Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിറ്റ്‌സർലൻഡിൽ സെപ്റ്റംബർ 17ന് ഓണാഘോഷം

keli-onam

സൂറിച്ച് ∙ സ്വിറ്റ്‌സർലൻഡിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ കേളി സെപ്റ്റംബർ 17ന് വിപുലമായ രീതിയിൽ ഓണമാഘോഷിക്കുന്നു. തിരുവോണം കഴിഞ്ഞു വരുന്ന ശനിയാഴ്ചയാണ് ഓണാഘോഷം നടക്കുക. സൂറിച്ചിലെ വിശാലമായ ഹെസ്‌ലി ഹാളിലാണ് (Hesli Halle, Unterheslibachstr.33,8700 Kuesnacht, Zuerich))പതിവ് പോലെ ഈ വർഷവും ഓണം ആഘോഷിക്കുന്നത്. കേളി എക്സിക്യുട്ടീവ് അംഗങ്ങളും വിവിധ കമ്മിറ്റി അംഗങ്ങളും സംയുക്തമായി ഓണാഘോഷങ്ങളുടെ അവസാന മിനുക്കുപണിയിലാണെന്ന് കൺവീനർ ജൈജു പരിയാടൻ അറിയിച്ചു.

ഓണസദ്യ, പിന്നണി ഗായകരായ ഗായത്രിയും, സുധീപ് കുമാറും ഒരുക്കുന്ന ഗാനമേള, കലാതരംഗിണി മേരി ടീച്ചർ സംവിധാനം ചെയ്യുന്ന അവതരണ ബാലെ കൂടാതെ സ്വിറ്റ്‌സർലൻഡിലെ കലാപ്രതിഭകൾ ഒരുക്കുന്ന നൃത്തനൃത്യങ്ങളും നിറപ്പകിട്ടാർന്ന കലാസായാഹ്നത്തിൽ അരങ്ങേറും. നാടൻ പലഹാരങ്ങളുടെ ലൈവ് തട്ടുകടയും (കഫെ കിയോസ്‌ക്) തുറക്കുന്നതാണ്.

വിളവെടുപ്പ് ഉത്സവമായ ഓണത്തോട് അനുബന്ധിച്ചുള്ള ജൈവ കാർഷിക വിളകളുടെ പ്രദർശനവും വിൽപ്പനയും ഈ വർഷവും ഉണ്ടായിരിക്കുന്നതാണെന്ന് കേളി പ്രസിഡന്റ് അബ്രഹാം ചേന്നംപറമ്പിൽ ആർട്സ് സെക്രട്ടറി ജുബിൻ ജോസഫ് എന്നിവർ അറിയിച്ചു. കേളിയുടെ പതിനെട്ടാമത് ഓണാഘോഷമാണ് തിരുവോണം 2016. സ്വിറ്റ്‌സർലാൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഓണമാഘോഷിക്കുവാൻ ആളുകൾ ഒത്തുകൂടുന്ന ഒരിടം കൂടിയാണ് ഈ വേദി. സൗഹൃദവും ഗൃഹാതുരത്വ സ്മരണകളും പങ്കു വയ്ക്കുന്ന ഓണാഘോഷത്തിന് പ്രവാസി മലയാളി സമൂഹത്തിലുള്ള പ്രസക്തി നാൾക്കുനാൾ വർദ്ധിക്കുന്നതിന് ദൃഷ്ടാന്തമാണ് ഓണാഘോഷത്തിന് വരുന്ന ജനക്കൂട്ടം.

ഇന്ത്യൻ എംബസ്സി ബേണിലെ പ്രതിനിധികൾ സാമൂഹ്യ സേവന പാതയിൽ നിരവധി കാരുണ്യ പ്രവൃത്തികൾ കാഴ്ച വച്ച കേളിയുടെ പുതിയ പദ്ധതിയായ അവയവദാനവുമായി സഹകരിക്കുന്ന സ്വിസ് ട്രാൻപ്ലാന്റ് പ്രതിനിധി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

കേളി കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും നൽകുന്ന നിർലോഭ പിന്തുണയാണ് കേളിയുടെ പ്രവർത്തനങ്ങളുടെ അടിത്തറ. കേളിയുടെ പരിപാടികളിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവൻ കേരളത്തിലെ കാരുണ്യ പ്രവർത്തനത്തിന് വേണ്ടി മാത്രം വിനിയോഗിക്കുന്നുവെന്നത് ഈ സംഘടനയുടെ പ്രത്യേകതയാണ്.

വാർത്ത∙ ജേക്കബ്ബ് മാളിയേക്കൽ 

Your Rating: