Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികൾക്ക് ഇത് ആഘോഷവേള, ക്രിസ്മസ് വരെ ഇനി ഓണാഘോഷം

onam-flower

ലണ്ടൻ∙ ചിങ്ങം പിറന്നപ്പോൾ മുതൽ യുകെയിലെ പ്രവാസികൾ ഓണാഘോഷം തുടങ്ങി. വാരാന്ത്യങ്ങൾ കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങൾ ഓണം കഴിഞ്ഞാലും തുടർന്നുകൊണ്ടേയിരിക്കും. ഒക്ടോബർ അവസാനം ക്രിസ്മസിന് കേളികൊട്ടുയരുന്നതോടെ മാത്രമേ ഇനി ഓണാഘോഷങ്ങൾ അവസാനിക്കൂ.

എണ്ണമറ്റ മലയാളി സംഘടനകൾക്കെല്ലാം ഓണാഘോഷമുണ്ട്. പല സംഘടനകളുടെയും ഏക പരിപാടിയും ഈ ഓണാഘോഷമാണ്. വിവിധ സഭകളുടെ കീഴിലുള്ള പള്ളികളിലെല്ലാം തന്നെ ഓണാഘോഷമുണ്ട്. മറ്റു സാമുദായിക സംഘടനകളുടെ ആഭിമുഖ്യത്തിലും ആഘോഷങ്ങൾ പൊടിപൊടിക്കും. ചിലതൊക്കെ വഴിപാടുപോലെ ശുഷ്കമാകുമെങ്കിലും പല ആഘോഷങ്ങളും കെങ്കേമമാണ്. നാട്ടിലെ ആഘോഷങ്ങളെപോലും കടത്തിവെട്ടുന്നതാണ് ചില സംഘടനകളുടേത്.

വടംവലിയും ശിങ്കാരിമേളവും ചാക്കിലോട്ടവും പുലികളിയും വരെ നടത്തിയാണ് പല ആഘോഷങ്ങളും. ഓണത്തപ്പനും തിരുവാതിരയുമില്ലാത്ത ആഘോഷമില്ല. ഇതിനുവേണ്ട ഒരുക്കസാമഗ്രികളെല്ലാം അവധിക്കുപോകുമ്പോൾ നാട്ടിൽനിന്നും ഇറക്കുമതിചെയ്യും. വടവും ചെണ്ടയുമൊക്കെ കൊണ്ടുവരുന്നവർ സ്വന്തം ഉപയോഗം കഴിഞ്ഞാൽ വാടകയ്ക്കു നൽകി കാശാക്കും. മാവേലിയുടെ കിരീടവും ഓലക്കുടയും വരെ ഇങ്ങനെ വാടകയ്ക്കുണ്ട്.

പലരും പല സംഘടനകളിലും അംഗങ്ങളായതിനാൽ വരുംദിവസങ്ങളിൽ ഇവരുടെ ആഘോഷങ്ങൾ ‘കൂട്ടിയിടിക്കും’. ഈ കൂട്ടിയിടി പരമാവധി ഒഴിവാക്കാനാണ് ദിവസങ്ങൾ മുന്നോട്ടു നീട്ടിവയ്ക്കുന്നതും, ഓണം ക്രിസ്മസ് വരെയും ക്രിസ്മസ് ഈസ്റ്റർ വരെയും നീളുന്നതും.

പല മലയാളി സംഘടനകളും പിളർന്ന് ഇല്ലാതാകുന്നതും പുതിയ സംഘടനകൾ പിറവിയെടുക്കുന്നതും ഓണക്കാലത്താണ്. ഇങ്ങനെ ‘ഓണത്തല്ലിൽ’ പിറവികൊണ്ട സംഘടനകൾ യുകെയിൽ നിരവധിയാണ്. അവയെല്ലാം ഓണത്തിനായി മാത്രം ജനിച്ചവയായി തുടരുകയും ചെയ്യുന്നു.

ഹോട്ടൽ വ്യവസായം നടത്തുന്ന മലയാളികളുടെ ചാകരക്കാലമാണ് ഓണസീസൺ. എല്ലാ സംഘടനകൾക്കും സദ്യയൊരുക്കുന്നത് ഇവരാണ്. തിരുവോണനാളിൽ ഹോട്ടലുകളിൽ പ്രത്യേകം ഓണസദ്യയും ഇവർ ഒരുക്കും. ചിലരൊക്കെ വിദേശികളായ സുഹൃത്തുക്കളെ ഇവിടെയെത്തിച്ച് ഓണമൂട്ടിക്കും.

ഓഡിറ്റോറിയങ്ങളും ചെറിയ സമ്മേളനഹാളുകളും മുൻകൂട്ടി ബുക്കുചെയ്താണ് ആഘോഷം. മലയാളി സമൂഹങ്ങൾ നിരവധിയായതോടെ ദീപാവലിപോലെ ഓണവും ഇവിടെ വിദേശികൾക്ക് സുപരിചിതമായ വാക്കായികഴിഞ്ഞു. മലയാളത്തിന്റെ സെറ്റുസാരിയും മുണ്ടും വാഴയില സദ്യയും ഈ ആഘോഷത്തിലൂടെ പാശ്ചാത്യർക്ക് പരിചിതമാകുന്നു.  

Your Rating: