Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർലമെന്റ് തിരഞ്ഞെടുപ്പ് നവംബർ 26ന്

കുവൈത്ത് സിറ്റി ∙ പാർലമെന്റ് തിരഞ്ഞെടുപ്പു നവംബർ 26നു നടത്താൻ മന്ത്രിസഭാ തീരുമാനം. നിലവിലുള്ള പാർലമെന്റ് കാലാവധി തികയ്‌ക്കാൻ ഒൻപതുമാസം ശേഷിക്കെ ഞായറാഴ്‌ചയാണു പിരിച്ചുവിട്ടത്. പാർലമെന്റ് പിരിച്ചുവിട്ടാൽ 60 ദിവസത്തിനകം തിരഞ്ഞെടുപ്പു നടത്തണമെന്നാണു ഭരണഘടനാ വ്യവസ്‌ഥ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ മുന്നോടിയായി പൊതുമരാമത്ത് –പാർലമെന്റ് കാര്യമന്ത്രി അലി അൽ സാലെ അൽ ഉമർ, വാർത്താവിനിമയ–മുനിസിപ്പൽ കാര്യമന്ത്രി ഈസ അഹമ്മദ് അൽ കന്ദരി, നീതിന്യായ–മതകാര്യ–ഔഖാഫ് മന്ത്രി യാഖൂബ് അൽ സനാഇ എന്നിവർ രാജിവച്ചു.

മന്ത്രിസ്‌ഥാനത്തിരുന്നുകൊണ്ടു മത്സരിക്കാൻ വ്യവസ്‌ഥയില്ലാത്തതിനാലാണു രാജി. അഞ്ചു മണ്ഡലങ്ങളിൽനിന്നായി 10 പേരെ വീതമാണു തിരഞ്ഞെടുക്കുന്നത്. പെട്രോൾ വിലവർധന സജീവചർച്ചയായതിനു പിന്നാലെയാണ് ഇക്കുറി തിരഞ്ഞെടുപ്പു നടക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ഏഴാം തവണയാണു കുവൈത്ത് പാർലമെന്റ് പിരിച്ചുവിടുന്നത്.

2013 ജൂലൈയിൽ തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റാണ് ഇപ്പോൾ പിരിച്ചുവിട്ടത്. ബാക്കി ആറിനും മാസങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാരണങ്ങളും പലതായിരുന്നു. മേഖലയിലെ സംഭവവികാസങ്ങളും രാജ്യത്തിനകത്തെ സ്‌ഥിതിഗതികളും ചൂണ്ടിക്കാട്ടിയാണു പിരിച്ചുവിടൽ എന്നതാണ് ഇത്തവണത്തെ പ്രത്യേകത. സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനുള്ള ജനസമ്മതി നേടുന്നതിനാണു പാർലമെന്റ് പിരിച്ചുവിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.

തിരഞ്ഞെടുപ്പ്

കുവൈത്തിൽ 21 തികഞ്ഞ സ്വദേശികൾക്കാണു വോട്ടവകാശം. സൈനികർക്കും പൊലീസുകാർക്കും വോട്ടില്ല. സ്‌ഥാനാർഥിയാകാൻ 30 വയസ്സ് തികയണം. അറബിക് എഴുതാനും വായിക്കാനും അറിയണം. അമീർ, മന്ത്രിമാർ, ജഡ്‌ജിമാർ, സൈനികർ, പൊലീസുകാർ എന്നിവർക്കു മൽസരിക്കാനാകില്ല. മത്സരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നാമനിർദേശ പത്രിക നൽകുന്നതിനു മുൻപു രാജിവയ്ക്കണം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.