Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ

labour-rest

മനാമ∙ ബഹ്റൈനിൽ പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്കു കടുത്ത ചൂടിൽനിന്നു രക്ഷയേകുന്നതിനുള്ള ഉച്ചവിശ്രമനിയമം പ്രാബല്യത്തിലായി. നിയമം കർശനമായി നടപ്പാക്കണമെന്ന് തൊഴിൽ-സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം തൊഴിലുടമകൾക്ക് നിർദേശം നൽകി. ചൂട് കനക്കുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ച 12 മുതൽ വൈകിട്ട് നാലുവരെയാണ് പുറംജോലികൾക്കു വിലക്കുള്ളത്. നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ആവശ്യമായ മുന്നൊരുക്കങ്ങൾ മന്ത്രാലയം നടത്തിയിട്ടുണ്ട്.

പ്രധാന നിരത്തുകളിൽ ഇതു സംബന്ധിച്ച് പരസ്യ ബോർഡുകൾ സ്ഥാപിക്കും. തൊഴിലാളികളിൽ അവബോധം സൃഷ്ടിക്കാൻ ബോധവൽക്കരണ പരിപാടികൾ, ലഘുലേഖ വിതരണം എന്നിവ നടത്തും. മാധ്യമങ്ങൾ വഴി പരസ്യവും നൽകും. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലിടങ്ങളിലെ അപകടങ്ങൾ കുറയ്ക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൂര്യാതപമേറ്റുകഴിഞ്ഞാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചും അത് തടയുന്നതിനുള്ള മാർഗങ്ങളെ സംബന്ധിച്ചും തൊഴിലാളികളെ ബോധവൽക്കരിക്കണമെന്ന് കമ്പനികളോടും സ്ഥാപനങ്ങളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ജോലി നിയന്ത്രണം നിലവിലുള്ള രണ്ടു മാസങ്ങളിൽ തൊഴിലിടങ്ങളിൽ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സംഘം പരിശോധന നടത്തുകയും നിയമ ലംഘനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

കഴിഞ്ഞ വർഷം ഭൂരിഭാഗം കമ്പനികളും നിയമം പാലിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികളിൽ നിന്ന് 500 ദിനാറിൽ കുറയാത്ത പിഴ ഈടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പല നിർമാണ കമ്പനികളും ഈ കാലയളവിൽ രാവിലെ നാലു മുതൽ ഉച്ചക്ക് 12 മണി വരെയോ അല്ലെങ്കിൽ വൈകിട്ട് നാലുമുതൽ രാത്രി 12 വരെയോ തൊഴിൽസമയം ക്രമീകരിക്കുകയാണ് പതിവ്. ഏതെങ്കിലും കമ്പനികൾ തൊഴിലാളികളെക്കൊണ്ട് നിരോധിത സമയത്ത് ജോലി ചെയ്യിക്കുന്നുണ്ടെങ്കിൽ അക്കാര്യം അധികൃതരെ അറിയിക്കാവുന്നതാണ്.

Your Rating: