Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭർത്താവ് കടന്നുകളഞ്ഞെന്ന പരാതിയുമായി യുവതി ഓപ്പൺ ഹൗസിൽ

മനാമ ∙ പത്തു മാസം പ്രായമായ കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ചു ഭർത്താവ് നാട്ടിലേക്കു കടന്നുകളഞ്ഞതായി മലയാളി യുവതി എംബസിയിൽ പരാതി നൽകി. ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന യുവതിയാണു പരാതിക്കാരി. കുഞ്ഞിനൊപ്പം കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ഇവർ ആറു മാസമായി പലരുടെയും സഹായത്താലാണു കഴിഞ്ഞുകൂടുന്നത്. ബഹ്റൈനിൽ വച്ചു പരിചയപ്പെട്ട യുവാവ് നാട്ടിൽ ഭാര്യയും മക്കളുമുള്ള കാര്യം മറച്ചു വച്ചാണു യുവതിയെ ഇവിടെ വിവാഹം ചെയ്‍തത്.

കുട്ടി ആയതോടെ ഇവരിൽനിന്ന് അകലുകയും ഒരു ദിവസം ആരോടും പറയാതെ നാട്ടിലേക്കു പോകുകയുമായിരുന്നു. തുടർന്ന്, മറ്റുള്ളവരുടെ സഹായത്താൽ കുറഞ്ഞ വാടകയുള്ള ഒരു മുറിയിലേക്കു മാറിയ യുവതി സാമൂഹികപ്രവർത്തകനായ ബഷീർ അമ്പലായിയുടെ സഹായത്തോടെയാണ് ഇന്ത്യൻ എംബസിയിലെത്തിയത്. ഭർത്താവിനെതിരെ നിയമനടപടികൾ സ്വീകരിക്കാനുള്ള സംവിധാനം ഉണ്ടാക്കാമെന്ന് എംബസി അധികൃതർ അറിയിച്ചു. നാട്ടിലേക്കു പോകുന്നതിനുള്ള രേഖകളും മറ്റും ശരിയാക്കാനുള്ള നടപടികൾക്കായി അടുത്ത ദിവസം എംബസിയിൽ വീണ്ടും എത്താൻ അധികൃതർ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Your Rating: