Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാനലുകളും വാർത്താ സൈറ്റുകളും കർശന നിരീക്ഷണത്തിൽ

news

കുവൈത്ത് സിറ്റി ∙ ഉപഗ്രഹ ചാനലുകളും ഓൺലൈൻ വാർത്താ സൈറ്റുകളും കർശന നിരീക്ഷണത്തിനു വിധേയമാക്കുമെന്ന് കുവൈത്ത് വാർത്താവിതരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇവ ലൈസൻസ് സമ്പാദിക്കണമെന്ന് ഈയിടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അടുത്തവർഷം ജൂലൈവരെയാണ് ലൈസൻസിന് അപേക്ഷിക്കാനുള്ള കാലാവധി. അതിനുശേഷവും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വാർത്താ സൈറ്റുകൾക്കും ഉപഗ്രഹചാനലുകൾക്കുമെതിരെ നടപടിയുണ്ടാകുമെന്നു വാർത്താവിതരണ മന്ത്രാലയത്തിലെ ഇലക്‌ട്രോണിക്‌സ് മീഡിയ വിഭാഗം ഡയറക്‌ടർ ലാഫി അൽസുബൈഅ് അറിയിച്ചു.

ലൈസൻസ് നേടണമെന്ന് ഉത്തരവ് ഇറങ്ങിയശേഷം സെപ്‌റ്റംബർ അവസാനംവരെ 280 അപേക്ഷകളാണ് ലഭിച്ചത്. അവയിൽ 27എണ്ണത്തിന് അനുമതി നൽകി. 118 അപേക്ഷകൾ നിരാകരിച്ചു.135 അപേക്ഷകൾ തീരുമാനമെടുക്കാൻ മാറ്റിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയ്ക്കുശേഷം ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വാർത്താ സൈറ്റുകൾക്കും ഉപഗ്രഹ ചാനലുകൾക്കും 500– 5000 ദിനാർ പിഴ ചുമത്തും. സൈറ്റുകൾഅടച്ചുപൂട്ടുകയും ചെയ്യും. കുറഞ്ഞതു സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസവും 21 വയസ്സിനുമേൽ പ്രായവുമുള്ള സ്വദേശികൾക്കാണ് ലൈസൻസിന് അപേക്ഷിക്കാൻ യോഗ്യത. കുറ്റകൃത്യങ്ങളിലൊന്നും ഉൾപ്പെടാത്തവരുമായിരിക്കണം. ലൈസൻസ് ഉടമ മരിച്ചാൽ അടുത്ത ബന്ധുവിന്റെ പേരിൽ മാറ്റാൻ സാധിക്കും. അതു സംബന്ധിച്ച രേഖകൾ മൂന്നുമാസത്തിനകം ഹാജരാക്കിയിരിക്കണം.

പത്തുവർഷമാണ് ലൈസൻസ് കാലാവധി. അതുകഴിഞ്ഞാൽ പുതുക്കാൻ അപേക്ഷ നൽകണം. 500 ദിനാറാണ് ലൈസൻസ് ഫീസ്. ലൈസൻസ് റദ്ദാക്കപ്പെടുന്ന സാഹചര്യത്തിൽ തുക തിരിച്ചുനൽകും. അതേസമയം ലൈസൻസ് കാലാവധിക്കിടെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുകയും സൈറ്റ് അടച്ചുപൂട്ടുകയും ചെയ്യും. വ്യക്‌തിഗത സൈറ്റുകളുമായി ബന്ധപ്പെട്ട നടപടികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാകും. മറ്റുള്ളവർ വാർത്താവിതരണ മന്ത്രാലയത്തിന്റെ ചുമതലയിലും. ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായ മുഴുവൻ സൈറ്റുകളും സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്ന് സുബൈഅ് പറഞ്ഞു. സമഗ്രമായ മാധ്യമനിയമം നിലവിലുള്ള രാജ്യമാണ് കുവൈത്ത് എന്ന് അദ്ദേഹം പറഞ്ഞു.

ഓൺലൈൻ വാർത്താ സൈറ്റുകളായാലും മറ്റുള്ളവരുടെ അവകാശത്തിനുമേൽ കടന്നുകയറും വിധമുള്ള പ്രവർത്തനങ്ങൾ അംഗീകരിക്കില്ല. അറസ്‌റ്റ് ചെയ്യാൻ അവകാശമുള്ളവർ ഉൾപ്പെടെയുള്ള ജീവനക്കാരാണ് നിരീക്ഷണത്തിനു മേൽനോട്ടം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.