Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്ത് കാത്തിരിക്കുന്ന ജനവിധി രണ്ടു മാസത്തിനുള്ളിൽ

കുവൈത്ത് സിറ്റി ∙ പാർലമെന്റ് പിരിച്ചുവിട്ടതോടെ കുവൈത്തിൽ പുതിയ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്നു. ഭരണഘടനയനുസരിച്ചു പാർലമെന്റ് പിരിച്ചുവിട്ടാൽ രണ്ടുമാസത്തിനകം തിരഞ്ഞെടുപ്പു നടത്തണം. നിലവിലുള്ള സ്ഥിതിഗതികൾ വിശദമായി ചർച്ച ചെയ്തശേഷമാണു മന്ത്രിസഭ പാർലമെന്റ് പിരിച്ചുവിടാൻ ശുപാർശ ചെയ്തത്. രാജ്യം നേരിടുന്ന വെല്ലുവിളികൾ ഫലപ്രദമായി നേരിടാൻ യഥാർഥ ശക്‌തികളായ ജനങ്ങളിലേക്ക് ഇറങ്ങാനും അവരിൽനിന്നു പ്രാപ്‌തരായ പ്രതിനിധികളെ കണ്ടെത്താനുമാണു തീരുമാനമെന്നു ക്യാബിനറ്റ്‌ കാര്യമന്ത്രി ഷെയ്‌ഖ് മുഹമ്മദ് അബ്‌ദുല്ല അൽ മുബാറക് അൽ സബാഹ് അറിയിച്ചു.

കുവൈത്തിൽ 2013 ജൂലൈ 27ന് ആയിരുന്നു ഇതിനു മുൻപു തിരഞ്ഞെടുപ്പ്. പാർലമെന്റ് പിരിച്ചുവിട്ടില്ലായിരുന്നുവെങ്കിൽ അടുത്തവർഷമാണു പൊതുതിരഞ്ഞെടുപ്പു നടക്കേണ്ടിയിരുന്നത്. ഇതുസംബന്ധിച്ച ചർച്ചകൾ സജീവമായി വരുന്നതിനിടെയാണ് പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് വന്നത്. കഴിഞ്ഞ ദിവസം രണ്ടു മന്ത്രിമാർക്കെതിരെ നാല് എംപിമാർ കുറ്റവിചാരണ നോട്ടിസ് നൽകിയതിനു പിന്നാലെ ആഭ്യന്തരസുരക്ഷാ രംഗത്തും സാമ്പത്തിക രംഗത്തും വർധിച്ചുവരുന്ന വെല്ലുവിളികളുടെ പശ്‌ചാത്തലത്തിൽ പുതിയ തിരഞ്ഞെടുപ്പിന് അവസരമൊരുക്കാൻ സ്‌പീക്കർ മർസൂഖ് അൽ ഗാനിം അഭ്യർഥിച്ചിരുന്നു.

നിലവിലുള്ള സാഹചര്യം മറികടക്കാൻ പുതിയ സർക്കാരും പാർലമെന്റും അനിവാര്യമാണെന്നും ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം അമീർ ഉൾപ്പെടെയുള്ളവരെ സ്പീക്കർ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകൾ പ്രതിപക്ഷ ഗ്രൂപ്പുകൾ ബഹിഷ്‌കരിച്ചിരുന്നു. അവയിൽ പലതും വരുന്ന തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.