Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമീലിയയും ഒലിവറും ബ്രിട്ടനിലെ ജനപ്രിയ നാമങ്ങൾ, ലണ്ടനിൽ മുന്നിൽ മുഹമ്മദ്

ലണ്ടൻ∙ ബ്രിട്ടനിൽ നവജാതശിശുക്കൾക്ക് നൽകുന്ന പേരുകളിൽ ആൺകുട്ടികളുടെ ജനപ്രിയ നാമം ഒലിവർ. പെൺകുട്ടികളുടെ പ്രിയപ്പെട്ട പേര് അമീലിയ. തുടർച്ചയായ അഞ്ചാം വർഷമാണ് അമീലിയ ഒന്നാംസ്ഥാനം നിലനിർത്തുന്നത്. ഒലിവർ മൂന്നാം വർഷവും.

രാജ്യത്താകെ അമീലിയയും ഒലിവറുമാണ് മുന്നിലെങ്കിലും തലസ്ഥാനമായ ലണ്ടൻ നഗരത്തിലെ കുട്ടികളുടെ പേരുകളിൽ ഒന്നാം സ്ഥാനം മുഹമ്മദിനാണ്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരുടെ സാന്നിധ്യമാണ് നഗരത്തിലെ നവജാതശിശുക്കളിൽ മുഹമ്മദ് എന്ന പേര് ഒന്നാമതെത്താൻ കാരണം. എന്നാൽ രാജ്യത്തെ ആകെ കണക്കിൽ ആദ്യ പത്തിൽ മുഹമ്മദില്ല.

നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് എല്ലാവർഷവും രാജ്യത്തു ജനിക്കുന്ന കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ആസ്പദമാക്കി തയാറാക്കുന്ന സർവേ റിപ്പോർട്ടിലാണ് പേരുകളുടെ ജനപ്രിയത വ്യക്തമാകുന്നത്. ‘ഡോ. ഹു’ എന്ന ടെലിവിഷൻ പരമ്പരയിലെ അസിസ്റ്റന്റായ അമീലിയ പോണ്ടാണ് അമീലിയ എന്ന നാമം ബ്രിട്ടനിലാകെ പ്രശസ്തമാക്കിയത്. 2011 മുതൽ അമീലിയയ്ക്കാണ് പെൺകുട്ടികളുടെ പേരിൽ ഒന്നാം സ്ഥാനം.

ഇക്കൊല്ലത്തെ സർവേയിൽ ആൺകുട്ടികളുടെ ആദ്യ നൂറിൽ പുതുതായി നാലു പേരുകൾ ഇടംപിടിച്ചു. ജാക്സൺ, റോമൻ, റെഗ്ഗേ, കാർട്ടർ എന്നിവയാണവ. പെൺകുട്ടികളുടെ പ്രിയപ്പെട്ട നൂറു പേരുകളിൽ പുതുതായി എത്തിയവർ പെനലോപ്, മില, ക്ലാര, അരബെല്ല, മാഡിസൺ, അറിയ എന്നിവരാണ്.

പെൺകുട്ടികളുടെ പേരിൽ പ്രശസ്തിയിൽ പിറകോട്ടുപോയത് കെയ്റ്റാണ്. കഴിഞ്ഞവർഷം 22ാം സ്ഥാനത്തായിരുന്ന കെയ്റ്റിന് ഇക്കുറി പട്ടികയിൽ 99 സ്ഥാനമാണ്.

ആൺകുട്ടികളുടെ പേരിൽ പത്തുവർഷമായി ആദ്യപത്തിൽ ഇടം പിടിക്കുന്ന അഞ്ചുപേരുകളുണ്ട്. ഒലിവർ, ജാക്ക്, ഹാരി, വില്യം, തോമസ് എന്നിവയാണിവ. ഡാനിയേലാണ് പത്തുവർഷത്തിനിടെ ഏറ്റവും പിറകിൽപോയ ആൺപേര്.

ഒലിവർ, ജാക്ക്, ഹാരി, ജോർജ്, ജേക്കബ്, ചാർലി, നോഹ, വില്യം, തോമസ്, ഓസ്കർ എന്നിവയാണ് ആൺകുട്ടികളുടെ പേരിൽ ഏറ്റവും ജനപ്രിയമായ പത്തെണ്ണം. പെൺപേരിൽ പ്രശസ്തിനേടിയ പത്തെണ്ണം അമീലിയ, ഒലീവിയ, എമിലി, ഇസ്ല, ആവാ, എല്ല, ജസീക്ക, ഇസബെല്ല, മിയ, പോപ്പി എന്നിവയാണ്.

കുഞ്ഞുങ്ങൾക്ക് പേരിടുന്ന മാതാപിതാക്കളിൽ അഞ്ചിലോരാൾ വീതം ഇട്ട പേരിനെപ്പറ്റി ദു:ഖിക്കുന്നവരാണെന്നാണ് സർവേയിലെ മറ്റൊരു വിചിത്രമായ കണ്ടെത്തൽ. ഇതിൽ രണ്ടുശതമാനം ആളുകൾ പിന്നീട് കുഞ്ഞുങ്ങളുടെ പേര് മാറ്റാൻ ശ്രമിക്കുന്നവരുമാണ്.  

Your Rating: