Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎംസിസിക്ക് ബിഡിഎഫ് റോയൽ മെഡിക്കൽ സർ‍വീസ് പുരസ്‌കാരം

kmcc ബഹ്‌റിനിലെ ഏറ്റവും മികച്ച രക്തദാന പ്രവർ‍ത്തനത്തിനുള്ള പ്രതിരോധ മന്ത്രാലയത്തിന്റ റോയൽ‍ മെഡിക്കൽ സർ‍വീസ് പുരസ്‌കാരവും സർ‍ട്ടിഫിക്കറ്റും  ബ്രിഗേഡിയർ ഡോ. അബ്ദുല്ല ഡാർ‍വിഷിൽ‍ നിന്നു കെ.എം.സി.സി ‘ജീവസ്പർ‍ശം’ജനറൽ കൺ‍വീനർ എ.പി ഫൈസലും കൺ‍വീനർ ഫൈസൽ‍ കോട്ടപ്പള്ളിയും ഏറ്റുവാങ്ങുന്നു.

ബഹ്റൈൻ∙ ഏറ്റവും മികച്ച രക്തദാന പ്രവർ‍ത്തനത്തിന് ബഹ്റൈൻ കെ.എം.സി.സിക്ക് ബഹ്റൈൻ പ്രതിരോധ മന്ത്രാലയം റോയൽ‍ മെഡിക്കൽ സർ‍വീസ് പുരസ്‌കാരവും സർ‍ട്ടിഫിക്കറ്റും നൽകി.  ബ്രിഗേഡിയർ ഡോ. അബ്ദുല്ല ഡാർ‍വിഷിൽ‍ നിന്നു കെ.എം.സി.സി ‘ജീവസ്പർ‍ശം’ജനറൽ കൺ‍വീനർ എ.പി ഫൈസലും കൺ‍വീനർ ഫൈസൽ‍ കോട്ടപ്പള്ളിയും പുരസ്‌കാരം ഏറ്റുവാങ്ങി.

രക്തദാന പ്രവർ‍ത്തന രംഗത്ത് ഇന്ത്യൻ സമൂഹം നൽ‍കുന്ന സേവനം മഹത്തരമാണെന്നു ചടങ്ങിൽ ബ്രിഗേഡിയർ ഡോ. അബ്ദുല്ല ഡാർ‍വിഷ് പറഞ്ഞു. കഴിഞ്ഞ ദേശീയ ദിനത്തോടനുബന്ധിച്ചു ബി.ഡി.എഫ് ആശുപത്രിയിൽ നടത്തിയ രക്തദാന ക്യാന്പിൽ‍ നൂറിലധികം പേർ പങ്കെടുത്തിരുന്നു. സൽമാനിയ മെഡിക്കൽ സെന്ററിൽ പത്തു ക്യാന്പുകളിലായി 2000ത്തിലധികം പേർ ഇതുവരെ കെ.എം.സി.സി രക്തദാനം നടത്തിയിരുന്നു.  ഈ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ബി.ഡി.എഫ് അവാർഡ് നൽകിയിരിക്കുന്നത്. 

രക്തദാനത്തിൽ ബഹ്‌റൈനിൽ  ജീവസ്സുറ്റ പ്രവർത്തനങ്ങളാണു കെ.എം.സി.സിയുടെ ‘ജീവസ്പർ‍ശം’ വർ‍ഷങ്ങളായി നിർ‍വഹിച്ചു വരുന്നത്. രക്ത ദാനം ജീവദാനമാണെന്ന ആപ്തവാക്യം ഹൃദയത്തോടു ചേർ‍ത്തുവെച്ചുള്ള കെ.എം.സി.സിയുടെ ഈ പ്രവർത്തനം നിരവധി ജീവനുകൾ‍ക്ക് തുണയായതായി ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ‍ ഈ പദ്ധതി പ്രകാരം ജീവരക്തം സ്വീകരിച്ച് ജീവിതത്തിലേക്കു തിരിച്ചെത്തിയവർ‍ 2200ലധികമാണ്.

മികച്ച രക്തദാന പ്രവർത്തനത്തിനു ബഹ്‌റൈൻ‍ ആരോഗ്യ മന്ത്രിയുടെ പ്രത്യേക പ്രശംസാപത്രം ഈ പദ്ധതി നേരത്തെ തേടിയിരുന്നു.  പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർ‍ഥമാണ് പദ്ധതി ആവിഷ്‌കരിച്ചത്. രക്തദാനത്തിനായി jeevasparsham.com എന്ന പേരിൽ ഒരുവെബ്‌സൈറ്റും പ്രവർ‍ത്തനം ആരംഭിച്ചിട്ടുണ്ട്.  അടിയന്തിര ഘട്ടത്തിൽ‍ രക്തം ലഭ്യമാക്കാൻ 24 മണിക്കൂറും ലഭ്യമാകുന്ന ഡയറക്ടറിയും സജ്ജമാണ്.

രക്തം ആവശ്യമുള്ളവർ‍ക്ക് എസ്.എം.എസിലൂടെ സേവനം എത്തിക്കാൻ‍ കഴിയുന്ന സംവിധാനവും നിലവിലുണ്ട്. രക്ത ദാനത്തിനു മാത്രമായി ജി.സി.സിയിൽ ആദ്യമായി ബ്ലഡ് ബുക്ക് എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ‍ കെ.എം.സി.സി ഉടൻ പുറത്തിറക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. പുരസ്‌കാര സമർപ്പണ ചടങ്ങിൽ ബി.ഡി.എഫ് രക്ത ബാങ്ക് മേധാവി ഡോ. ഗഥാ അമീൻ‍, അഷ്‌റഫ് തോടന്നൂർ‍, പി അബ്ദുൽ ഹമീദ് എന്നിവരും സംബന്ധിച്ചു. 

Your Rating: