Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി യുവതിയെ ജോലിക്കു കൊണ്ടുവന്ന് പീഡനമെന്നു പരാതി

മനാമ ∙ വീട്ടുവേലയ്ക്കായി ബഹ്റൈനിലെത്തിയ സ്ത്രീയെ മലയാളി പീഡിപ്പിക്കുന്നതായുള്ള പരാതിയിൽ നിയമനടപടിക്കു സാമൂഹിക പ്രവർത്തകർ രംഗത്ത്. യാത്രാവിലക്കുമൂലം, കാൻസർ രോഗിയായ മാതാവിനെ കാണാൻ നാട്ടിൽ പോകാൻ കഴിയാതെവന്നതിനെ തുടർന്നാണ് യുവതി തന്റെ ദുരിതകഥ വിവരിക്കുന്ന ഓഡിയോ ക്ലിപ് സാമൂഹിക പ്രവർത്തകർക്ക് അയച്ചത്. ഇതു വിവിധ പ്രവാസി ഗ്രൂപ്പുകളിൽ ചർച്ചയായതോടെ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായിയുടെ നേതൃത്വത്തിലാണു വിഷയത്തിൽ ഇടപെട്ടത്.

ഭർത്താവു മരിച്ച യുവതിയെ വീട്ടുവേലയ്ക്കെന്ന പേരിലാണു മലയാളി കുടുംബം ബഹ്റൈനിൽ എത്തിച്ചത്. ഇവർക്കു നാലു വയസ്സുള്ള മകളുമുണ്ട്. വീസയുടെ പണം ബഹ്റൈനിൽ എത്തിയശേഷം തന്നാൽ മതിയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, ഇവിടെ എത്തിയശേഷം മുറിയിൽ അടച്ചിട്ടു പീഡിപ്പിച്ചെന്നു യുവതി പറയുന്നു. പീഡനംമൂലം വീട്ടിൽനിന്നു രക്ഷപ്പെട്ട യുവതി പിന്നീടു സ്വകാര്യ ആശുപത്രിയിൽ ജോലി നേടി. ഇവിടേക്കു വീസ മാറ്റാൻ ശ്രമിച്ചപ്പോൾ, തന്റെ കൂടെ ജീവിക്കാനാണു നാട്ടിൽനിന്നു കൊണ്ടുവന്നതെന്നും പറയുന്നതെല്ലാം അനുസരിച്ചില്ലെങ്കിൽ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ‍വിഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നു യുവതി പറയുന്നു.

വീസയുടെ പണത്തിനുള്ള ഉറപ്പിനെന്നു പറഞ്ഞു കടലാസിൽ ഒപ്പും വാങ്ങി. പല ഘട്ടങ്ങളിലായി യുവതിയിൽനിന്ന് ഇയാൾ വീസയുടെ പണം വാങ്ങിയതായി ആരോപണമുണ്ട്. മാതാവിനു രോഗം മൂർച്ഛിച്ചതിനെ തുടർന്നു യുവതി നാട്ടിൽ പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണു യാത്രാവിലക്കുള്ള വിവരം അറിയുന്നത്. തുടർന്നു ടിക്കറ്റിന്റെ പണം നഷ്ടപ്പെട്ടു നിരാശയായി മടങ്ങേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ആവശ്യപ്പെട്ടത്. യാത്രാവിലക്കു മാറ്റിക്കിട്ടാൻ ഇന്ത്യൻ എംബസിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ എംബസിക്കു നൽകിയ പരാതിയിൽ ലൈംഗിക പീഡനത്തെക്കുറിച്ചു പരാമർശമില്ല.

Your Rating: