Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നുവയസുള്ള പിഞ്ചുബാലനെ നായ കടിച്ചുകൊന്നു

ലണ്ടൻ∙ ഇംഗ്ളണ്ടിലെ എസെക്സിനു സമീപം ഹാൾസ്റ്റെഡിൽ മൂന്നു വയസുള്ള പിഞ്ചുബാലനെ വളർത്തുനായ കടിച്ചുകൊന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഇതു രണ്ടാമത്തെയാളാണ് ബ്രിട്ടനിൽ വളർത്തുനായയുടെ കടിയേറ്റു മരിക്കുന്നത്. തിങ്കളാഴ്ച വെസ്റ്റ് യോർക്ക്ഷെയറിൽ മധ്യവയസ്കനായ ഒരാൾ നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയായി നിലനിൽക്കെയാണ് രാജ്യത്തെയാകെ ഞെട്ടിച്ചുള്ള പിഞ്ചുകുഞ്ഞിന്റെ ദാരുണ മരണം. ഇതോടെ ആക്രമണകാരികളായ ഇനത്തിൽപ്പെട്ട നായ്ക്കളെ വളർത്തുന്നതിനെതിരേ രാജ്യമെങ്ങും പ്രതിഷേധം ശക്തമായി.

ഡെക്സ്റ്റർ നീൽ എന്ന ബ്രിട്ടീഷ് ബാലനാണ് വ്യാഴാഴ്ച വൈകിട്ടു സ്വന്തം വീടിനു സമീപമുള്ള റോഡരികിൽ അമേരിക്കൻ ബുൾഡോഗിന്റെ ആക്രമണത്തിനിരയായത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ എയർ ആംബുലൻസിൽ കേംബ്രിഡ്ജിലെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നായയുടെ ഉടമസ്ഥയായ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. നായയെയും കസ്റ്റഡിയിലെടുത്തു.

ആക്രമണകാരികളായ നായ്ക്കളെ വളർത്തുന്നതിന് ബ്രിട്ടനിൽ നിയന്ത്രണമുണ്ടെങ്കിലും ശക്തമായ നിയമത്തിന്റെ അഭാവംമൂലം പലരും ഇതു നിർബാധം തുടരുകയാണ്. ഡെയ്ഞ്ചറസ് ഡോഗ് ആക്ട് പ്രകാരം വളർത്തുനായയാൽ ആക്രമിക്കപ്പെട്ടാൽ നായയുടെ ഉടമയെക്കതിരേ കേസെടുക്കാം. നായയുടെ ആക്രമണത്തിൽ ആരെങ്കിലും മരിച്ചാൽ ഉടമയ്ക്കെതിരെ നരഹത്യയ്ക്കു കേസെടുക്കാനും വകുപ്പുണ്ട്. എന്നാൽ ആക്രമണത്തിന് ഇരയായ സാഹചര്യം മനപൂർവം വരുത്തിയ വീഴ്ചയായി തെളിയിക്കണം. ഇത് പലപ്പോഴും സാധ്യമല്ലാത്തതിനാൽ മിക്കകേസുകളിലും ഉടമ അനായാസം രക്ഷപെടും. പിഞ്ചുകുഞ്ഞിന്റെ മരണത്തിനിടയായ ഇന്നലത്തെ സംഭവത്തിലും ഉടമയായ യുവതിക്ക് അനായാസം ജാമ്യം ലഭിച്ചത് നിയമത്തിന്റെ ഈ പഴുതിലൂടെയാണ്.

നായയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടാൽ ഉടമയ്ക്ക് 14 വർഷം വരെ ജയിൽശിക്ഷ ലഭിക്കത്തക്കവിധം 2014ൽ നിയമഭേദഗതി വരുത്തിയിരുന്നു. എന്നിട്ടും നിരോധനം മറികടന്ന് ആക്രമണകാരികളായ നായ്ക്കളെ വളർത്തുന്നത് നിർബാധം തുടരുകയാണ്.

പത്തു വർഷത്തിനിടെ ബ്രിട്ടനിൽ 20 പേരാണ് വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 14 പേർ കുട്ടികളായിരുന്നു. നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണവും അനുദിനം വർധിച്ചുവരികയാണ്. കഴിഞ്ഞ ഒരു വർഷം മാത്രം രാജ്യത്ത് ഏഴായിരത്തിലേറെപേർക്ക് നായയുടെ കടിയേറ്റതായി പൊലീസിന്റെ രേഖകൾ വ്യക്തമാക്കുന്നു.

പാർക്കുകളിൽ കളിക്കുന്ന കുട്ടികളും പാഴ്സൽ-പോസ്റ്റ് ഡെലിവറി ജോലികളിൽ ഏർപ്പെടുന്നവരുമാണ് നായയുടെ ആക്രമണത്തിന് ഇരയാകുന്നവരിൽ ഏറെയും.

വാർത്ത∙ടോമി വട്ടവനാൽ 

Your Rating: