Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ ബ്രിട്ടീഷ് അംബാസഡർ മതം മാറി മുസ്‍ലിമായി

ലണ്ടൻ∙ സൗദി അറേബ്യയിലെ ബ്രിട്ടീഷ് അംബാസഡർ സൈമൺ കോളിസ് മതം മാറി മുസ്‍ലിമായി. സിറിയക്കാരിയായ ഭാര്യയോടൊപ്പം ഇദ്ദേഹം മക്കയിലെത്തി ഹജ്ജ് കർമം നടത്തിയ ശേഷമുളള ചിത്രം പുറത്തുവന്നതോടെയാണ് നയതന്ത്രപ്രാധാന്യമുള്ള ഈ മതപരിവർത്തന വാർത്ത ലോകം അറിഞ്ഞത്.
മുപ്പതു വർഷത്തോളമായി വിവിധ രാജ്യങ്ങളിൽ മുസ്‍ലിം സമൂഹങ്ങളുമായി അടുത്തിടപഴകി ജീവിച്ചതുകൊണ്ടാണ് ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് നേരത്തെ ക്രിസ്തു മതവിശ്വാസിയായിരുന്ന അദ്ദേഹം വ്യക്തമാക്കി.

ഇതുസംബന്ധിച്ച വാർത്ത പുറത്തുവന്നയുടൻ പരമ്പരാഗത മുസ്‍ലിം വേഷമണിഞ്ഞുള്ള സൈമൺ കോളിസിന്റെ ചിത്രങ്ങൾ ബ്രിട്ടീഷ് മാധ്യമങ്ങളുടെ മുഖപേജിൽതന്നെ ഇടംപിടിച്ചു.  നേരത്തെ സിറിയയിലെ ബ്രിട്ടീഷ് അംബാസഡറായിരുന്നു സൈമൺ കോളിസ്. സിറിയയുമായുള്ള ബ്രിട്ടന്റെ നയതന്ത്രബന്ധങ്ങൾ ഏറ്റവും വഷളായത് ഇക്കാലയളവിലാണ്.  
അഞ്ചു കുട്ടികളുടെ പിതാവായ സൈമൺ ഇറാഖ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും ബ്രിട്ടന്റെ അംബാസഡറായിരുന്നു.

നേരത്തെ ഇന്ത്യയിലും യുഎഇ, യെമൻ, ടുണീഷ്യ എന്നിവിടങ്ങളിലും ബ്രിട്ടീഷ് എംബസിയിൽ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള സൈമൺ കോളിസ് ബ്രിട്ടണിലെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരിൽ പ്രമുഖനാണ്.
സിറിയക്കാരിയായ മുസ്‍ലിം സ്ത്രീയുമായി അടുപ്പത്തിലായിരുന്ന കോളിസ് ഇവരെ വിവാഹം കഴിക്കുന്നതിനു തൊട്ടുമുമ്പ് മതം മാറി മുസ്‍ലിം ആയിരുന്നെങ്കിലും ഇക്കാര്യം അധികമാരും അറിഞ്ഞിരുന്നില്ല. ഇന്നലെ ഹജ് കർമ്മത്തിനുശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രം പുറത്തുവന്നതോടെയാണ് നയതന്ത്രലോകം പോലും ഇക്കാര്യം അറിഞ്ഞത്. 

Your Rating: