Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകം പ്രിസ്റ്റൺ ഫുട്ബോൾ സ്റ്റേഡിയത്തിൽ

preston-2

ലണ്ടൻ/പ്രിസ്റ്റൺ∙ബ്രിട്ടനിലെ ആദ്യ സിറോമലബാർ രൂപതയായ പ്രിസ്റ്റണിലെ നിയുക്ത ബിഷപ് മാർ ഡോ. ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ചടങ്ങുകൾ സംഘടിപ്പിക്കുന്നത് പ്രിസ്റ്റണിലെ നോർത്ത് എൻഡ് ഫുട്ബോൾ സ്റ്റേഡിയത്തിൽ. ഇംഗ്ലണ്ടിലെ പ്രമുഖ ഫുട്ബോൾ മൈതാനങ്ങളിലൊന്നായ ഇത് മൽസരത്തിനല്ലാതെ മറ്റൊരാവശ്യത്തിനു നൽകുന്നത് ആദ്യമായാണ്. ഇരുപത്തയ്യായിരം പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കുന്ന വേദിയിലാകും മെത്രാഭിഷേക ചടങ്ങുകൾ. ലങ്കാസ്റ്റർ രൂപതാ ബിഷപ് റവ. ഡോ. മൈക്കിൾ കാംബെൽ, സിറോ മലബാർ സഭാ കോ-ഓഡിനേറ്ററും മെത്രാഭിഷേക ചടങ്ങുകളുടെ ജനറൽ കൺവീനറുമായ ഫാ. തോമസ് പാറയടി, ജോയിന്റ് കൺവീനർ ഫാ. മാത്യു ചൂരപൊയ്കയിൽ, മറ്റ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പ്രിസ്റ്റൺ സിറ്റി കൗൺസിലിന്റെയും ഫുട്ബോൾ അസോസിയേഷന്റെയും ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് ചടങ്ങുകൾക്കായി സ്റ്റേഡിയം വിട്ടുനൽകാൻ ധാരണയായത്.

ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽനിന്നും ചടങ്ങിനെത്തുന്ന ഭക്തസഹസ്രങ്ങൾക്ക് ബസും കാറുകളും മറ്റു വാഹനങ്ങളും പാർക്ക് ചെയ്യുന്നതിന് സ്റ്റേഡിയത്തിനു സമീപം വിപുലമായ സൗകര്യമുണ്ടാകും. സുരക്ഷാകാര്യങ്ങൾ മുൻനിർത്തി പാസുമൂലമാകും ആളുകളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക. പ്രത്യേകം ആംബുലൻസ്, ഫയർ സർവീസുകളും സ്റ്റേഡിയത്തിനു സമീപം സജ്ജമാക്കും. സ്റ്റേഡിയത്തിനുള്ളിൽ ലഘുഭക്ഷണശാലകളും ക്രമീകരിക്കും.

preston-stadium മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ചടങ്ങുകൾ നടക്കുന്ന പ്രിസ്റ്റൺ നോർത്ത് എൻഡ് ഫുട്ബോൾ സ്റ്റേഡിയം.

ഒക്ടോബർ ഒമ്പതിന് ഉച്ചയ്ക്ക് ഒരുമണിക്കാണ് മെത്രാഭിഷേക ചടങ്ങുകൾ ആരംഭിക്കുന്നത്. സിറോ മലബാർ സഭാദ്ധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിലെയും ബ്രിട്ടണിലെയും നിരവധി ബിഷപ്പുമാരും വൈദികരും സഹകാർമികരാകും. സിറോ മലബാർ സഭയുടെ വിവിധ ചാപ്ലൈനുകളിലെ വൈദികരും അൽമായ പ്രതിനിധികളും അടങ്ങുന്ന 15 കമ്മിറ്റികളാണ് ചടങ്ങുകളുടെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.

PR1 6RU എന്നതാണ് ചടങ്ങുനടക്കുന്ന നോർത്ത് എൻഡ് സ്റ്റേഡിയത്തിന്റെ പോസ്റ്റ് കോഡ്. പ്രിസ്റ്റണിലെ സർ ടോം ഫിന്നി വേയിലാണ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. ഇംഗ്ലണ്ടിന്റെ ദേശീയ ഫുട്ബോൾ താരമായിരുന്ന സർ ടോം ഫിന്നിയുടെ (1922-2014) പേരിലാണ് നോർത്ത് എൻഡ് സ്റ്റേഡിയം അറിയപ്പെടുന്നത്. 569 ഫസ്റ്റ്ക്ലാസ് മൽസരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം മരിച്ചപ്പോൾ ഭൗതിക ശരീരം ഈ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വച്ചിരുന്നു.  

Your Rating: