Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറ്റാണ്ടിലെ ബ്രിട്ടന്റെ ഏറ്റവും മോശം പ്രധാനമന്ത്രി താച്ചറെന്ന് ചരിത്രകാരന്മാർ

63366784

ലണ്ടൻ∙ നൂറു വർഷത്തിനിടെ ബ്രിട്ടൺ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെന്ന് ചരിത്രകാരന്മാർ. മൂന്നുമാസം മുമ്പ് സ്ഥാനമൊഴിഞ്ഞ ഡേവിഡ് കാമറണാണ് താച്ചറിനു പട്ടികയിൽ രണ്ടാമതെത്തിയത്.

പ്രധാനമന്ത്രിയായി തെരേസ മേയ് നൂറു ദിവസം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് ഹിസ്റ്റോറിക്കൽ റൈറ്റേഴ്സ് അസോസിയേൽഷൻ (എച്ച്ഡബ്ല്യുഎ) അംഗങ്ങൾക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് നൂറു വർഷത്തിനിടയിലെ 19 പ്രധാനമന്ത്രിമാരിൽ ഏറ്റവും മോശപ്പെട്ടവരായി താച്ചർ തെരഞ്ഞെടുക്കപ്പെട്ടത്. ലോകം മുഴുവൻ ഉരുക്കുവനിതയായി അറിയപ്പെടുമ്പോഴും ബ്രിട്ടനിൽ താച്ചർക്ക് വിമർശകർ ഏറെയാണ്. അവരുടെ സംസ്കാരചടങ്ങിനിടെപോലും പ്രതിഷേധ സ്വരമായി ഉയർന്ന ഈ സത്യം ഒരിക്കൽകൂടി വെളിപ്പെടുത്തുന്നതായി ചരിത്രകാരന്മാരുടെ അഭിപ്രായപ്രകടനം.

സർവേയിൽ പങ്കെടുത്തവരിൽ 24 ശതമാനം പേരാണ് താച്ചർ മോശം പ്രധാനമന്ത്രിയായിരുന്നു എന്ന് അഭിപ്രായപ്പെട്ടത്. 22 ശതമാനം കാമറണിനെയും 17 ശതമാനം ചേംബർലൈനെയും ഈ പട്ടികയിൽ പെടുത്തി. ടോണി ബ്ലെയറിനാണ് പട്ടികയിലെ നാലാം സ്ഥാനം. ഗോർഡൻ ബ്രൗണും സർ എഡ്വേർഡ് ഹീത്തും അഞ്ചാം സ്ഥാനം പങ്കിട്ടു.

താച്ചറുടെ നവ-ഉദാര സാമ്പത്തിക നയങ്ങളും തൊഴിലാളിവിരുദ്ധ വ്യവസായ നയങ്ങളുമാണ് ചരിത്രകാരന്മാരുടെ അനിഷ്ടപാത്രമാക്കിയത്. കൗൺസിൽ ഹൗസുകൾ ഇല്ലാതാക്കാൻ നടത്തിയ ശ്രമങ്ങളും ആഗോളതാപനത്തിനെതിരേ ഫലപ്രദമായ നടപടിയെടുക്കാൻ വിമുഖത കാണിച്ചതും തെറ്റായിപ്പോയെന്നതും റേറ്റിങ്ങിൽ താഴ്ത്തിക്കെട്ടാൻ കാരണമായി. സർവേയിൽ പങ്കെടുത്ത 45 എഴുത്തുകാരിൽ 11 പേരും ഈ അഭിപ്രായക്കാരായിരുന്നു. എന്നാൽ താച്ചറുടെ കടുത്ത നയങ്ങൾ പലതും ആ കാലഘട്ടത്തിന് അനിവാര്യമായിരുന്നു എന്നു ചൂണ്ടിക്കാട്ടിയവരുമുണ്ട്. ഏറ്റവും മികച്ച പ്രധാനമന്ത്രിയായും ചിലർ താച്ചറെ വിശദീകരിച്ചു.

യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നു തീരുമാനിക്കാൻ ഹിതപരിശോധന നടത്താനെടുത്ത തീരുമാനമാണ് കാമറണിനെ മോശക്കാരുടെ പട്ടികയിൽ രണ്ടാമതെത്തിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രാജ്യത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് ഒറ്റയ്ക്കു നയിച്ച നേതാവായാണ് കാമറണിനെ പലരും വിലയിരുത്തിയത്. ബ്രക്സിറ്റ് ഹിതപരിശോധനയ്ക്കായെടുത്ത തീരുമാനം ചരിത്രപരമായ വിഡ്ഢിത്തമായും പലരും ചൂണ്ടിക്കാട്ടി.
രണ്ടാം ലോകമഹായുദ്ധത്തിലേക്ക് രാജ്യത്തെ നയിച്ച സാഹചര്യം ഒഴിവാക്കാനാകാതെ പോയതാണ് ചേബർലൈന്റെ റേറ്റിങ് താഴ്ത്തിയത്.

ഇറാഖ് യുദ്ധത്തിനായി എടുത്ത തീരുമാനം ടോണി ബ്ലെയറിനെയും, ആഗോള സാമ്പത്തികമാന്ദ്യത്തിൽനിന്നും രാജ്യത്തെ രക്ഷിക്കാൻ കഴിയാതെ പോയത് ഗോർഡൻ ബ്രൗണിനെയും പട്ടികയിൽ പിന്നിലാക്കി.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.