Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെസ്റ്റ് ഹാം സ്റ്റേഡിയം ഓർമയിൽ മറയുന്നു

ലണ്ടൻ∙ ഈസ്റ്റ് ലണ്ടനിലെ അപ്റ്റൺ പാർക്കിന്റെ മുഖമുദ്രയായിരുന്ന വെസ്റ്റ് ഹാം ഫുട്ബോൾ സേറ്റേഡിയം ചരിത്രത്തിന്റെ ഏടുകളിലേക്ക് മറയുന്നു. മാസങ്ങൾക്കുമുമ്പേ ക്ലബ്, രാജ്യാന്തര മൽസരങ്ങളുടെ ആരവമൊഴിഞ്ഞ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന ചാരിറ്റി മൽസരങ്ങളോടെ അവസാന വിസിൽ മുഴങ്ങി. കാൽപന്തുകളിയിലെ നിരവധി ചരിത്രമുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ച ഗാലറികളും മറഡോണയും മെസ്സിയും റോണാൾഡോയും ഉൾപ്പെടെയുള്ള ലോകതാരങ്ങൾ ഓടിക്കളിച്ച പുൽത്തകിടിയും ഇനി ഓർമകളിൽ മാത്രം. വീടുകളും ഫ്ലാറ്റ് സമുച്ചയവുമായി രൂപാന്തരം പ്രാപിക്കുന്ന സ്റ്റേഡിയം കോംപ്ലെക്സിൽ താരരാജാക്കന്മാരുടെ ബൂട്ടുകൾ പതിഞ്ഞ പുൽത്തകിടിയുടെ ഏതാനും ഭാഗംമാത്രം ചരിത്രശേഷിപ്പായി തുടരും.

112 വർഷത്തെ ഫുട്ബോൾ ചരിത്രമാണ് അപ്റ്റൺ പാർക്കിലെ വെസ്റ്റ് ഹാം സ്റ്റേഡിയത്തിനുള്ളത്. വെസ്റ്റ് ഹാം ക്ലബ്ബ് സ്ട്രാറ്റ്ഫോർഡിലെ ഒളിംപിക്സ് സ്റ്റേഡിയം ഹോം ഗ്രൗണ്ടാക്കി മാറ്റിയതോടെയാണ് അപ്റ്റൺ പാർക്ക് സ്റ്റേഡിയത്തിന് തിരശീല വീണത്. അവസാന മൽസരത്തിനു മുമ്പ് ഒരു ഹോളിവുഡ് സിനിമയുടെ സെറ്റായും സ്റ്റേഡിയം രൂപം മാറി.

പ്രോപ്പർട്ടി ഡവലപ്പർമാരായ ബാരറ്റ് ലണ്ടനാണ് സ്റ്റേഡിയം കോംപ്ലക്സ് വിലയ്ക്കുവാങ്ങി പാർപ്പിട സമുച്ചയമാക്കുന്നത്. ബുധനാഴ്ച തന്നെ ഇതിനുള്ള പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. മാസങ്ങൾക്കുള്ളിൽ സ്റ്റേഡിയവും കാർപാർക്കും ഉൾപ്പെടെയുള്ള പ്രദേശം 842 വീടുകളായി മാറും. ഷോപ്പിംങ് മാളും ലൈബ്രറിയും പുതിയ സൈക്കിൾ റൂട്ടുകളും ഉൾപ്പെടുത്തിയാകും നിർമാണം. വെസ്റ്റ് ഹാമിന്റെ ഫുട്ബോൾ പൈതൃകം പ്രതിഫലിപ്പിക്കാനായി ഇംഗ്ലണ്ടിന് ലോകകപ്പ് ഫുട്ബോൾ നേടിക്കൊടുത്ത ടീമിന്റെ ക്യാപ്റ്റനും ക്ലബിന്റെ എക്കാലത്തെയും മികച്ച കളിക്കാരനുമായിരുന്ന ബോബി മൂറിന്റെ പ്രതിമയും പുതിയ സമുച്ചയത്തിൽ സ്ഥാപിക്കും.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.