Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉച്ചവിശ്രമം: 99% കമ്പനികളും പാലിക്കുന്നുണ്ടെന്ന് ബഹ്റൈൻ തൊഴിൽ മന്ത്രാലയം

sun

മനാമ ∙ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഏർപ്പെടുത്തിയ ഉച്ചവിശ്രമ നിയമം രാജ്യത്തെ 99 ശതമാനം കമ്പനികളും തൊഴിലുടമകളും പാലിക്കുന്നുണ്ടെന്നു തൊഴിൽ-സാമൂഹികവികസന മന്ത്രാലയം തൊഴിൽകാര്യ അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അലി അൽസാരി വ്യക്തമാക്കി. തുറന്ന സ്ഥലങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ വൈകിട്ടു നാലുവരെയാണു തൊഴിൽ നിരോധനം ഏർപ്പെടുത്തിയത്. നിയമം പാലിക്കപ്പെടുന്നതായി ഉറപ്പാക്കാൻ കഴിഞ്ഞ മാസം മന്ത്രാലയം വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ചില സ്ഥലങ്ങളിൽ വകുപ്പുമന്ത്രി നേരിട്ടുതന്നെ മിന്നൽ പരിശോധനയ്ക്കെത്തി. അതിനിടെ, കഴിഞ്ഞമാസം കണ്ടെത്തിയ 64 നിയമലംഘനങ്ങളിൽ 120 തൊഴിലാളികൾ പിടിയിലായെന്നും അദ്ദേഹം അറിയിച്ചു.

നിയമം ലംഘിച്ച കമ്പനികൾക്കെതിരായ കേസുകൾ പബ്ലിക് പ്രോസിക്യൂഷനു കൈമാറുമെന്ന് അൽസാരി പറഞ്ഞു. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിലും അവർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിലും വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നിർമാണമേഖലയിലെ തൊഴിലാളികൾക്കു സുരക്ഷാ മുന്നറിയിപ്പുമായി ലഘുലേഖകൾ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിയമം ലംഘിക്കുന്ന കമ്പനികളിൽനിന്ന് 500 ദിനാറിൽ കുറയാത്ത പിഴ ഈടാക്കും. 2012ലെ പുതിയ തൊഴിൽ നിയമമനുസരിച്ചു വീട്ടുജോലിക്കാർക്കും ഈ ഇളവ് ബാധകമാണ്. എന്നാൽ വീടുകളിൽ പരിശോധന നടത്താനുള്ള അധികാരം ലേബർ ഇൻസ്പെക്ടർക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Your Rating: