Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ശ്രാവണം 2016’ ന് ഇന്നു തുടക്കം.

onam

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജത്തിൽ ‘ശ്രാവണം 2016’ ഓണാഘോഷത്തിന് ഇന്നു തുടക്കം. രാത്രി എട്ടിനു കെ.ബി.ഗണേഷ് കുമാർ എംഎൽഎ ഉദ്‌ഘാടനം നിർവഹിക്കും. ഇന്ത്യൻ സ്‌ഥാനപതി അലോക് കുമാർ സിൻഹ മുഖ്യാതിഥിയായിരിക്കും. നോർക്ക റൂട്‌സ് ഡയറക്‌ടർ ഇസ്‌മായിൽ റാവുത്തർ സംബന്ധിക്കും. തുടർന്ന് വനിതാവേദി സംഘടിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ് മൽസരവും നടക്കും.

നാളെ രാവിലെ 10 മുതൽ അത്തപ്പൂക്കള മൽസരം, വൈകിട്ട് 3.30നു പായസ മേള, രാത്രി എട്ടു മുതൽ മധു ബാലകൃഷ്‌ണനും സുമി അരവിന്ദും അവതരിപ്പിക്കുന്ന നാദബ്രഹ്‌മം മ്യൂസിക് ക്ലബ്ബിന്റെ ‘മധുര മധുനാദം’ സംഗീത പരിപാടി എന്നിവയുണ്ടാകും. പത്തിനു വൈകിട്ട് നൂറുപേർ അണിനിരക്കുന്ന മെഗാ ഒപ്പന, തുടർന്ന് ശുഭ അജിത് ഒരുക്കുന്ന കേരള നടനം, അഫ്‌സലും ജോത്സ്‌നയും ചേർന്ന് ഒരുക്കുന്ന ‘ഇശൽ ഈണം’ ഗാനമേള എന്നിവ നടക്കും.

11ന് ദിനേശ് കുറ്റിയിലും സംഘവും അവതരിപ്പിക്കുന്ന വില്ലടിച്ചാൻ പാട്ട്, സമാജം കലാവിഭാഗത്തിന്റെ നേതൃത്വത്തിൽ ഓണപ്പാട്ടുകൾ, മലയാളം പാഠശാല വിദ്യാർഥികളുടെ ചിത്രീകരണങ്ങൾ, നൃത്താവിഷ്‌കാരം എന്നിവയുണ്ടാകും. 12നു രാവിലെ 10നു കബഡി, വൈകിട്ട് അഞ്ചുമുതൽ പുലികളി, 6.30നു ഘോഷയാത്ര. 13നു രാവിലെ 10നു ബഹ്‌റൈനിലെ വിവിധ തൊഴിൽ സ്‌ഥാപനങ്ങളിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന പരിപാടികൾ ഉൾപ്പെടുത്തി കലാമേള, മൂന്നിനു വടംവലി മത്സരം, നാടൻപാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടൻപാട്ട്, ഒൻപതിനു വനിതാവേദിയുടെ തിരുവാതിര മത്സരം എന്നിവ നടക്കും.

തിരുവോണ നാളിൽ വൈകിട്ടു തിരുവാതിര, പന്തളം ബാലനും രാധിക നാരായണനും അവതരിപ്പിക്കുന്ന ഗാനമേള എന്നിവയുണ്ടാകും. 15ന് 7.30ന് ഓണപ്പുടവ മൽസരം, തുടർന്ന് ഉഷാ ഉതുപ്പും സംഘവും അവതരിപ്പിക്കുന്ന ‘എന്റെ കേരളം എത്ര സുന്ദരം’ സംഗീത പരിപാടി എന്നിവ അരങ്ങേറും. 16നു രാത്രി സമാപന ചടങ്ങിൽ എം.ജി.ശ്രീകുമാർ, നടി അംബിക, സിതാര, രമേഷ് പിഷാരടി തുടങ്ങിയവർ അണിനിരക്കും.

നടൻ മോഹൻലാലിനുള്ള സമർപ്പണമായാണു ഗാനമേള നടക്കുന്നത്. 23ന് പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന ഓണസദ്യയിൽ അയ്യായിരത്തോളം പേർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്‌ണപിള്ള, ജനറൽ സെക്രട്ടറി എൻ.കെ.വീരമണി, ഇ.കെ.പ്രദീപൻ, സിറാജുദ്ദീൻ, മനോഹരൻ പാവറട്ടി, ഹരികൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.

Your Rating: