Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽപീഡനം ചോദ്യംചെയ്തവരെ സ്പോൺസർ ഇറക്കിവിട്ടു; 80 ഇന്ത്യക്കാർ നാട്ടിലേക്ക്

gulf

മനാമ ∙ താമസകേന്ദ്രത്തിൽനിന്നു സ്പോൺസർ ഇറക്കിവിട്ട 80 ഇന്ത്യൻ തൊഴിലാളികൾ എംബസിയെ സമീപിച്ചു. ഇവരെ നാട്ടിലെത്തിക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കമ്പനിയിലെ നിയമലംഘന തൊഴിൽരീതികൾ ചോദ്യം ചെയ്തതിന്റെ പേരിലാണു കഴിഞ്ഞ രാത്രിയിൽ കമ്പനിയുടെ താമസകേന്ദ്രത്തിൽ പ്രവേശിക്കുന്നതിൽനിന്നു സ്പോൺസർ വിലക്കിയതെന്നു തൊഴിലാളികൾ പരാതിപ്പെട്ടു. എംബസി അധികൃതർ ഇടപെട്ടതിനെ തുടർന്ന് ഇവരെ നാട്ടിലേക്കു തിരിച്ചയയ്ക്കാൻ സ്പോൺസർ സന്നദ്ധത അറിയിച്ചു.

ശമ്പളക്കുടിശികയും അനുബന്ധ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. ദിവസും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെയാണു തുടർച്ചയായി തൊഴിലെടുക്കേണ്ടി വന്നത്. വേനൽക്കാലത്തു സർക്കാർ ഏർപ്പെടുത്തിയ ഉച്ചവിശ്രമംപോലും നിഷേധിക്കപ്പെട്ടെന്നു തൊഴിലാളികൾ പറയുന്നു. ഇക്കാര്യം ചോദ്യം ചെയ്തതാണു സ്പോൺസറെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിനാണു തൊഴിലിലെ നീതിനിഷേധം ചൂണ്ടിക്കാട്ടി ഇവർ കമ്പനി ഓഫിസിലെത്തിയത്.

തുടർന്ന് ഇവരെ താമസസ്ഥലത്തു പ്രവേശിക്കുന്നതിൽനിന്നു വിലക്കുകയായിരുന്നു. 70 ബഹ്റൈൻ ദിനാർ ആണ് ഇവർക്കു ലഭിച്ചിരുന്ന ശമ്പളം. ഭക്ഷണത്തിനായി 10 ദിനാറും നൽകിയിരുന്നു. ഓയിൽ ടാങ്കർ അറ്റകുറ്റപ്പണി പോലുള്ള കഠിനജോലികൾ ചെയ്യേണ്ടി വരുമെങ്കിലും ശമ്പളം സംബന്ധിച്ച് ആരും പരാതി ഉന്നയിച്ചിരുന്നില്ല. എന്നാൽ, ശീതീകരിച്ച മുറികളിൽപ്പോലും കഴിയാൻ ആളുകൾ പ്രയാസപ്പെടുന്ന വേനലിൽ നട്ടുച്ചയ്ക്കു തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെട്ടതോടെയാണു പരാതിപ്പെട്ടതെന്ന് ഇവർ പറഞ്ഞു. തുടർന്ന് എംബസി വിഷയത്തിൽ ഇടപെടുകയായിരുന്നു.

Your Rating: