Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശുദ്ധ മദർ തെരേസയുടെ പ്രഥമ തിരുനാൾ ആഘോഷിച്ചു

mother

വത്തിക്കാൻസിറ്റി∙ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ശേഷം മദർ തെരേസയുടെ ആദ്യത്തെ തിരുനാൾ വത്തിക്കാനിൽ ഇന്നു രാവിലെ പ്രാദേശിക സമയം പത്തു മണിയ്ക്ക് ആഘോഷപൂർവം നടന്നു. നവ വിശുദ്ധയായ കൊൽക്കത്തയിലെ മദർ തെരേസയുടെ ആദ്യ തിരുനാളിനു ഒട്ടനവധി വിശ്വാസികളാണ് സാക്ഷികളായത്.

ഇന്നലെ നടന്ന വിശുദ്ധപ്രഖ്യാപനച്ചടങ്ങിനു സാക്ഷ്യം വഹിക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന ജാതിമതഭേദ വ്യത്യാസമെന്യേ എത്തിയ അഭൂതപൂർവ്വമായ ജനത്തിരക്കു കാരണം ഇന്നു രാവിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണു നന്ദിസൂചകമായുള്ള കൃതജ്ഞതാബലിയും തിരുനാൾ ദിനവും കൊണ്ടാടിയത്. ദിവ്യബലിക്കു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെട്രോ പരോളിനി നേതൃത്വം നൽകി. ഇന്നലത്തെ ചടങ്ങിൽ പങ്കെടുക്കാൻ ഏതാണ്ട് 10 ലക്ഷത്തിലധികം ആളുകൾ വത്തിക്കാനിൽ എത്തിയിരുന്നു.

കേരളത്തിൽ നിന്ന് കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരെ കൂടാതെ കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കർദിനാൾ ഡോ. ടെലസ്ഫോർ ടോപ്പോ, കോൽക്കത്ത ആർച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ, മിഷനറീസ് ഓഫ് ചാരിറ്റി ബ്രദേഴ്സ് സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ വാഴക്കാല എംസി എന്നിവരും മറ്റു നിരവധി കർദിനാൾമാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും ദിവ്യബലിയിൽ സഹകാർമികരായിരുന്നു.

മിഷനറീസ് ഓഫ് ചാരിറ്റിയിലെ ഒട്ടനവധി സന്യാസിനി സന്യാസികളും മറ്റു സഭാംഗങ്ങളും അല്മായരുമുൾപ്പടെ 25000 ലധികം പേർ തിരുക്കകർമ്മങ്ങളിൽ പങ്കെടുത്തു. ഇൻഡ്യയിൽ നിന്നുതന്നെ നിരവധി പേർ നവവിശുദ്ധയുടെ ആദ്യ തിരുനാളിനു സാക്ഷികളായി എന്ന പ്രത്യേകതയും ഇന്നത്തെ തിരുനാളിനുണ്ട്.

മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി പ്രേമയ്ക്കു പുറമെ പോസ്റ്റുലേറ്ററായി പ്രവർത്തിച്ച റവ. ഡോ. ബ്രയൻ കോവോജയ്ചുകും നന്ദി അർപ്പിച്ചു സംസാരിച്ചു തുടർന്നു മദർ തെരേസയുടെ തിരുശേഷിപ്പ് സെന്റ് ജോവാന്നി ലാറ്ററൻ ബസലിക്കയിൽ വണക്കത്തിനായി പ്രതിഷ്ഠിച്ചു. മദറിന്റെ രക്തത്തുള്ളികളാണ് തിരുശേഷിപ്പായി മാറ്റിയത്.

1997 സെപ്റ്റംബർ 5നാണ് കരുണയുടെ മാലാഖയായ മദർ തെരേസ ദൈവസന്നിധിയിലേയ്ക്ക് വിളിച്ചത്. അതുകൊണ്ടുതന്നെ വിശുദ്ധയുടെ തിരുനാൾ ഇന്ന് ആഘോഷിക്കപ്പെട്ടു. ഇന്ന് മദറിന്റെ 19-ാം ചരമവാർഷികമായിരുന്നു.

ജീവിച്ചിരിയ്ക്കുമ്പോൾ തന്നെ വിശുദ്ധിയുടെ പരിമളം പരത്തിയ മദർ തെരേസയെന്ന കർമ്മയോഗിയുടെ ജീവിതത്തിന്റെ തിരിനാളം ആത്മാവിലും വിശ്വാസത്തിൽ പൊതിഞ്ഞ കരുണയുടെ അനുഭവം പ്രവർത്തിയിലും ചേർത്തുവെച്ചാണ് ഇവിടെയെത്തിയ ഓരോ വിശ്വാസിയും ഇന്നലെയും ഇന്നുമായി വത്തിയ്ക്കാനോടു യാത്രചൊല്ലിയത്. നോബേൽ സമ്മാനം നേടിയ ഒരു വ്യക്തി വിശുദ്ധയാകുന്നതും ലോകത്തിൽ ഇതാദ്യമാണ്. 

Your Rating: