Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ റജിസ്ട്രേഷൻ: വീഴ്ച അരുതെന്ന് എംബസി

mouse

മനാമ ∙ ബഹ്റൈനിലുള്ള ഇന്ത്യക്കാർ ഇന്ത്യൻ എംബസിയിലെ ഓൺലൈൻ സൈറ്റിൽ വിവരങ്ങൾ ചേർക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ഇന്ത്യൻ‍ എംബസി ചാർ‍ജ് ഡി അഫയേഴ്‌സ് മീര സിസോദിയ അഭ്യർ‍ഥിച്ചു. എല്ലാ ഇന്ത്യക്കാരും സൈറ്റിൽ റജിസ്റ്റർ ചെയ്ത് തങ്ങളുടെ വിവരങ്ങൾ ചേർക്കണമെന്ന് കഴിഞ്ഞമാസം ആവശ്യപ്പെട്ടതാണെങ്കിലും ഇതുവരെ 4000 പേർ മാത്രമാണ് അതിനു തയാറായത്. ബഹ്റൈനിൽ‍ ആകെ മൂന്നരലക്ഷം ഇന്ത്യക്കാരുണ്ടെന്ന് കണക്കാക്കപ്പെടുന്നിടത്താണിത്. ബഹ്റൈനിൽ‍ മാത്രം നടക്കുന്ന കാര്യമല്ല ഓൺലൈൻ റജിസ്ട്രേഷൻ. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ഡാറ്റ തയാറാക്കുന്നതിന്റെ ഭാഗമാണിത്.

അതിനാൽ‍ വിവരങ്ങൾ നൽകാൻ ആരും ഭയക്കേണ്ടതില്ലെന്ന് സിസോദിയ പറ‍ഞ്ഞു. ഇന്ത്യൻ‍ എംബസി സംഘടിപ്പിച്ച ഓപ്പൺ‍ ഹൗസിന് ശേഷം വാർ‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലേബർ ക്യാംപിലും മറ്റും താമസിക്കുന്ന, ഓൺ‍ലൈനിൽ‍ റജിസ്റ്റർ‍ ചെയ്യാൻ സാധിക്കാതെ പോകുന്നവരെ സഹായിക്കാൻ എംബസി ആലോചിക്കുന്നുണ്ട്. കമ്പനിയുടമകളുമായി സംസാരിച്ച് ലേബർ‍ ക്യാംപുകളിൽ കംപ്യൂട്ടർ എത്തിച്ച് റജിസ്‌ട്രേഷൻ നടത്താനാവുമോ എന്നാണ് പരിശോധിക്കുന്നത്. രാജ്യത്ത് നിയമവിരുദ്ധമായി ഇന്ത്യക്കാർ‍ തങ്ങുന്നതിനെ പ്രോൽസാഹിപ്പിക്കാനാവില്ല.

എന്നാൽ‍ ഇക്കൂട്ടർ‍ക്കും എംബസിയിൽ‍ റജിസ്റ്റർ‍ ചെയ്യാവുന്നതാണെന്ന് അദ്ദേഹം ഓർ‍മിപ്പിച്ചു. റജിസ്റ്റർ‍ ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ മുമ്പൊരിക്കൽ‍ അന്നത്തെ ഇന്ത്യൻ‍ അംബാസഡർ‍ ജോർ‍ജ് ജോസഫ് ശ്രമം നടത്തിയിരുന്നു. എന്നാൽ അന്ന് വിരലിലെണ്ണാവുന്നവർ‍ മാത്രമാണ് റജിസ്റ്റർ‍ ചെയ്തത്. അടിയന്തര ഘട്ടങ്ങളിൽ‍ ഓരോരുത്തർക്കും ഏറെ സഹായങ്ങൾ ലഭിക്കാൻ ഉതകുന്നതാണ് ഓൺലൈൻ റജിസ്ട്രേഷൻ. ഇന്ത്യക്കാർ‍ ബഹ്റൈനിൽ‍ ജോലിക്കെത്തിയാൽ ആദ്യം തന്നെ എംബസിയിൽ‍ റജിസ്റ്റർ‍ ചെയ്യാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്തവരെ സഹായിക്കാൻ സംഘടനകൾ മുൻകയ്യെടുക്കണം. വെബ്സൈറ്റിലെ പോരായ്മകൾ ഉടൻ പരിഹരിക്കും. പൊതുമാപ്പ് ലഭിച്ച ചില തടവുകാരുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുപോക്കിന് ഉടൻതന്നെ പരിഹാരം കാണുമെന്നും ഇക്കാര്യത്തിൽ ചില ചെറിയ തടസ്സങ്ങൾ മാത്രമാണ് നിലനിൽക്കുന്നതെന്നും സിസോദിയ പറഞ്ഞു. യാത്രാ നിരോധനമുള്ളവർ, മുമ്പ് എന്തെങ്കിലും തരത്തിൽ പിഴ ഒടുക്കാൻ ബാക്കിയുള്ളവർ തുടങ്ങി ചുരുക്കം ചിലരുടെ മാത്രമാണ് തിരിച്ചുപോക്ക് വൈകുന്നതെന്നും അത് ഉടൻതന്നെ പരിഹരിച്ച് മോചിതരായ എല്ലാവരെയും നാട്ടിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Your Rating: