Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടിയേറ്റത്തിൽ ഇന്ത്യയെ കടത്തിവെട്ടി പോളണ്ട്, ബ്രിട്ടണിൽ 13.3% വിദേശികൾ

ലണ്ടൻ∙ ബ്രിട്ടണിലേക്കുള്ള കുടിയേറ്റത്തിൽ ഇന്ത്യയെ കടത്തിവെട്ടി പോളണ്ട് ഒന്നാംസ്ഥാനത്ത്. 2014-15 വർഷത്തെ കുടിയേറ്റക്കാരുടെ കണക്കിലാണ് കിഴക്കൻ യൂറോപ്പിലെ പഴയ കമ്മ്യൂണിസ്റ്റ് രാജ്യമായ പോളണ്ട് ഇന്ത്യയെ പിന്നിലാക്കി ഒന്നാമതെത്തിയത്. യൂറോപ്യൻ യൂണിയനിൽനിന്നും പുറത്തുവരാനുള്ള ബ്രിട്ടന്റെ ബ്രക്സിറ്റ് ഹിതനിർണയത്തിനു മുമ്പുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ അനുസരിച്ചാണിത്. ബ്രക്സിറ്റിനുശേഷം കുടിയേറ്റത്തിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഉദ്ദേശിച്ചത്ര ഫലമുണ്ടായിട്ടില്ല.

3,27,000 പേരാണ് 2014 മുതൽ 2016 മാർച്ച് വരെ വിവിധ രാജ്യങ്ങളിൽനിന്ന് ബ്രിട്ടണിലേക്ക് കുടിയേറിയത്. ഇതിൽ ഏറ്റവും കൂടുതൽ പോളീഷുകാരാണ്. ഇപ്പോൾ ബ്രിട്ടണിൽ താമസമാക്കിയിട്ടുള്ള പോളീഷുകാരുടെ എണ്ണം 8,31,000 ആണ്. 2004ൽ പോളണ്ട് യൂറോപ്യൻ യൂണിയനിൽ അംഗമാകുമ്പോൾ ഇത് കേവലം 81,000 മാത്രമായിരുന്നു. പന്ത്രണ്ട് വർഷംകൊണ്ട് ബ്രിട്ടണിലേക്ക് കുടിയേറിയത് 7,50,000 പോളീഷുകാരാണ്. ഏതെങ്കിലും ഒരു യൂറോപ്യൻ രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക് ഏറ്റവും കുറഞ്ഞകാലയളവിൽ നടക്കുന്ന ഏറ്റവും വലിയ കുടിയേറ്റമാണിത്.

കഴിഞ്ഞവർഷംവരെ ഇന്ത്യയിൽനിന്നും അയർലൻഡിൽനിന്നുമായിരുന്നു ബ്രിട്ടണിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ എത്തിയിരുന്നത്. 2014-15 വർഷത്തിൽ റൊമേനിയയിൽനിന്നും ബൾഗേറിയയിൽനിന്നുമായി ബ്രിട്ടണിലെത്തിയത് 60,000 പേരാണ്. ബ്രക്സിറ്റിനുശേഷം ഇവിടങ്ങളിൽനിന്നുള്ള വരവിന് നേരിയ കുറവുണ്ടായിട്ടുണ്ട്. കുടിയേറ്റക്കാരിൽ ഏറെയും തൊഴിൽ തേടി എത്തുന്നവരാണ്. രണ്ടാംസ്ഥാനം വിദ്യാർഥികൾക്കും. ഇതിൽതന്നെ വിദ്യാർഥികളുടെ എണ്ണം അനുദിനം കുറഞ്ഞുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ ബ്രിട്ടന്റെ മൊത്തം ജനസംഖ്യയിൽ 13.3 ശതമാനം വിദേശത്തു ജനിച്ചവരാണ്. 2004ൽ ഇത് കേവലം 8.9 ശതമാനമായിരുന്നു. കുടിയേറ്റക്കാരിൽ ഏറെയും തമ്പടിച്ചിരിക്കുന്നത് തലസ്ഥാനനഗരമായ ലണ്ടനിലാണ്, 37 ശതമാനം. 2015ൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി ജനിച്ച കുഞ്ഞുങ്ങളിൽ 25 ശതമാനവും കുടിയേറ്റക്കാരായ അമ്മമാർക്കുണ്ടായതാണ്. ഇതും പുതിയ റെക്കോർഡാണ്.

സർക്കാർ ലക്ഷ്യമിടുന്ന കുടിയേറ്റ നിയന്ത്രണം പ്രാവർത്തികമാകാൻ ഇനിയും ബഹുദുരം മുന്നോട്ടുപോകാനുണ്ടെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ബ്രക്സിറ്റിന്റെ തുടർനടപടികൾ ആരംഭിക്കുന്നതോടെ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റത്തിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിനിടെ ബ്രക്സിറ്റ് നടപടികളുടെ ഭാഗമായി യൂറോപ്യൻ രാജ്യങ്ങളിൽനിന്നും ജോലിതേടിയെത്തുന്നവർക്ക് പ്രത്യേക വർക്ക് പെർമിറ്റ് സംവിധാനം ഏർപ്പെടുത്തുന്നകാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. കുടിയേറ്റത്തിനു നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം എൻഎച്ച്എസ് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ തൊഴിലിടങ്ങളിൽ ആൾക്ഷാമം ഉണ്ടാകാതിരിക്കുന്നതിനുവേണ്ടിയാണിത്.

കുടിയേറ്റക്കാരുടെ എണ്ണം പ്രതിവർഷം ഒരുലക്ഷത്തിൽ താഴെയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി തെരേസ മേയ് ആഭ്യന്തര സെക്രട്ടറിയായിരുന്നപ്പോൾ ഇതിനുള്ള ശക്തമായ പല നടപടികളും കൈക്കൊണ്ടിരുന്നു. എന്നാൽ അവയെല്ലാം ബാധകമായത് ഇന്ത്യയുൾപ്പെടെയുള്ള നോൺ യൂറോപ്യൻ രാജ്യങ്ങൾക്കു മാത്രമാണ്. യൂറോപ്യൻ യൂണിയനിലെ ഫ്രീ ട്രാവൽ വ്യവസ്ഥകൾ അവിടെനിന്നുള്ള കുടിയേറ്റത്തെ തടയാൻ വിലങ്ങുതടിയായി. ഇങ്ങനെയാണ് ഇന്ത്യയെ കടത്തിവെട്ടി പോളണ്ട് കുടിയേറ്റത്തിൽ മുന്നിലെത്തിയത്.

ബ്രക്സിറ്റ് തീരുമാനം പ്രാവർത്തികമാക്കുന്നതോടെ ഇതിനും തടയിടാമെന്നാണ് സർക്കാർ പ്രതീക്ഷ. യൂറോപ്പിലെ ഓരോ രാജ്യങ്ങളിലുമുള്ള ബ്രിട്ടീഷുകാരുടെ എണ്ണവും അവരുടെ നിലനിൽപും പരിഗണിച്ച് ഓരോ രാജ്യങ്ങളുമായി പ്രത്യേകം കുടിയേറ്റ കരാറുകളുണ്ടാക്കുന്ന രീതിയാവും സർക്കാർ പരിഗണിക്കുക.  

Your Rating: