Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടൻ നഗരത്തിൽ കഴിഞ്ഞവർഷം കുത്തേറ്റത് നാലായിരം പേർക്ക്!

ലണ്ടൻ∙ പന്ത്രണ്ടു മാസത്തിനിടെ ലണ്ടൻ നഗരത്തിൽ കത്തിക്കുത്തേറ്റത് നാലായിരത്തിലേറെ പേർക്ക്! ജനജീവിതം പൊതുവേ സുരക്ഷിതമെന്ന് കരുതപ്പെടുന്ന നഗരത്തിൽ ദിവസേന പതിനൊന്നുപേർ കഠാരയാക്രമണത്തിന് ഇരയാകുന്നതായാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. വർഷംതോറും കൂടിവരുന്ന ഇത്തരം ആക്രമണങ്ങൾ ഒരു വർഷംകൊണ്ടുമാത്രം വർധിച്ചത് 4.4 ശതമാനമാണെന്ന് മെട്രോപൊളിറ്റൻ പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അത്യന്തം ആശങ്കാജനകമായ സാഹചര്യം നേരിടാൻ മേയർ സാദിഖ് ഖാൻ അടുത്തയാഴ്ച അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. തോക്കുകൾകൊണ്ടുള്ള ആക്രമണങ്ങൾ കുറവാണെങ്കിലും മുൻ വർഷങ്ങളേക്കാൾ ഷൂട്ടിങ് കേസുകളുടെ എണ്ണവും നഗരത്തിൽ കൂടുതലാണ്.

മോഷണത്തിനും കൊള്ളയ്ക്കുമിടെ ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവരാണ് കത്തിക്കുത്തേൽക്കുന്നവരിൽ ഭൂരിഭാഗവും. ഇതോടൊപ്പം യുവാക്കൾക്കിടയിൽ കഠാര സംസ്കാരം വർധിച്ചുവരുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞവർഷം കുത്തേറ്റ 4015 പേരിൽ 1751 പേരും ഇരുപത്തഞ്ചുവയസിൽ താഴെ പ്രായമുള്ളവരാണ്. മുൻ വർഷത്തേക്കാൾ അഞ്ചുശതമാനം കൂടുതലാണിത്.

2011ലായിരുന്നു സമീപകാലത്ത് ഏറ്റവും അധികമാളുകൾ നഗരത്തിൽ കഠാരയാക്രമണത്തിന് ഇരയായത്. പിന്നീട് പൊലീസിന്റെ കർശന നടപടികളിലൂടെ ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കാനായെങ്കിലും കഴിഞ്ഞവർഷം എല്ലാ റെക്കോർഡുകളും ഭേദിച്ച് ആക്രമണങ്ങൾ വർധിച്ചു.

സാധാരണക്കാർക്ക് തോക്ക് കൈവശം വയ്ക്കാൻ അവകാശമില്ലാത്ത ബ്രിട്ടനിൽ കഴിഞ്ഞവർഷം മാത്രം ലണ്ടൻ നഗരത്തിൽ 302 വെടിവയ്പുകേസുകളാണ് റജിസ്റ്റർ ചെയ്തത്. അനധികൃതമായി കൈവശം വച്ചിരുന്ന 714 തോക്കുകൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. സ്വയരക്ഷയ്ക്ക് ഉപകരിക്കും എന്ന മിഥ്യാധാരണയോടെ തോക്കും കഠാരയും കൈവശം വയ്ക്കുന്നവരാണ് പലപ്പോഴും ചെറിയ പ്രകോപനത്തിൽ ഇവ ഉപയോഗിച്ച് കുറ്റക്കാരായി മാറുന്നതെന്ന് പൊലീസ് പറയുന്നു.

കത്തിക്കുത്തുകേസുകളിൽ ഭൂരിഭാഗവും മോഷണവും പിടിച്ചുപറിയുമായി ബന്ധപ്പെട്ടുള്ളതാണ്. ആഘോഷവേളകളിലും മറ്റും സംഘട്ടനത്തിന്റെ ഭാഗമായുണ്ടാകുന്നവയും കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളുമാണ് മറ്റുള്ളവ. ആയിരങ്ങൾ അണിനിരക്കുന്ന നോട്ടിങ്ഹിൽ കാർണിവലും മറ്റും നഗരത്തിൽ കഠാരയാക്രമണങ്ങളുടെ പേരിൽ ഏറെ കുപ്രിസിദ്ധിയാർജിച്ചവയാണ്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.