗതയുള്ള ഇന്റര്‍നെറ്റും നിലവിലുളളതിനേക്കാള്‍ ശക്തമായ മൊബൈല്‍ സിഗ്നലുകളും ലഭ്യമായി തുടങ്ങുമെന്ന് ഓസ്ട്രിയന്‍ റെയില്‍വേ മേധാവി മത്തായെ അറിയിച്ചു.

2016 അവസാനത്തോടുകൂടി ഈ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു തുടങ്ങും. വിയന്ന, നീധര്‍ ഓസ്ട്രിയ, സാള്‍സ് ബുര്‍ഗ് സംസ്ഥാനങ്ങളിലാണ് ഈ സിഗ്നല്‍ സംവിധാനം നിര്‍മ്മിക്കുന്നത്. ഇതനുസരിച്ച് ഓരോ അഞ്ച് കിലോമീറ്റര്‍ ദൂരത്തിലും ഓരോ പുതിയ സിഗ്നല്‍ സ്റ്റേഷനുകള്‍ നിര്‍മ്മിക്കും. ഈ ടവറുകളില്‍ നിന്ന് സെക്കന്റില്‍ 200 മെഗാ ബൈറ്റ് പ്രസരണ ശേഷിയുള്ള സിഗ്നലുകളായിരിക്കും പുറപ്പെടുക.

ഇതിന്റെ രണ്ടാം ഘട്ടമായി സ്റ്റയര്‍ മാര്‍ക്ക്, കേരന്ടന്‍, ഇന്‍സ് ബ്രൂക്ക്, ഫോറാറല്‍ബര്‍ഗ് എന്നീ സംസ്ഥാനങ്ങളില്‍ ടവറുകള്‍ നിര്‍മ്മിക്കും. 2018 ഓടുകൂടി രാജ്യത്തെ എല്ലാ ട്രെയിനുകളിലും ശക്തമായ ഇന്റര്‍നെറ്റ് സംവിധാനം നിലവില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്ത∙ ഷിജി ചീരംവേലില്‍ 

Your Rating: