Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദറിന്റെ ദിവ്യസ്മരണയുടെ ധന്യതയിൽ ജർമനിയിലെ ഇന്ത്യൻ സമൂഹം

mother-and-ummachan

കൊളോൺ∙അഗതികളുടെ അമ്മയെന്നു ലോകം വിശേഷിപ്പിക്കുന്ന മദർ തെരേസയെ വിശുദ്ധരുടെ പട്ടികയിൽ ചേർക്കുന്ന സുദിനം സമാഗതമാവുന്നു. കരുണയുടെ രൂപവും ഭാവവും തുടിപ്പുമായി മാറിയ മദർ ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധയായി ലോകം കണ്ടിരുന്നെങ്കിലും അതിന്റെ സാക്ഷാത്ക്കാരമായി ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പാ സെപ്റ്റംബർ 4നു വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ മദറിനെ പേരുചൊല്ലി വിശുദ്ധരുടെ ഗണത്തിലേയ്ക്കുയർത്തുന്നു. മദറിനു ലഭിക്കുന്ന വിശുദ്ധ പദവിയിൽ ജർമനിയിലെ ഇന്ത്യൻ സമൂഹവും പ്രത്യേകിച്ച് മലയാളികൾ ഏറെ ചാരിതാർത്ഥ്യത്തിലും അതിലേറെ സന്തോഷത്തിലുമാണ്. അതിനൊരു കാരണവുമുണ്ട്.

1989 സെപ്റ്റംബർ 19 ന് ജർമനിയിലെ ബോണിൽ നടന്ന 14-ാം വേൾഡ് ഫാമിലി കോൺഫറൻസിൽ പങ്കെടുക്കാൻ മദർ തെരേസ എത്തിയിരുന്നു. അന്ന് ബോണിൽ വച്ചു ജർമനിയിലെ കൊളോൺ ആസ്ഥാനമായുള്ള ഇന്ത്യൻ കമ്യൂണിറ്റിക്കു മദറുമായി പ്രത്യേകം കൂടിക്കാണാനുള്ള അവസരവും കൈവന്നിരുന്നു. ബോണിലെ ബീതോവൻ ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ ഏതാണ്ട് 600 ൽ അധികം മലയാളികൾ അവിടെ എത്തിയിരുന്നു. ഇന്ത്യൻ കമ്യൂണിറ്റിയുടെ അന്നത്തെ ചാപ്ളെയിൻ ഫാ.ജോസ് ഫ്രാങ്ക് ചക്കാലയ്ക്കൽ സിഎംഐയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സമൂഹം മദർ തെരേസയുമായി കൂടിക്കണ്ടത്.

ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ മദറുമായി ഫ്രാങ്ക് ചക്കാലയ്ക്കൽ അച്ചനും മറ്റു പ്രതിനിധികൾക്കും സംസാരിക്കാൻ സാധിച്ചിരുന്നു. മദറിന്റെ കാരുണ്യത്തിന്റെ തണലിൽ ചിലവഴിക്കാൻ ലഭിച്ച നിമിഷങ്ങൾ ജീവിതത്തിലെ അസുലഭ സുവർണ്ണ സമ്മാനമായിട്ടാണ് ഇന്ത്യൻ സമൂഹം ഇപ്പോഴും കരുതുന്നത്. കൂടിക്കാഴ്ചയിൽ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് കമ്യൂണിറ്റിയുടെ അന്നത്തെ (1989) തിരുനാൾ പ്രസുദേന്തിയായിരുന്ന കോതമംഗലം സ്വദേശി തോമസ് അറമ്പൻകുടിയാണ് മദറിന് ബൊക്ക നൽകി സ്വീകരിച്ചത്. ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ദൈവാനുഗ്രഹമായും ഭാഗ്യമായും ആ അസുലഭ നിമിഷത്തെ സ്മരിയ്ക്കുന്നുവെന്ന് തോമസ് അറമ്പൻകുടി ലേഖകനോടു പറഞ്ഞു.

മലയാളികളുമായിട്ടുള്ള കൂടിക്കാഴ്ചയിൽ പരിശുദ്ധ മാതാവിനോടുള്ള പ്രാർത്ഥനയും കൊന്തനമസ്കാരങ്ങളും നിത്യേന ചൊല്ലി മാതാവിന്റെ മക്കളായി. കരുണയുടെ അംബാസഡറന്മാരായി മാറണമെന്ന അഭ്യർത്ഥന നൽകിയാണ് മദർ തെരേസാ സമൂഹത്തെ ധന്യമാക്കിയത്.
സെപ്റ്റംബർ 4ന് നടക്കുന്ന വിശുദ്ധ പ്രഖ്യാപന ചടങ്ങിന് സാക്ഷ്യമേകാൻ ഇൻഡ്യൻ കമ്യൂണിറ്റിയുടെ ഇപ്പോഴത്തെ ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ നേതൃത്വത്തിൽ വത്തിക്കാനിൽ എത്തും. കൊളോൺ കർദ്ദിനാളിന്റെ കീഴിലുള്ള കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി സ്ഥാപിതമായത് 1969 ലാണ്.

യൂഗോസ്ളോവിയുടെ മുൻഭാഗമായിരുന്ന മാസിഡോണിയയിലെ സ്കോപ്യെയിൽ 1910 ഓഗസ്റ്റ് 16 ന് ജനിച്ച ആഗ്നസ്ഗോൺജ ബൊയാജിയു എന്ന പേരുകാരിയായ മദർ തെരേസായുടെ വിശുദ്ധ പ്രഖ്യാപനത്തിൽ പങ്കെടുത്ത് അനുഗ്രഹം നേടാൻ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിൽ നിന്നും വിശ്വാസികൾ വത്തിക്കാനിലേയ്ക്ക് ഒഴുകുകയാണ്.
 

Your Rating: