Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെർജിൻ മേധാവി റിച്ചാർഡ് ബ്രാൻസണ് സൈക്കിൾ അപകടത്തിൽ പരുക്ക്

branson

ലണ്ടൻ∙ ബ്രിട്ടണിലെ ബിസിനസ് രാജാവും വെർജിൻ ഗ്രൂപ്പ് കമ്പനികളുടെ ഉടമയുമായ സർ റിച്ചാഡ് ബ്രാൻസണ് സൈക്കിൾ സവാരിക്കിടെയുണ്ടായ അപകടത്തിൽ സാരമായ പരുക്ക്. അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കരീബിയൻ ദ്വീപായ വെർജിൻ ഗോർഡയിൽ തിങ്കളാഴ്ചയായിരുന്നു അപകടം. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ബ്രാൻസൺ തന്നെയാണ് അപകടത്തിന്റെ വിശദാംശങ്ങളും ചിത്രങ്ങളും ലോകത്തോടു പങ്കുവച്ചത്.

മക്കളായ ഹോളി, സാം എന്നിവരോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെയായിരുന്നു 66 കാരനായ ബ്രാൻസണ് അപകടം പിണഞ്ഞത്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹം മക്കളോടൊപ്പം സൈക്കിളിൽ അൽപം സാഹസികത നിറഞ്ഞ വഴിയിലൂടെ യാത്രചെയ്യവേയാണ് അപകടമുണ്ടായത്.

branson-03

കവിളിലും ചുണ്ടിലും താടിയിലും കഴുത്തിലും കാൽമുട്ടിനും സാരമായ പരുക്കുണ്ട്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അതെന്നും ഹെൽമറ്റ് ധരിച്ചിരുന്നതുകൊണ്ടു മാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം ബ്ലോഗിൽ കുറിച്ചു. ചെങ്കുത്തായ പാറക്കെട്ടിലേക്ക് പറന്നുപോയ സൈക്കിൽ തകർന്ന് തരിപ്പണമായി. സൈക്കിളിൽ നിന്നും തെറിച്ച് റോഡിൽ വീണതുകൊണ്ടാണ് ബ്രാൻസൺ രക്ഷപ്പെട്ടത്.

ലോക്കൽ ആശുപത്രിയിൽനിന്നും പിന്നീട് അമേരിക്കയിലെ മിയാമിയിലെത്തിച്ച ബ്രൻസണെ വിദഗ്ധ പരിശോധനകൾക്ക് വിധേയനാക്കി. ചൊടിയ്ക്കു പരിക്കുള്ളതിനാൽ ചായ കുടിക്കുന്നതിനാണ് ഏറ്റവും വലിയ തടസമെന്ന് പരുക്കിന്റെ വിശദാംശങ്ങൾ വിവരിച്ചുകൊണ്ട് അദ്ദേഹം എഴുതി.

ഇറ്റലിയിലെ സിസിലിയിലുള്ള എറ്റ്ന മലനിരകളിൽ അടുത്തമാസം നടക്കാനിരിക്കുന്ന വെർജിൻ സ്ട്രൈവ് ചലഞ്ചിനുള്ള തയാറെടുപ്പിനായാണ് മക്കളെയും കൂട്ടി അദ്ദേഹം സൈക്കിൾ സവാരിയ്ക്കിറങ്ങിയത്. പരുക്ക് വേഗം ഭേദമായാൽ മുൻനിശ്ചയപ്രകാരം ഈ മൽസരത്തിൽ പങ്കെടുക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


 

Your Rating: