Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈനിൽ ഉച്ചവിശ്രമ നിയമലംഘനം; 25 സ്ഥാപനങ്ങൾക്ക് എതിരെ നടപടി

mid-day-break

മനാമ∙ ഉച്ചവിശ്രമം നിലവിൽ വന്നു രണ്ടാഴ്ച പിന്നിട്ടപ്പോൾ നടത്തിയ മിന്നൽ പരിശോധനയിൽ 25 സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. നാലു ഗവർണറേറ്റിലെയും കൂടിയുള്ള കണക്കാണിത്. 1,473 തൊഴിലിടങ്ങളിലാണു ലേബർ ഇൻസ്പെക്ടർമാർ പരിശോധന നടത്തിയത്. 95% സ്ഥാപനങ്ങളും നിയമം പാലിക്കുന്നതായി തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിലെ ലേബർ അഫയേഴ്സ് അണ്ടർ സെക്രട്ടറി സബാഹ് അദ്ദൂസരി വ്യക്തമാക്കി. നിർമാണ മേഖലയിലെ സ്ഥാപനങ്ങളിലാണു നിയമലംഘനങ്ങൾ കണ്ടെത്തിയതെന്നും ഇവരുടെ പേരുവിവരങ്ങൾ നിയമ നടപടിക്കായി പബ്ലിക് പ്രോസിക്യൂഷനു കൈമാറിയെന്നും അധികൃതർ അറിയിച്ചു.

നിരോധിത സമയത്ത് 56 പേർ പുറംജോലി ചെയ്യുന്നതായി കണ്ടെത്തി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദൂസരി ആവർത്തിച്ചു. ഉച്ചയ്ക്കു 12 മുതൽ വൈകിട്ടു നാലുവരെയാണ് ഉച്ചവിശ്രമം അനുവദിക്കേണ്ടത്. ക്ലീനിങ് കമ്പനികൾക്കും ഇളവ് നൽകില്ല. നോർതേൺ, സതേൺ ഗവർണറേറ്റുകളിലെ മാലിന്യനീക്ക പ്രതിസന്ധി പരിഹരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ഇപ്പോൾ മാലിന്യനീക്കത്തിന്റെ ചുമതലയുള്ള സ്പാനിഷ് കമ്പനി അധികൃതർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അണ്ടർ സെക്രട്ടറിയുടെ വിശദീകരണം. 2012ൽ പുതിയ തൊഴിൽ നിയമം വന്നതോടെ, വീട്ടുജോലിക്കാർക്കും ഉച്ചവിശ്രമ ഇളവിന് അർഹതയുണ്ട്.

എന്നാൽ, ഇതു പരിശോധിക്കാൻ സ്വകാര്യ ഭവനങ്ങളിൽ പ്രവേശിക്കാനുള്ള അധികാരം ലേബർ ഇൻസ്പെക്ടർമാർക്കില്ല. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലേക്കാണു നിരോധനമെങ്കിലും കാലാവസ്ഥയിൽ വന്ന മാറ്റം പരിഗണിച്ച് ഇതു സെപ്റ്റംബർ പകുതി വരെയെങ്കിലും ദീർഘിപ്പിക്കണമെന്നു പലരും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇതിനോടു സർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടില്ല. വേനലിൽ ഉച്ച സമയത്തെ പുറംജോലി നിരോധനം ലംഘിക്കുന്നവരെ കണ്ടെത്താനായി ബഹ്റൈൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് ക്യാംപെയ്ൻ തുടങ്ങി. എല്ലാവരും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണു ലക്ഷ്യം. 2007ൽ ഉച്ച വിശ്രമം ജിസിസിയിൽ ആദ്യമായി ഏർപ്പെടുത്തിയത് ബഹ്റൈനാണ്.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്കു വാട്സാപ്പിലോ (36455424), manama555@hotmail.com എന്ന മെയിലിലേക്കോ ഫോട്ടോ എടുത്ത് അയയ്ക്കാം.

 

Your Rating: