Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒക്ടോബർ ഫെസ്റ്റിന് തുടക്കമായി

october-fest01

മ്യൂണിക്∙ ലോകപ്രശസ്തമായ ഒക്ടോബർ ഫെസ്റ്റിന് ജർമനിയിലെ മ്യൂണിക്കിൽ ശനിയാഴ്ച തുടക്കം കുറിച്ചു. നഗരത്തിന്റെ മേയർ ഡീറ്റർ റൈറ്റർ പരമ്പരാഗത രീതിയിൽ ഉദ്ഘാടനം ചെയ്തു. ഒസാപ്ഫ്റ്റ് എന്നുറക്കെ വിളിച്ചുപറഞ്ഞാണ് ബിയർ ഫാസ് തുറന്നു മേള ഉദ്ഘാടനം ചെയ്യുന്നത്. ബവേറിയൻ സാംസ്കാരികഭൂമികയിൽ നിർണായക സാന്നിധ്യമായ ഒക്ടോബർ ഫെസ്റ്റിന്റെ ഇരുനൂറ്റിയാറാം എഡിഷനാണിത്.

october-fest

ഭീകരാക്രമണ ഭീഷണികളുടെ പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനങ്ങൾ മുൻപെങ്ങുമില്ലാത്ത വിധം ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ ഫെസ്റ്റിന് ജർമനി ഇത്തവണ നേരത്തെതന്നെ തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു.

മ്യൂണിക് നഗര ഭരണകൂടത്തിനും പോലീസിനുമാണ് സുരക്ഷാ ചുമതല. അറുപതു ലക്ഷത്തോളം പേർ ഫെസ്റ്റിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈയിൽ ബവേറിയൻ നഗരത്തിലുണ്ടായ മൂന്ന് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ഇത്രയധികം വർധിപ്പിച്ചിരിക്കുന്നത്.

october-festr

ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുള്ളതായി ഡെപ്യൂട്ടി മേയർ ജോസഫ് ഷ്മിഡ് അറിയിച്ചു. എന്നാൽ ഇതൊന്നും ആഘോഷ പരിപാടികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെസ്റ്റിനെതിരേ ആക്രമണമുണ്ടാകുമെന്ന തരത്തിൽ വ്യക്തമായ ഇന്റലിജൻസ് റിപ്പോർട്ടുകളൊന്നും ഇതുവരെയില്ലെന്ന് മ്യൂണിക് പൊലീസ് മേധാവി വെർനർ ഫീലറും അറിയിച്ചു. എന്നാൽ, പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ തന്നെയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ഉറപ്പു നൽകുന്നു.

പതിവുകാർക്കു പോലും ഓരോ സന്ദർശനത്തിലും പുതിയ കാഴ്ചകൾ നൽകുന്ന ബിയർ ഉത്സവമാണ് ഒക്ടോബർ ഫെസ്റ്റ്. ആയിരത്തിലധികം പേരടങ്ങുന്ന പരേഡോടെ ഫെസ്റ്റിനു തുടക്കം കുറിച്ചതോടെ ജർമൻ പാരമ്പര്യത്തിന്റെ ഒരു ആഘോഷകാലം കൂടിയാണ് തുടങ്ങിയത്.

വിവിധ തരം ബിയറുകളുമായി ബന്ധപ്പെട്ട് പതിനാല് കൂറ്റൻ ടെന്റുകളാണ് ഇവിടെ ഉയർന്നിട്ടുള്ളത്. ബവേറിയയിലെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള ആറ് കേന്ദ്രങ്ങളിൽ നിന്നുള്ള ബിയറുകൾ മാത്രമേ ഇവിടെ കിട്ടൂ. പുറത്തു കിട്ടുന്ന ബിയറിനെക്കാൾ ലഹരി കൂടുതലായിരിക്കും ഇതിന്. മധുരവും കാർബണേഷനും കൂടുമ്പോൾ രുചി കൂടി. ആ രുചി പിടിച്ച് പതിവിൽ കൂടുതൽ കുടിച്ചാൽ പണി കിട്ടുകയും ചെയ്യും. ബിയറിനൊപ്പം നുണയാൻ അത്യാവശ്യം രുചിയുള്ള ഭക്ഷണ വിഭവങ്ങളും ഇവിടെ ലഭിയ്ക്കും.

october-fest02

കഴിഞ്ഞ വർഷം ആറര ലക്ഷം ലിറ്റർ ബിയറാണ് ഇവിടെ കുടിച്ചുവറ്റിക്കപ്പെട്ടത്. 63 ലക്ഷം പേരാണ് ഫെസ്റ്റിവലിൽ കഴിഞ്ഞ വർഷം പങ്കെടുത്തത്. ഒരാൾ ഒരു ലിറ്റർ എന്ന കണക്കിലാണ് ബിയർ കുടിച്ചത്. ഇറ്റലി, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നു നിരവധി സന്ദർശകരെത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഫോക്സ് മേളയായി വിശേഷിപ്പിയ്ക്കപ്പെടുന്ന ഫെസ്റ്റിന് ഒക്ടോബർ 3ന് സമാപനം കുറിയ്ക്കും.
 

Your Rating: