Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസയോഗ്യമായ മികച്ച നഗരം മെൽബൺ, ആദ്യ അമ്പതിൽ ലണ്ടനില്ല

ലണ്ടൻ∙ ലോകത്ത് ജീവിക്കാൻ ഏറ്റവും നല്ല നഗരം ഓസ്ട്രേലിയയിലെ മെൽബണെന്നു പഠനറിപ്പോർട്ട്. ഏറ്റവും വാസയോഗ്യമല്ലാത്ത നഗരം സിറിയൻ തലസ്ഥാനമായ ഡമാസ്കസും. ആദ്യത്തെ 50 നഗരങ്ങളുടെ പട്ടികയിൽപോലും ഇടംപിടിക്കാതെ ലണ്ടൻ 53-ാം സ്ഥാനത്താണ്. ഇക്കണോമിസ്റ്റ് മീഡിയ കമ്പനിയുടെ ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് അമേരിക്കയിലെയും ബ്രിട്ടനിലെയും ജർമനിയിലെയും വൻ നഗരങ്ങളെ പിന്നിലാക്കി മെൽബൺ ഒന്നാം സ്ഥാനം നേടിയത്. തുടർച്ചയായ ആറാം വർഷമാണ് മെൽബൺ ഈ നേട്ടം കൈവരിക്കുന്നത്. ജീവിതച്ചെലവ്, പരിസ്ഥിതി സംരക്ഷണം, സുരക്ഷ, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, സംസ്കാരം, തീവ്രവാദ ഭീഷണി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി 30 ഘടകങ്ങൾ കണക്കിലെടുത്താണ് വർഷംതോറും വാസയോഗ്യമായ മികച്ച നഗരങ്ങളുടെ പട്ടിക തയാറാക്കുന്നത്. ബ്രിട്ടണിലെ വാസയോഗ്യമായ മികച്ച നഗരമായി തിരഞ്ഞെടുക്കപ്പെട്ട മാഞ്ചസ്റ്റർ പട്ടികയിൽ 43-ാം സ്ഥാനത്താണ്.

ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയ്ക്കാണ് രണ്ടാംസ്ഥാനം. മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ കനേഡിയൻ നഗരങ്ങളായ വാൻകൂവർ, ടൊറന്റോ, കാൽഗറി എന്നിവ സ്വന്തമാക്കി. ഓസ്ട്രേലിയയിലെ മറ്റു രണ്ടു നഗരങ്ങളായ അഡിലൈഡിനും പെർത്തിനുമാണ് ആറും ഏഴും സ്ഥാനങ്ങൾ. ന്യൂസിലൻഡിലെ ഓക് ലൻഡ്, ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കി, ജർമനിയിലെ ഹാംബർഗ് എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റു വൻ നഗരങ്ങൾ.

140 വൻനഗരങ്ങളുടെ ലിസ്റ്റ് തയാറാക്കിയതിൽ ഏറ്റവും പിന്നിൽ സിറിയൻ തലസ്ഥാനമായ ഡമാസ്കസാണ്. അഭയാർഥി പ്രവാഹവും ഐ.എസ്.ഐ.എസിന്റെ സാന്നിധ്യവുമാണ് ഡമാസ്കസിനെ ഏറ്റവും വാസയോഗ്യമല്ലാത്ത നഗരമാക്കി മാറ്റിയത്.

ലിബിയൻ തലസ്ഥാനമായ ട്രിപ്പൊളിയാണ് പിന്നിൽനിന്നും രണ്ടാമത്. രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തരയുദ്ധവും തന്നെ കാരണം. നൈജീരിയയിലെ ലാഗോസ്, ബംഗ്ളാദേശ് തലസ്ഥാനമായ ധാക്ക, പാപ്പ ന്യൂഗിനയുടെ തലസ്ഥാനമായ പോർട്ട് മോഴ്സ്ബി എന്നിവയാണ് ഏറ്റവും പിന്നിലുള്ള മറ്റു നഗരങ്ങൾ.

വാർത്ത∙ടോമി വട്ടവനാൽ
 

Your Rating: