Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപദേശക ജോലി കുറച്ച് ടോണി ബ്ലെയർ സേവന പ്രവർത്തനത്തിന്

ലണ്ടൻ∙ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, കോടികൾ പ്രതിഫലം വാങ്ങിയുള്ള ഉപദേശക ജോലികളും ലോബിയിങ്ങും കുറച്ച് ചാരിറ്റി പ്രവർത്തനത്തിനും പ്രതിഫലമില്ലാത്ത മറ്റു ജോലികൾക്കുമായി സമയം മാറ്റിവയ്ക്കുന്നു. കൺസൾട്ടൻസി ജോലികൾക്കായി അദ്ദേഹം ആരംഭിച്ച ‘’ടോണി ബ്ലെയർ അസോസിയേറ്റ്സ്’’ എന്ന കമ്പനിയും അതിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ‘’വിൻഡ് റഷ്’’, ‘’ഫയർ റഷ്’’ എന്നീ സ്ഥാപനങ്ങളും ഉടൻതന്നെ പ്രവർത്തനം നിർത്തും.

വാണിജ്യാടിസ്ഥാനത്തിലുള്ള ഉപദേശക കരാറുകൾ ചെറിയ തോതിൽ മാത്രമേ തുടരുന്നുള്ളൂ എന്നും 80% സമയവും പ്രതിഫലമില്ലാത്ത മറ്റു ജോലികൾക്കായി നീക്കിവയ്ക്കാൻ തീരുമാനിക്കുകയാണെന്നും ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. വൻ തുക പ്രതിഫലം വാങ്ങിയുള്ള കൺസൾട്ടൻസി ബിസിനസുകൾ നടത്തുന്നതിന്റെ പേരിൽ ബ്ലെയറിന് ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. പണത്തിനായി എന്തും ചെയ്യുമെന്ന ദുഷ്പേര് സമ്പാദിച്ച അദ്ദേഹം ഇറാഖ് യുദ്ധത്തിന്റെ പേരിൽ പ്രതിക്കൂട്ടിലായതിനു പിന്നാലെയാണ് കൺസൾട്ടൻസി സർവീസുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

പ്രധാനമന്ത്രിപദം ഒഴിഞ്ഞ ശേഷം 2007ൽ രാഷ്ട്രീയത്തിൽനിന്നും വിരമിച്ച ടോണി ബ്ലെയർ മധ്യേഷ്യയിലെ സമാധാന ശ്രമങ്ങൾക്കുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതനായി നിയമിതനായെങ്കിലും ഇതിനേക്കാൾ അദ്ദേഹത്തിനു താൽപര്യം ദശലക്ഷങ്ങൾ പ്രതിഫലം വാങ്ങിയുള്ള ഉപദേശക ജോലികളിലായിരുന്നു. ഇതിനായി പ്രത്യേകം കമ്പനിവരെ രൂപീകരിച്ച അദ്ദേഹം പല മൾട്ടി നാഷണൽ ബിസിനസ് ഗ്രൂപ്പുകളുമായും വിദേശ സർക്കാരുകളുമായും കരാറിലേർപ്പെട്ടു.

ബിസിനസ് കാര്യങ്ങൾ എന്നും രഹസ്യമായി സൂക്ഷിച്ച അദ്ദേഹത്തിന് ‘’ജെ.പി. മോർഗൺ’’ എന്ന കമ്പനി മാത്രം വർഷം തോറും നൽകി വന്നിരുന്നത് ഇരുപതു ലക്ഷം ബ്രിട്ടീഷ് പൗണ്ടായിരുന്നു. സാമ്പത്തിക ലാഭമുണ്ടാകുന്ന ചില കരാറുകൾ കസാഖിസ്ഥാൻ സർക്കാരുമായി തനിക്കുണ്ടെന്ന് അടുത്തിടെ അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു.

വിവിധ രാജ്യങ്ങളിലായി ഇരുന്നൂറിലേറെ പേർ ബ്ലെയറിന്റെ കമ്പനികളിൽ ജോലി ചെയ്യുന്നുണ്ട്.

ഇതിനോടകം ബ്ലെയർ ആരംഭിച്ചുകഴിഞ്ഞ ‘’ഫെയ്ത്ത് ഫൌണ്ടേഷൻ’’, ‘’സെന്റർ ഫോർ ജിയോ പൊളിറ്റിക്സ് ആൻഡ് റിലീജിയൻ’’ എന്നീ സ്ഥാപനങ്ങളിലൂടെയാവും പ്രതിഫലം ലക്ഷ്യമാക്കാത്ത അദ്ദേഹത്തിന്റെ തുടർ പ്രവർത്തനങ്ങൾ. ഇസ്ലാമിക തീവ്രവാദത്തിന്റെ മൂലകാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനും മതസൌഹാർദം ഊട്ടിയുറപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ലോകമാകെ ആരാധകരുള്ള ബ്ലയറിന്റെ ലക്ഷ്യം. ബിസിനസിലൂടെ കഴിഞ്ഞ ഒമ്പതു വർഷം സമ്പാദിച്ച പണം ഇതിനായി മാറ്റിവയ്ക്കുമെന്ന് അദ്ദേഹം പറയുന്നു.

അറുപത്തിമൂന്നുകാരനായ ടോണി ബ്ലെയർ 1997 മുതൽ 2007 വരെ പത്തുവർഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്. തുടർന്ന് എട്ടുവർഷം മധ്യേഷ്യയിലെ യു.എന്നിന്റെ പ്രത്യേക ദൂതനായി സേവനമനുഷ്ടിച്ചു. ഇക്കാലയളവിലാണ് അദ്ദേഹം കൺസൾട്ടൻസി ബിസിനസുകൾ കെട്ടിപ്പൊക്കിയത്.  

Your Rating: