Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈനിലെ പ്രമുഖ പ്രതിപക്ഷ സംഘടനക്ക് താത്കാലിക നിരോധനം

മനാമ​∙ ബഹ്റൈനിലെ പ്രമുഖ പ്രതിപക്ഷ സംഘടനയായ അല്‍ വഫാഖിനെ സര്‍ക്കാര്‍ താല്‍ക്കാലികമായി നിരോധിച്ചു. 2011ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഷിയ അനുകൂല സംഘടനയായ അല്‍ വെഫാഖ് ആയിരുന്നു. ബഹ്റൈന്‍ നീതിന്യായ മന്ത്രാലയമാണ് രാജ്യത്തിന്‍റെ സുരക്ഷാ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി അല്‍ ​വഫാഖ് പ്രസ്ഥാനത്തെ നിരോധിക്കുന്നതായി അറിയിച്ചത്.

സംഘടനയുടെ എല്ലാ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും സര്‍ക്കാര്‍ മരവിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ നടപടി സംബന്ധിച്ച് അല്‍ വെഫാഖ് ഇതു വരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രതിപക്ഷ സംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് കര്‍ക്കശമാക്കുന്നുവെന്ന സൂചനകളാണ് ബഹ്റൈനില്‍ നിന്ന് ലഭിക്കുന്നത്. പ്രതിപക്ഷ സംഘടനാ നേതാക്കളില്‍ ഒരാളായ നബീല്‍ റജാബിനെ കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു നേതാവ് സെയ്നാബ് അല്‍ ഖവാജ അറസ്റ്റ് ഭയന്ന് ഡെന്‍മാര്‍ക്കില്‍ അഭയം തേടുകയും ചെയ്തു.

അല്‍ ​വഫാഖിന്‍റെ നേതാവായിരുന്ന അലി അല്‍ സല്‍മാന്‍റെ ശിക്ഷാ കാലാവധി ബഹ്റൈന്‍ കോടതി നാലു വര്‍ഷത്തില്‍ നിന്ന് ഒന്പത് വര്‍ഷമായി കഴിഞ്ഞ മാസം വര്‍ധിപ്പിച്ചിരുന്നു. അല്‍ ​വഫാഖ് അടക്കമുള്ള സംഘടനകളെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്യുകയും ചെയ്തിട്ടുണ്ട്. ബഹ്റൈനില്‍ രാഷ്ട്രീയ നേതാക്കള്‍ മതപ്രഭാഷണം നടത്തുന്നതിനും മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് പുതിയ നിയമഭേദഗതി. 

Your Rating: