Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് അൽഫോൻസാ കത്തീഡ്രൽ പ്രസ്റ്റൺ : ഏറ്റെടുക്കലും പുനഃർസമർപ്പണവും ഒക്ടോബർ 8 ന്

st-aqlphonsa-2

പ്രസ്റ്റൺ∙ ഫ്രാൻസിസ് മാർപാപ്പ, ഗ്രേറ്റ് ബ്രിട്ടനിലെ സിറോ മലബാർ സഭാ വിശ്വാസികൾക്കായി അനുവദിച്ച പുതിയ രൂപതയുടെ കത്തീഡ്രൽ പളളിയായി ഉയർത്തപ്പെടുന്ന സെന്റ് അൽഫോൻസാ ദേവാലയം കത്തീഡ്രലായി ഏറ്റെടുക്കുകയും പുനഃസമർപ്പണം നടത്തുകയും ചെയ്യുന്ന സുപ്രധാന ചടങ്ങ് ഒക്ടോബർ 8ന് നടക്കും. സിറോ മലബാർ സഭയുടെ പിതാവും തലവനുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കുന്ന തിരുക്കർമ്മങ്ങളിൽ മെത്രാന്മാരും വൈദീകരും സന്ന്യസ്തരുമുൾപ്പെടെ നിരവധി പേർ പങ്കെടുക്കും.

8ാം തിയതി വൈകിട്ട് 6 മണിക്ക് വിശിഷ്ടാതിഥികളെ സ്വീകരിച്ച് കത്തീഡ്രൽ ദേവാലയത്തിലേയ്ക്ക് ആനയിക്കുന്നതോടെ ചടങ്ങുകൾക്കു തുടക്കമാവും. തുടർന്ന് ഔദ്യോഗികമായ കത്തീഡ്രൽ സമർപ്പണ പ്രാർഥനാ ശുശ്രൂഷയും രൂപതയുടെ മധ്യസ്ഥയായ വി. അൽഫോൻസാമ്മയോടുളള പ്രത്യേക പ്രാർഥനാ ശുശ്രൂഷകളും നടക്കും. സഭയുടെ ഔദ്യോഗിക സായാഹ്ന നമസ്കാരവും (റംശാ പ്രാർത്ഥന) വി. അൽഫോൻസാമ്മയുടെ തിരുശേഷിപ്പു വണക്കവും ഉണ്ടായിരിക്കും. വൈകിട്ട് 7.30ന് സമാപന ആശീർവാദ പ്രാർത്ഥന (ഹുത്താമ്മ)യോടെ കത്തീഡ്രൽ ഏറ്റെടുക്കൽ ചടങ്ങുകൾ സമാപിക്കും.

st-alphonsa

ബ്രിട്ടനിലെ പഴയകാല കത്തോലിക്കാ വിശ്വാസത്തിന്റെ പ്രൗഢി വിളിച്ചോതുന്നതാണ് കത്തീഡ്രൽ ദേവാലയ പദവിയിലേയ്ക്കുയർപ്പെടുന്ന പ്രസ്റ്റൺ പളളി. ഇംഗ്ലണ്ടിലെ കത്തോലിക്ക വിശ്വാസം വളരെ ശക്തമായിരുന്ന കാലഘട്ടങ്ങളിൽ വലിയ ക്രൈസ്തവ വിശ്വാസ കേന്ദ്രങ്ങളിൽ ഒന്നായാണ് പ്രസ്റ്റൺ അറിയപ്പെട്ടിരുന്നത്. വാസ്തുകലയുടെ മനോഹാര്യത കൊണ്ടും ദേവാലയത്തിന്റെ ഉൾവശം അലങ്കരിച്ചിരിക്കുന്ന സ്റ്റെയിൻ ഗ്ലാസ് ചിത്രങ്ങളും വിശുദ്ധരുടെ തിരുസ്വരൂപങ്ങളും കൊണ്ടും ശക്തമായ ദൈവസാന്നിധ്യചിന്തയും പ്രാർത്ഥനാ അന്തരീക്ഷവും ഈ ദേവാലയത്തിൽ അനുഭവപ്പെടും. ഇംഗ്ലണ്ടിലെ നഷ്ടപ്പെട്ടു പോകുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതാപവും ശക്തിയും വീണ്ടെടുക്കാൻ ആഴമായ വിശ്വാസ ജീവിതവും സഭാ സ്നേഹവുമുളള സിറോ മലബാർ ക്രൈസ്തവരുടെ സാന്നിധ്യം മുതൽ കൂട്ടാവുമെന്നു മനസ്സിലാക്കിയ ലങ്കാസ്റ്റർ രൂപതാ മെത്രാൻ മൈക്കിൾ കാംബെൽ തിരുമേനിയാണ് പ്രസ്റ്റൺ ദേവാലയം സിറോ മലബാർ വിശ്വാസികളുടെ ഉപയോഗത്തിനായി വിട്ടു നൽകിയത്.

അതേ സമയം വി. അൽഫോൻസാമ്മയുടെയും വി. ചാവറയച്ചന്റെയും വി. ഏവുപ്രാസ്യാമ്മയുടെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ഇംഗ്ലണ്ടിലെ അപൂർവ്വം ചില ദേവാലയങ്ങളിൽ ഒന്നാണ് പ്രസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ. ഒക്ടോബർ 9ന് നടക്കുന്ന മെത്രാഭിഷേക തിരുക്കർമ്മങ്ങളുടെ ജോയിന്റ് കൺവീനറും പ്രാദേശിക സംഘാടകനുമായ റവ. ഫാ. മാത്യു ചൂരപൊയ്കയിലാണ് ഇപ്പോ പ്രസ്റ്റൺ സെന്റ് അൽഫോൻസാ ദേവാലയത്തിൽ വികാരിയായി സേവനമനുഷ്ഠിക്കുന്നത്.

വാർത്ത ∙ ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട് 

Your Rating: