Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്റെ രക്ഷകൻ’ ബൈബിൾ ഷോ; ആദ്യ പ്രദർശനം ജനുവരിയിൽ

മനാമ ∙ യേശുക്രിസ്തുവിന്റെ ജീവിതവും സന്ദേശവും ഇതിവൃത്തമാക്കി ‘എന്റെ രക്ഷകൻ’ മെഗാ ബൈബിൾ ഷോ ഒരുക്കുകയാണെന്നു സൂര്യ കൃഷ്ണമൂർത്തി. ആദ്യ പ്രദർശനം ജനുവരിയിൽ തിരുവനന്തപുരത്തു നടക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യ പ്രദർശനത്തിനുശേഷം ഡൽഹിയിൽ ഒൗദ്യോഗിക ഉദ്ഘാടനം നടക്കും. മൂന്നുനില കെട്ടിടത്തിന്റെ ഉയരമുള്ള കൂറ്റൻ സെറ്റാണ് ഒരുക്കുന്നത്. 6000 ചതുരശ്ര അടിയാണു സ്റ്റേജിന്റെ വിസ്തീർണം.

നൂറ്റൻപതോളം കലാകാരന്മാർ അണിനിരക്കും. അത്യാധുനിക സാങ്കേതികവിദ്യകൾ സന്നിവേശിപ്പിച്ചുള്ള സെറ്റിൽ നിമിഷങ്ങൾക്കകം ദൃശ്യങ്ങൾ മാറിമറയും. യൂറോപ്പിലും അമേരിക്കയിലും വലിയ ബൈബിൾ പ്രദർശനങ്ങളുണ്ടെങ്കിലും അതെല്ലാം ഒരുസ്ഥലത്തു കേന്ദ്രീകരിച്ചുള്ളതാണെന്നും ഇത്തരം സഞ്ചരിക്കുന്ന മെഗാഷോ പുതിയ അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പട്ടണം റഷീദ് ആണു മേക്കപ്പ് നിർവഹിക്കുന്നത്. രമേശ് നാരായണൻ സംഗീതം നൽകും. ഗാനരചന കവി വി.മധുസൂദനൻ നായർ. മജീഷ്യൻ മുതുകാടിന്റെ സഹകരണവുമുണ്ട്.

ചങ്ങനാശേരി സർഗക്ഷേത്ര കലാ-സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിലുള്ള ഷോയ്ക്കു മാർ ക്രിസോസ്റ്റം ഗ്ലോബൽ പീസ് ഫൗണ്ടേഷന്റെ സഹകരണമുണ്ടെന്നും സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എൻ.കെ.വീരമണി, കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി, ‘സർഗക്ഷേത്ര’ ഡയറക്ടർ ഫാ. അലക്സ് പ്രായിക്കുളം, റെജി കൊപ്പാറ, ജിജി ഫ്രാൻസിസ്, പി.കെ.രാജു, വർഗീസ് കാരക്കൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Your Rating: