Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രിയന്‍ മണ്ണില്‍ അക്രമം അനുവദിക്കിക്രല്ല: സെബാസ്റ്റ്യന്‍ കുര്‍സ്

kurz

വിയന്ന∙ ഓസ്ട്രിയന്‍ മണ്ണില്‍ അക്രമം അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സെബാസ്റ്റ്യന്‍ കുര്‍സ്. ഓസ്ട്രിയയിലെ തുര്‍ക്കി അംബാസിഡറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യ മന്ത്രി ഇത് വ്യക്തമാക്കിയത്. 

തുര്‍ക്കിയിലെ വിഫല പട്ടാള അട്ടിമറിശ്രമത്തോടനുബന്ധിച്ചാണ് വിയന്നയിലെ തുര്‍ക്കി വംശജര്‍ പ്രകടനം നടത്തിയത്. എര്‍ഡോഗന്‍ അനുകൂലികളും വിമതരും ഓസ്ട്രിയയില്‍ വെവ്വേറെ പ്രകടനം നടത്തിയിരുന്നു. എര്‍ഡോഗാന്‍ അനുകൂലികളുടെ പ്രകടനം നടക്കവേ കുര്‍ദ്ദുകാര്‍ നടത്തുന്ന റസ്റ്റോറന്റിന് നേരെയുണ്ടായ ആക്രമണമാണ് രാജ്യത്തെ ജനങ്ങളെയും സര്‍ക്കാരിനെയും ഏറെ പ്രകോപിപ്പിച്ചത്.

ആക്രമണങ്ങളില്‍ ഹോട്ടലിലെ സപ്ലയര്‍ക്ക് കാര്യമായ പരിക്ക് സംഭവിക്കുകയും കട അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്‌ പുറമേ നിന്നുള്ള ആഹ്വാനങ്ങള്‍ക്കനുസരിച്ച് ഓസ്ട്രിയയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രാജ്യം വിട്ടു പോകുകയാണ് നല്ലതെന്നും രാജ്യത്തെ ജനത സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

താമസിക്കുന്ന രാജ്യത്തോട് വിശ്വസ്തത പുലര്‍ത്തുവാന്‍ ഏവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ വലതുപക്ഷ പാര്‍ട്ടിയായ ഓസ്ട്രിയ ഫ്രീഡം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി റോബര്‍ട്ട് ഹോഫര്‍ ഒരു പടികൂടി കടന്ന് തുര്‍ക്കി വംശജര്‍ക്ക് ഓസ്ട്രിയന്‍ പൗരത്വം നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു. തന്നെയുമല്ല നിലവിലുള്ള ആക്രമ സംഭവങ്ങളില്‍ പങ്കെടുത്തവരുടെ പൗരത്വം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇരട്ട പൗരത്വം രാജ്യം അനുവദിക്കുന്നില്ലെങ്കിലും ഓസ്ട്രിയയിലെ പല തുര്‍ക്കിക്കാരും ഇരട്ട പൗരത്വം ഉള്ളവരാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധമായി ഇരട്ട പൗരത്വം തുര്‍ക്കിക്കാര്‍ കൈവശം വയ്ക്കുന്നത് രാജ്യത്ത് സമാന്തര നിയമവാഴ്ച പുലരുവാന്‍ ഇടയാക്കുമെന്നും അതുകൊണ്ട് എത്രയും വേഗം തുര്‍ക്കി പൗരന്മാരുടെ ഓസ്ട്രിയന്‍ പൗരത്വം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുര്‍ക്കിയിലെ കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഓസ്ട്രിയയില്‍ ജീവിക്കുന്ന 9,00,00 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അതായത് രാജ്യത്തെ 3,00,000 തുര്‍ക്കികളില്‍ 45 ശതമാനം വോട്ട് രേഖപ്പെടുത്തി എന്നര്‍ത്ഥം. ഇതില്‍ 1,16,000 പേര്‍ തുര്‍ക്കി പൗരന്മാരാണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 1000 തുര്‍ക്കിക്കാര്‍ ഓസ്ട്രിയന്‍ പൗരത്വം എടുത്തു. 

നിലവിലുള്ള നിയമം അനുസരിച്ച് കലാകാരന്മാര്‍, ശാസ്ത്രഞ്ജന്‍മാര്‍, കായിക താരങ്ങള്‍, വ്യവസായികള്‍ എന്നിവര്‍ക്ക് മാത്രമേ ഇരട്ട പൗരത്വം രാജ്യം അനുവദിക്കുന്നുള്ളൂ

വാര്‍ത്ത∙ ഷിജി ചീരംവേലില്‍ 

Your Rating: