Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പോൺസറോടൊപ്പം വിദേശയാത്ര: മുന്‍കൂർ അനുമതി വേണം

കുവൈത്ത് സിറ്റി ∙ ഗാർഹികത്തൊഴിലാളികൾ വിദേശയാത്രകളിൽ സ്‌പോൺസറെ അനുഗമിക്കുന്നുവെങ്കിൽ താമസാനുമതികാര്യ വിഭാഗം ഓഫിസിൽ നേരിട്ട് ഹാജരായി അനുമതി വാങ്ങണമെന്നു പൊതു താമസാനുമതികാര്യ വിഭാഗം ഡയറക്‌ടർ ജനറൽ മേജർ ജനറൽ തലാൽ അൽ മറാഫി അറിയിച്ചു. സ്‌പോൺസർ സ്വദേശിയാണെങ്കിൽ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. ഗാർഹികത്തൊഴിൽ നിയമത്തിലെ നിലവിലുള്ള വ്യവസ്‌ഥ അനുസരിച്ചാണു നടപടി. കുവൈത്തിനു പുറത്തു ജോലി ചെയ്യണമെന്നു തന്റെ കീഴിലുള്ളവരോടു നിർദേശിക്കാൻ ഗാർഹികത്തൊഴിൽ നിയമം അനുവദിക്കുന്നില്ല. ഗാർഹികത്തൊഴിലാളിയുടെ സമ്മതം കൂടാതെ ജോലി ചെയ്യുന്നതിനു വിദേശത്തേക്കു കൊണ്ടുപോകാൻ തുനിഞ്ഞാൽ സ്‌പോൺസറുടെ ചെലവിൽ തൊഴിലാളിയെ അവരുടെ രാജ്യത്തേക്ക് അയയ്ക്കാമെന്നാണ് നിയമവ്യവസ്‌ഥയെന്നും അദ്ദേഹം വ്യക്‌തമാക്കി. അതേസമയം, വിദേശത്ത് ആറുമാസത്തിൽ കൂടുതൽ കഴിയേണ്ടിവരും വിധമാണ് ഗാർഹിക തൊഴിലാളികളെ കൊണ്ടുപോകുന്നതെങ്കിൽ സ്‌പോൺസർ മുൻകൂറായി വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. ആറുമാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തുനിന്നാൽ വീസ റദ്ദാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ തീരുമാനമെന്നും തലാൽ അൽ മറാഫി അറിയിച്ചു.

റിക്രൂട്മെന്റ് സ്ഥാപനം പൂട്ടിച്ചു 

ഗാർഹികത്തൊഴിലാളി റിക്രൂട്‌മെന്റ് സ്‌ഥാപനമെന്ന പേരിൽ പ്രവർത്തിച്ച രണ്ട് ഓഫിസുകൾ സുരക്ഷാവിഭാഗം അടച്ചുപൂട്ടിച്ചു. വീട്ടുവേലക്കാരായി കുവൈത്തിൽ പ്രവേശിച്ചശേഷം തൊഴിലിടങ്ങളിൽനിന്ന് ഒളിച്ചോടിയവരെ ഉപയോഗിച്ചു പ്രവർത്തിക്കുന്നവയാണ് ഓഫിസുകളെന്നു കണ്ടെത്തി.

ഇത്യോപ്യയിൽനിന്നുള്ള ഏതാനും പേരെ പിടികൂടിയിട്ടുമുണ്ട്. ഒളിച്ചോട്ടത്തിനു തൊഴിലുടമ നൽകിയ പരാതി പ്രകാരം പൊലീസ് അന്വേഷിക്കുന്ന ആളാണ് ഓഫിസ് നടത്തിപ്പുകാരനെന്നും വ്യക്‌തമായതായി അധികൃതർ വെളിപ്പെടുത്തി. മണിക്കൂർ അടിസ്‌ഥാനത്തിൽ ഗാർഹികത്തൊഴിലാളികളെ നൽകുന്ന ഏഷ്യൻ വംശജയാണ് പിടിയിലായ മറ്റൊരാൾ. ഒരു ഇന്ത്യക്കാരിയെയും ഒൻപതു ശ്രീലങ്കക്കാരെയും അവിടെനിന്നു പിടികൂടി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.