Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ പുതിയ ശുശ്രൂഷയ്ക്കായി ആപ്തവാക്യം തിരഞ്ഞെടുത്തു

ലണ്ടൻ∙ ബ്രിട്ടനിലെ സിറോ മലബാർ വിശ്വാസികൾ പ്രാർഥനയോടെ കാത്തിരിക്കുന്ന പ്രസ്റ്റൺ രൂപത സ്ഥാപനത്തിന്റെയും, മെത്രാഭിഷേക ശുശ്രൂഷയുടെയും ദിനങ്ങൾ അടുത്ത് വരുമ്പോൾ നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ പുതിയ ശുശ്രൂഷക്കായി ആപ്തവാക്യം തിരഞ്ഞെടുത്തു. പുതിയ നിയോഗത്തിനു ഏറ്റവും യോജിച്ച, വി. പൗലോസ് ശ്ലീഹ തീമോത്തിയോസിലെ സഭക്കെഴുതിയ രണ്ടാം ലേഖനം നാലാം അദ്ധ്യായം അഞ്ചാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന ഒരു ഭാഗമായ 'സുവിശേഷകന്റെ ജോലി ചെയ്യുക' എന്നതാണ് ആപ്തവാക്യം.

ബ്രിട്ടനിലെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിന്റെയും വിശുദ്ധ ഗ്രന്ഥത്തിന്റെയും സഭാ പാരമ്പര്യങ്ങളുടെയും വെളിച്ചത്തിൽ രൂപകൽപന ചെയ്ത ഔദ്യോഗിക മുദ്രയും (ലോഗോ) പുറത്തിറങ്ങി. മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നവർ തങ്ങൾ സ്വീകരിക്കുന്ന ആദർശവാക്യത്തെ മുൻനിർത്തിയാണ് ‌ ശുശ്രൂഷകൾക്ക് രൂപം നൽകുന്നത്. ഈ ആദർശ വാക്യങ്ങൾ എപ്പോഴും വിശുദ്ധ ഗ്രന്ഥത്തിലെ ഒരു ഭാഗമായിരിക്കും. യേശുക്രിസ്തുവും ശ്ലീഹന്മാരും ചെയ്ത ശുശ്രൂഷയുടെ തുടർച്ചയാണ് തങ്ങളും ചെയ്യുന്നത് എന്ന് ഇതിലൂടെ അവർ ലോകത്തോട് പറയുന്നു.

പുതിയതായി രൂപകൽപ്പന ചെയ്‌ത ലോഗോ നിലവിൽ വരുന്നതോടെ രൂപതയിൽ നിന്നും ഔദ്യോഗികമായി നൽകപ്പെടുന്ന എല്ലാ ഉത്തരവുകളിലും  ഈ  മുദ്ര ചാർത്തപ്പെടും. ഒക്ടോബർ ഒൻപതിന് പ്രസ്റ്റണിൽ വച്ചാണ് മെത്രാഭിഷേക ശുശ്രൂഷകളും പ്രെസ്റ്റൺ രൂപതയുടെ സ്ഥാപനവും നടക്കുന്നത്. യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ അനേകായിരം വിശ്വാസികൾ എത്തിച്ചേരുന്ന ഈ ചടങ്ങുകൾ ഏറെ മനോഹരമാക്കുന്നതിനു വേണ്ടി വിവിധ തലങ്ങളിലുള്ള പ്രവർത്തങ്ങൾ നടന്നു വരികയാണ്.

വിവിധ സിറോ മലബാർ കുർബാന കേന്ദ്രങ്ങളിൽ നിന്നും ഇടവകങ്ങളിൽ നിന്നും കുടുംബ യൂണിറ്റുകളിൽ നിന്നും ഒരുമിച്ചു വാഹനങ്ങളിൽ പ്രസ്റ്റണിൽ എത്തിചേരുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളും കൂട്ടായ്മകളും പ്രാർഥനകൾ ചൊല്ലി ഒരുക്കങ്ങൾ നടത്തി വരുന്നു. വിശ്വാസികൾക്ക് ഏറ്റവും അനുഗ്രഹപ്രദമായും ഓർമ്മയിൽ തങ്ങി നിൽക്കുന്നതുമായ രീതിയിൽ ചടങ്ങുകൾ ക്രമീകരിക്കാനുള്ള ഒരുക്കത്തിലാണ് ആഘോഷങ്ങളുടെ ജനറൽ കൺവീനർ സിറോ മലബാർ കോഡിനേറ്റർ ഡോ. തോമസ് പാറയടി, ജോയിന്റ് കൺവീനർ ഡോ. മാത്യു ചൂരപൊയ്കയിൽ എന്നിവരുടെ നേതൃത്വത്തിൽ സിറോ മലബാർ ചാപ്ലിൻമാരും അല്മായ പ്രതിനിധികളുമുൾപ്പെടുന്ന ആഘോഷ കമ്മിറ്റി എന്ന് മീഡിയ കോഡിനേറ്റർ ഫാ. ബിജു കുന്നക്കാട്ട് അറിയിച്ചു.

വാർത്ത∙ ഷൈമോൻ തോട്ടുങ്കൽ

Your Rating: